വാഷിങ്ടൺ ഡി.സി: ഇറാനെ ആക്രമിക്കുന്നതിൽ നിന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ തടയുന്നതിന് ബിൽ അവതരിപ്പിച്ച് മുതിർന്ന സെനറ്റർ ബേണി സാൻഡേഴ്സ്. സാൻഡേഴ്സിന്‍റെ 'നോ വാർ എഗയിൻസ്റ്റ് ഇറാൻ ആക്ട്' ഫെഡറൽ ഫണ്ടുകൾ യു.എസ് കോൺഗ്രസിന്‍റെ അനുമതിയില്ലാതെ ഇറാനെതിരെയുള്ള സൈനിക നടപടികൾക്ക് ഉപയോഗിക്കുന്നത് തടയുന്നതാണ്.
'നെതന്യാഹുവിന്‍റെ അശ്രദ്ധവും അന്യായവുമായ ആക്രമണം അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നതാണ്. ഒരു പ്രാദേശിക യുദ്ധത്തിന് വഴിതെളിക്കുന്നതാണ്. നെതന്യാഹുവിന്‍റെ ഇഷ്ടപ്രകാരമുള്ള യുദ്ധത്തിലേക്ക് യു.എസ് വലിച്ചിഴക്കപ്പെടില്ലായെന്ന് കോൺഗ്രസ് ഉറപ്പാക്കണം' -ഡെമോക്രാറ്റുകളുമായി സഹകരിക്കുന്ന വെർമോണ്ടിൽ നിന്നുള്ള സ്വതന്ത്ര സെനറ്ററായ സാൻഡേഴ്സ് പ്രസ്താവനയിൽ പറഞ്ഞു.
യുദ്ധത്തിനും സമാധാനത്തിനുമുള്ള അധികാരം നമ്മുടെ രാഷ്ട്രപിതാക്കന്മാർ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസിനാണ് നൽകിയിട്ടുള്ളത്. കോൺഗ്രസിന്‍റെ വ്യക്തമായ അനുമതിയില്ലാതെ മറ്റൊരു ചെലവേറിയ യുദ്ധം ആരംഭിക്കാൻ പ്രസിഡന്റിന് അധികാരമില്ലെന്ന് നാം വ്യക്തമാക്കേണ്ടത് അത്യാവശ്യമാണ്. പശ്ചിമേഷ്യയിലെ മറ്റൊരു യുദ്ധം എണ്ണമറ്റ ജീവനുകൾ നഷ്ടപ്പെടുത്തുകയും, ട്രില്യൺ കണക്കിന് ഡോളർ പാഴാക്കുകയും, കൂടുതൽ മരണങ്ങൾക്കും, കൂടുതൽ സംഘർഷങ്ങൾക്കും, കൂടുതൽ പലായനത്തിനും കാരണമാവുകയും ചെയ്യും -സാൻഡേഴ്സ് പറഞ്ഞു.
മസാചുസെറ്റ്സ് സെനറ്റർ എലിസബത്ത് വാറൻ ഉൾപ്പെടെ നിരവധി ഡെമോക്രാറ്റുകളുടെ പിന്തുണയുണ്ടെങ്കിലും സാൻഡേഴ്സിന്‍റെ ബിൽ നിയമമാകാൻ സാധ്യതയില്ല. യു.എസ് പ്രതിനിധി സഭയിലും സെനറ്റിലും ഭരണകക്ഷിയായ റിപബ്ലിക്കൻമാർക്കാണ് ഭൂരിപക്ഷം. ബിൽ തന്‍റെ മുന്നിലെത്തിയാൽ വീറ്റോ ചെയ്യാനുള്ള അധികാരവും പ്രസിഡന്‍റിനുണ്ട്.
ഇറാൻ-ഇസ്രായേൽ സംഘർഷം അതിരൂക്ഷമാകുന്നതിനിടെ യു.എസ് പടക്കപ്പൽ പശ്ചിമേഷ്യ ലക്ഷ്യമിട്ട് നീങ്ങുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. യു.എസിന്‍റെ വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് നിമിറ്റ്സ് വിയറ്റ്നാമിൽ ഡോക്ക് ചെയ്യാനുള്ള മുൻതീരുമാനം റദ്ദാക്കി പശ്ചിമേഷ്യയെ ലക്ഷ്യമാക്കി നീങ്ങുകയാണ്. നിലവിൽ മലാക്ക കടലിടുക്കിലൂടെ ഇന്ത്യൻ സമുദ്രത്തിലേക്ക് നീങ്ങുകയാണ് കപ്പൽ. മേഖലയിലെ യു.എസ് കേന്ദ്രങ്ങളെ ഇറാൻ ലക്ഷ്യമിടുമോയെന്ന ആശങ്കയുടെ പുറത്താണ് യുദ്ധക്കപ്പൽ പശ്ചിമേഷ്യയിലേക്ക് അയക്കുന്നതെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.