ഫ്ലൈദുബൈ വിമാനത്തിലെ ആക്രമണം; ആരോപണങ്ങൾ കടുപ്പിച്ച് ഇസ്രായേലും യു.എസും
തെൽ അവീവ്: ദുബൈയിൽനിന്ന് ഇസ്രായേലിലേക്കുപോയ ഫ്ലൈദുബൈ വിമാനത്തിൽ ക്യാപ്റ്റനെ കുത്തിപ്പരിക്കേൽപിച്ച സംഭവത്തിൽ വിചിത്ര ആരോപണങ്ങളുമായി ഇസ്രായേലും യു.എസും. ക്യാപ്റ്റനെ പരിക്കേൽപിച്ച് വിമാനം തകർക്കാൻ ശ്രമിച്ചെന്നാരോപിക്കപ്പെടുന്ന സഹപൈലറ്റിന് തീവ്ര ഇസ്ലാമിസ്റ്റ് ആശയങ്ങളുടെ സ്വാധീനം ഉണ്ടായിരുന്നുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ആരോപിച്ചു. മറുവശത്ത്, സംഭവത്തിന് ഇറാന് പങ്കുണ്ടെന്ന സൂചനയുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും രംഗത്തെത്തി.
ഒമാൻ സ്വദേശിയായ സഹപൈലറ്റാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. ബുധനാഴ്ച നടന്ന സംഭവത്തിനിടെ ക്യാപ്റ്റനെ കുത്തിപ്പരിക്കേൽപിച്ചതിന് പിന്നാലെ വിമാനം അതിവേഗം താഴേക്ക് പതിക്കാൻ തുടങ്ങിയിരുന്നു. യാത്രക്കാർ ഇടപെട്ട് സഹപൈലറ്റിനെ കീഴടക്കിയതോടെ റിസർവ് ക്രൂ വിമാനം നിയന്ത്രണത്തിലാക്കി സൗദി അറേബ്യയിലെ തബൂക്കിൽ സുരക്ഷിതമായി ഇറക്കുകയായിരുന്നു.
ഭീകരാക്രമണ ശ്രമം ഉൾപ്പെടെ വിവിധ സാധ്യതകൾ പരിശോധിക്കുന്നുണ്ടെന്നും ഇപ്പോൾ ഒന്നും തള്ളിക്കളയാനാകില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിൽ ഇറാന് പങ്കുണ്ടെങ്കിൽ ഇറാനെ ആക്രമിക്കുമെന്ന് ട്രംപ് പറഞ്ഞു. പശ്ചിമേഷ്യയിൽ വെടിനിർത്തൽ സംബന്ധിച്ച് യു.എസിന്റെ പ്രതികരണം ലഭിച്ചുവെന്ന ഇറാന്റെ പ്രസ്താവനക്ക് തൊട്ടുപിന്നാലെയാണ് ആക്രമണത്തിന്റെ സൂചനയുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
നിലവിൽ ഒമാൻ പൗരനായ സഹപൈലറ്റ് സൗദി സുരക്ഷാ വിഭാഗത്തിന്റെ കസ്റ്റഡിയിലാണ്. ഇയാളെ അറസ്റ്റ് ചെയ്തു. സൗദി അറേബ്യക്കൊപ്പം യു.എ.ഇ, അമേരിക്ക, ഒമാൻ, ഇസ്രായേൽ അധികൃതരും അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. സഹപൈലറ്റ് ഒറ്റക്കാണ് പ്രവർത്തിച്ചതെന്നാണ് ഇസ്രായേലി സുരക്ഷാ ഏജൻസികളുടെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ ഇറാന് പങ്കുണ്ടെന്നതിന് ഇതുവരെ തെളിവൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഇസ്രായേലി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം, ആക്രമണത്തിന്റെ യഥാർഥ കാരണം ഇപ്പോഴും അന്വേഷണത്തിലാണ്. ആക്രമണം നടത്തിയതായി ആരോപിക്കപ്പെടുന്ന സഹപൈലറ്റിന്റെ ഉദ്ദേശ്യവും ബന്ധങ്ങളും സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഇയാളെ യു.എ.ഇയിലേക്ക് തിരിച്ചയച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.