യു.എസ്.എസ് തിയോഡോർ റൂസ്‍വെൽറ്റ്
ട്രംപ് രണ്ടും കൽപിച്ച്; 10000 സൈനികരടങ്ങുന്ന "റഫ് റൈഡർ" പശ്ചിമേഷ്യയിലേക്ക്; മൂന്നാമത്തെ വിമാനവാഹിനിക്കപ്പൽ അയച്ച് അമേരിക്ക
വാഷിങ്ടൺ: ഇറാന് ശക്തമായ പ്രഹരമേൽപ്പിക്കുമെന്ന യു.എസ് മുന്നറിയിപ്പിന് പിന്നാലെ, വൻ വ്യൂഹം അടങ്ങുന്ന മൂന്നാമത്തെ വിമാനവാഹിനിക്കപ്പൽ അയച്ച് പശ്ചിമേഷ്യയിലേക്ക് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ആണവോർജ്ജത്താൽ പ്രവർത്തിക്കുന്ന ’യു.എസ്.എസ് തിയോഡോർ റൂസ്‍വെൽറ്റ്’ എന്ന യുദ്ധക്കപ്പലും 10,000 സൈനികരും ഉൾപ്പെടുന്ന വൻ വ്യൂഹം നവംബർ അവസാനത്തോടെ മേഖലയിലെത്തുമെന്നാണ് റിപ്പോർട്ട്. ഇതോടെ പശ്ചിമേഷ്യയിലെ യു.എസ് നാവികസേനയുടെ സാന്നിധ്യം 20,000ത്തിലധികം സൈനികരും നൂറുകണക്കിന് യുദ്ധവിമാനങ്ങളുമായി ഉയരും.
നിലവിൽ യു.എസ്.എസ് ജോർജ് എച്ച്.ഡബ്ല്യു. ബുഷ്, യു.എസ്.എസ് ജോർജ് വാഷിങ്ടൺ എന്നീ രണ്ട് വിമാനവാഹിനിക്കപ്പലുകൾ മേഖലയിൽ യു.എസ് വിന്യസിച്ചിട്ടുണ്ട്. സാധാരണയായി പസഫിക് സമുദ്രത്തിൽ വിന്യസിക്കാറുള്ള ജോർജ് വാഷിങ്ടൺ, ദീർഘകാലത്തിന് ശേഷം മടങ്ങുന്ന യു.എസ്.എസ് അബ്രഹാം ലിങ്കന് പകരമായാണ് പശ്ചിമേഷ്യയിലെത്തിയത്.
ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ ഖത്തരി മധ്യസ്ഥർ മുഖേന ഇറാൻ മുന്നോട്ടുവെച്ച സമാധാന നിർദേശം ട്രംപ് തള്ളിയിരുന്നു. തോൽവിയുടെ അരികിലെത്തിയതിനാലാണ് ഹുർമുസ് കടലിടുക്ക് തുറക്കാൻ അവർ കരാറിന് ശ്രമിക്കുന്നതെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
അതേസമയം, ഇസ്രായേലിലേക്ക് പുറപ്പെട്ട വിമാനത്തിലെ ക്യാപ്റ്റനെ സഹപൈലറ്റ് കുത്തിപ്പരിക്കേൽപ്പിക്കുകയും വിമാനം തകർക്കാൻ ശ്രമിക്കുകയും ചെയ്ത ഫ്ലൈ ദുബായ് സംഭവത്തിന് പിന്നിൽ ഇറാന് പങ്കുണ്ടെന്ന ആരോപണം ട്രംപ് ഉന്നയിച്ചു. ആക്രമണത്തിന് പിന്നിൽ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന് (ഐ.ആർ.ജി.സി) പങ്കുണ്ടെന്ന് തെളിഞ്ഞാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് ട്രംപിന്റെ പുതിയ ഭീഷണി. എന്നാൽ വിഷയത്തിൽ ഇറാന്റെ പങ്കാളിത്തം തെളിയിക്കുന്ന ഔദ്യോഗിക തെളിവുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.