ഫെയർഫോർഡ് വ്യോമതാവള കേസിൽ നിർണ്ണായക നീക്കം: ബ്രിട്ടീഷ്-ഇറാനിയൻ പൗരൻ അറസ്റ്റിൽ; ഇറാൻ ബന്ധത്തിന് സൂചനയുണ്ടെന്ന് യു.കെ പ്രധാനമന്ത്രി

ലണ്ടൻ: ബ്രിട്ടനിലെ ആർ.എ.എഫ് ഫെയർഫോർഡ് വ്യോമതാവളത്തിന് സമീപമുണ്ടായ സുരക്ഷാ സംഭവവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ്-ഇറാനിയൻ പൗരനെ കസ്റ്റഡിയിലെടുത്തു. ലണ്ടനിൽ വെച്ചാണ് 27 കാരനായ ഇരട്ട പൗരത്വമുള്ള യുവാവിനെ കൗണ്ടർ ടെററിസം പൊലീസ് അറസ്റ്റ് ചെയ്തത്. ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തുവെന്ന സംശയത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്.
ഞായറാഴ്ചയുണ്ടായ സംഭവുമായി ബന്ധപ്പെട്ട് യു.കെ പൗരനായ മറ്റൊരു 26 കാരനെയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. കേസിൽ ഇതുവരെ അറസ്റ്റിലാകുന്ന ആറാമത്തെ ആളാണിത്. ഇതിനുമുമ്പ് ലണ്ടനിൽ നിന്നുള്ള അഞ്ച് യുവാക്കളെ സ്ഫോടകവസ്തു നിയമപ്രകാരവും ഭീകരവാദക്കുറ്റം ചുമത്തിയും അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. സംഭവത്തിൽ വിദേശ രാജ്യങ്ങളുടെ പങ്കടലുണ്ടോയെന്ന കാര്യം അടക്കം എല്ലാ വശങ്ങളും പരിശോധിച്ച് വരികയാണെന്ന് മെട്രോപൊളിറ്റൻ പൊലീസ് വ്യക്തമാക്കി.
ഞായറാഴ്ച വ്യോമതാവളത്തിന് സമീപം നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ നടത്തിയ പരിശോധനയിൽ സ്ഫോടകവസ്തുക്കൾ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും എന്നാൽ ഒരു നിശ്ചിത അളവിൽ പെട്രോൾ കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അതേസമയം, സംഭവത്തിന് പിന്നിൽ ഇറാനാണെന്ന് വിശ്വസിക്കാൻ തക്ക ശക്തമായ സൂചനകളുണ്ടെന്ന് യു.കെ പ്രധാനമന്ത്രി ആൻഡി ബർണാം പ്രതികരിച്ചു. എന്നാൽ ഈ ആരോപണങ്ങൾ ഇറാൻ ശക്തമായി നിഷേധിച്ചു. ബ്രിട്ടീഷ് അധികാരികളുടെ ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി പ്രതികരിച്ചു.
ഹുർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയ ഇറാനിയൻ മിസൈൽ കേന്ദ്രങ്ങൾ ആക്രമിക്കാൻ യു.എസിന് ബ്രിട്ടൻ അനുമതി നൽകിയിരുന്ന ഫെയർഫോർഡ് വ്യോമതാവളം തങ്ങളുടെ നിയമപരമായ ലക്ഷ്യമാണെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് (​ഐ.ആർ.ജി.സി) നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ നടന്ന അറസ്റ്റിൽ ഇറാന് പങ്കുണ്ടെന്ന് തുടക്കത്തിലേ ബ്രിട്ടൻ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. 
Tags:    
News Summary - British police arrest UK-Iranian national over airbase incident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.