വാഷിങ്ടൺ: ഇറാനെതിരായ യുദ്ധത്തിൽ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ അധികാരങ്ങൾ പരിമിതപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പ്രമേയം അമേരിക്കൻ സെനറ്റിൽ വീണ്ടും പരാജയപ്പെട്ടു. ഇത് നാലാം തവണയാണ് യുദ്ധാധികാര പ്രമേയം (War Powers Resolution) സെനറ്റിൽ തള്ളപ്പെടുന്നത്. 47-നെതിരെ 52 വോട്ടുകൾക്കാണ് പ്രമേയം തള്ളിയത്. ഇസ്രായേലുമായി ചേർന്ന് ട്രംപ് ഭരണകൂടം ആരംഭിച്ച യുദ്ധം ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡെമോക്രാറ്റുകൾ പ്രമേയം കൊണ്ടുവന്നത്.
വെടിനിർത്തൽ ചർച്ചകൾ നടക്കുന്നതിനിടെ ട്രംപ് നടത്തിയ പരാമർശങ്ങൾ വലിയ വിവാദമായിരുന്നു. "ഒരു വലിയ നാഗരികത ഇന്ന് രാത്രി ഇല്ലാതാകും" എന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളെ തടയണമെന്ന ആവശ്യം ശക്തമായത്. എന്നാൽ രാജ്യത്തെ സംരക്ഷിക്കാൻ പ്രസിഡന്റിന് കടമയുണ്ടെന്നും അതിൽ നിന്ന് പിന്നോട്ട് പോകില്ലെന്നുമാണ് റിപ്പബ്ലിക്കൻ നേതാക്കളുടെ നിലപാട്.
അമേരിക്കക്ക് ബില്യൺ കണക്കിന് ഡോളർ നഷ്ടപ്പെടുകയും അമേരിക്കൻ സൈനികരുടെ ജീവൻ ബലികൊടുക്കുകയും ചെയ്യുന്ന ഈ യുദ്ധത്തിന് മേൽനോട്ടം വഹിക്കാൻ സെനറ്റിലെ റിപ്പബ്ലിക്കൻ നേതൃത്വം തയ്യാറാകുന്നില്ല എന്നത് അത്ഭുതകരമാണെന്ന് യു.എസ് സെനറ്റർ ക്രിസ് മർഫി കുറ്റപ്പെടുത്തി. 1973-ലെ വാർ പവേഴ്സ് ആക്ട് പ്രകാരം കോൺഗ്രസിന്റെ അംഗീകാരം ലഭിച്ചില്ലെങ്കിൽ ട്രംപിന് സൈന്യത്തെ പിൻവലിക്കേണ്ടി വരും.
ഇതിനിടെ ഇറാനിലേക്കുള്ള എണ്ണക്കപ്പലുകൾ തടയുന്നതിനായി അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം ഹുർമുസ് കടലിടുക്കിൽ കർശനമായി തുടരുകയാണ്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ഇറാനിയൻ തുറമുഖങ്ങളിലേക്ക് പോകാൻ ശ്രമിച്ച 9 കപ്പലുകൾ യു.എസ് സൈന്യം തിരിച്ചയച്ചു. ഇറാനിലേക്കോ തിരിച്ചോ പോകുന്ന കപ്പലുകൾ ബലമായി പിടിച്ചെടുക്കുമെന്ന് യു.എസ് നേവി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ അമേരിക്കയുടെ നാവിക ഉപരോധം തുടരുകയാണെങ്കിൽ വെടിനിർത്തൽ ലംഘിക്കാൻ തങ്ങൾ നിർബന്ധിതരാകുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നിലവിൽ നിലനിൽക്കുന്ന രണ്ടാഴ്ചത്തെ വെടിനിർത്തൽ അടുത്ത ആഴ്ച അവസാനിക്കും. പാകിസ്താന്റെ മധ്യസ്ഥതയിൽ നടന്ന ആദ്യ ഘട്ട ചർച്ചകൾ ഫലമുണ്ടാക്കാത്ത പശ്ചാത്തലത്തിൽ രണ്ടാം ഘട്ട ചർച്ചക്ക് തയാറാണെന്ന് ട്രംപ് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.