ഇറാഖിലേക്കുള്ള പണമൊഴുക്ക് തടഞ്ഞ് അമേരിക്ക; ഇറാൻ അനുകൂല സായുധ സംഘങ്ങളെ പൂട്ടാൻ നീക്കം

ബാഗ്ദാദ്: ഇറാഖിലെ ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകളെ അടിച്ചമർത്താൻ ശക്തമായ സാമ്പത്തിക സമ്മർദവുമായി ട്രംപ് ഭരണകൂടം. ഇറാഖിലേക്കുള്ള യു.എസ് ഡോളർ കൈമാറ്റം താൽക്കാലികമായി നിർത്തിവെച്ചതായും ഇറാഖ് സൈന്യവുമായുള്ള പ്രതിരോധ സഹകരണ പരിപാടികൾ മരവിപ്പിച്ചതായും വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.

ഏകദേശം 500 ദശലക്ഷം ഡോളറിന്റെ (ഏകദേശം 4,100 കോടി രൂപ) കറൻസിയുമായി പോകേണ്ടിയിരുന്ന ചരക്ക് വിമാനം യു.എസ് ട്രഷറി വകുപ്പ് തടഞ്ഞതായാണ് വിവരം. ന്യൂയോർക്കിലെ ഫെഡറൽ റിസർവ് ബാങ്ക് അക്കൗണ്ടുകളിൽ സൂക്ഷിച്ചിരുന്ന ഇറാഖിന്റെ എണ്ണ വില്പനയിലൂടെ ലഭിച്ച തുകയാണ് അമേരിക്ക തടഞ്ഞുവെച്ചിരിക്കുന്നത്.

ഇറാഖിൽ സജീവമായ ഇറാൻ അനുകൂല സായുധ സംഘങ്ങളുടെ സ്വാധീനവും പ്രവർത്തനങ്ങളും വർധിക്കുന്നതിൽ അമേരിക്ക അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഈ ഗ്രൂപ്പുകളെ പിരിച്ചുവിടാൻ ബാഗ്ദാദിനെ നിർബന്ധിക്കുകയാണ് പുതിയ സാമ്പത്തിക നടപടിയുടെ ലക്ഷ്യം. ഈ പണം സായുധ സംഘങ്ങളുടെ കൈകളിൽ എത്തുമോ എന്ന ആശങ്കയും അമേരിക്ക പങ്കുവെക്കുന്നുണ്ട്.

അമേരിക്കയുടെ ഈ നീക്കം ഇറാഖിന്റെ സമ്പദ്‌വ്യവസ്ഥയെയും ഭരണകൂടത്തെയും വലിയ പ്രതിസന്ധിയിലാക്കിയേക്കും. എന്നാൽ വാർത്തയോട് യു.എസ് ട്രഷറി വകുപ്പോ ട്രംപ് ഭരണകൂടമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

നേരത്തെ ഇറാനുമായുള്ള വെടിനിർത്തൽ നീട്ടിയെങ്കിലും ഉപരോധം തുടരുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഇറാഖിന് മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് മേഖലയിൽ ഇറാനെ പൂർണ്ണമായും ഒറ്റപ്പെടുത്താനുള്ള അമേരിക്കൻ തന്ത്രത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങില്ലെന്ന നിലപാടിലാണ് ഇറാൻ. നിലവിൽ വെടിനിർത്തൽ അമേരിക്ക നീട്ടിയിട്ടുണ്ടെങ്കിലും ഇറാൻ തുറമുഖത്തെ ഉപരോധം തുടരുകയാണ്. തങ്ങളുടെ ചരക്കു കപ്പൽ യു.എസ് നാവികസേന പിടിച്ചെടുത്തതിനെ തുടർന്ന് ഇറാൻ ഹുർമുസ് കടലിടുക്ക് അടച്ചിട്ടുണ്ട്.

Tags:    
News Summary - US said to halt cash payment to Iraq to pressure Iranian-backed armed groups

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.