ഇസ്രായേൽ സന്ദർശിക്കുന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് റൂബിയോക്കൊപ്പം പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു
ജറൂസലം: ഗസ്സ വെടിനിർത്തൽ കരാർ ചർച്ചകൾ രണ്ടാം ഘട്ടത്തിലേക്ക് നീങ്ങവേ പശ്ചിമേഷ്യൻ സന്ദർശനം തുടങ്ങി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ. ജനങ്ങളെ ഒഴിപ്പിച്ച് ഗസ്സ ഏറ്റെടുക്കുമെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സന്ദർശനം. ഇസ്രായേൽ, സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളാണ് സന്ദർശിക്കുന്നത്. ട്രംപിന്റെ പദ്ധതി തുടക്കത്തിൽ തന്നെ തള്ളിയ രാജ്യമാണ് സൗദി അറേബ്യ.
ആദ്യ സന്ദർശനത്തിൽ ഇസ്രായേലിലെത്തിയ റൂബിയോ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും ട്രംപിന്റെ ഗസ്സ പദ്ധതിയും ഇറാൻ, ലബനാൻ, സിറിയ തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്തു. ഗസ്സയിലുള്ള മുഴുവൻ ബന്ദികളെയും ഉടൻ വിട്ടയക്കണമെന്നാണ് ട്രംപിന്റെ നിലപാടെന്ന് റൂബിയോ പറഞ്ഞു.
ഗസ്സയുടെ ഭാവി സംബന്ധിച്ച് ട്രംപിന്റേത് പഴയ കാലഹരണപ്പെട്ട ആശയമല്ല. അങ്ങനെ രൂപരേഖ തയാറാക്കാൻ ധൈര്യവും കാഴ്ചപ്പാടും വേണം. ഹമാസിനെ ഗസ്സയിൽ തുടരാൻ അനുവദിക്കില്ല. ഹമാസിനെ പൂർണമായും തുടച്ചുമാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇറാനാണ് മേഖലയിൽ അസ്ഥിരതയുണ്ടാക്കുന്ന പ്രധാനശക്തിയെന്ന് ആരോപിച്ച റൂബിയോ, എല്ലാ ആക്രമണങ്ങളുടെയും ഭീകരവാദ സംഘടനകളുടെയും ദശലക്ഷങ്ങളുടെ സമാധാനവും സ്ഥിരതയും തകർക്കുന്നതിന്റെയും പിന്നിൽ അവരാണെന്നും കുറ്റപ്പെടുത്തി. ഇറാൻ ആണവശക്തിയാകാൻ ഒരിക്കലും സമ്മതിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയതാണെന്നും റൂബിയോ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.