വെസ്റ്റ് ബാങ്കിൽ ഭീതി വിതച്ച് ഇസ്രായേലി കുടിയേറ്റക്കാർ: ഒലിവ് വിളവെടുപ്പിനിടെ ഫലസ്തീൻ സ്വദേശിയെ വെടിവെച്ചുകൊന്നു
റാമല്ല: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഒലിവ് വിളവെടുപ്പ് കാലത്ത് ഭീതിയും സംഘർഷവും വിതച്ച് തീവ്ര ജൂത കുടിയേറ്റക്കാരുടെ പരക്കെ ആക്രമണം. പടിഞ്ഞാറൻ വെസ്റ്റ് ബാങ്കിലെ യാസൂഫ് ഗ്രാമത്തിലുണ്ടായ വെടിവെപ്പിൽ 51 വയസ്സുകാരനായ ഫലസ്തീൻ പൗരൻ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് വെടിയേറ്റ് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
യാസൂഫ് ഗ്രാമവാസിയായ മഷഹൂർ യാസീൻ (51) ആണ് കുടിയേറ്റക്കാരുടെ വെടിയേറ്റു കൊല്ലപ്പെട്ടതെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. നാല് ഇസ്രായേലി അനധികൃത കുടിയേറ്റ കേന്ദ്രങ്ങൾക്ക് നടുവിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിലേക്ക് ആയുധങ്ങളുമായെത്തിയ കുടിയേറ്റ സംഘം അതിക്രമിച്ചു കയറുകയായിരുന്നു. സ്വന്തം വീടിന് മുന്നിൽ നിൽക്കുമ്പോൾ അക്രമികളിൽ നിന്ന് വീടും കുടുംബത്തെയും സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് യാസീന് വെടിയേറ്റതെന്ന് മേയർ ജുമാ അബ്ദുൽ ഫത്താഹ് വ്യക്തമാക്കി. ആക്രമണത്തിൽ യാസീന്റെ അനന്തരവനും പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിൽ പ്രദേശത്ത് അനധികൃതമായി സ്ഥാപിച്ച 'ഹവാത് അന്തോൺ' കുടിയേറ്റ കേന്ദ്രത്തിൽ നിന്നുള്ളവരാണ് അക്രമത്തിന് പിന്നിലെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു.
അതേസമയം, യാസൂഫിന് സമീപമുള്ള നീരുറവയിൽ വിനോദസഞ്ചാരത്തിനെത്തിയ ഇസ്രായേലി ഹൈക്കിങ് സംഘത്തിന് നേരെ ഫലസ്തീനികൾ കല്ലെറിഞ്ഞതാണ് സംഭവങ്ങളുടെ തുടക്കമെന്നാണ് ഇസ്രായേൽ പൊലീസിന്റെ വാദം. ഫലസ്തീനികൾ ഒരു ഇസ്രായേലി കൗമാരക്കാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായും പൊലീസ് ആരോപിക്കുന്നു. എന്നാൽ ഫലസ്തീൻ പൗരന്റെ മരണത്തെക്കുറിച്ചോ ഗ്രാമത്തിലുണ്ടായ വെടിവെപ്പിനെക്കുറിച്ചോ പൊലീസ് പ്രസ്താവനയിൽ വിവരങ്ങളൊന്നുമില്ല.
മറ്റൊരു പ്രദേശമായ ജന്ത ഗ്രാമത്തിലും കുടിയേറ്റക്കാരുടെ വൻ അക്രമമാണ് അരങ്ങേറിയത്. ഒലിവ് വിളവെടുക്കുന്ന ഫലസ്തീൻ കർഷകർക്ക് സുരക്ഷയൊരുക്കാൻ എത്തിയ ഇസ്രായേലി സമാധാന പ്രവർത്തകർക്ക് നേരെയാണ് അക്രമമുണ്ടായത്. മുഖംമൂടി ധരിച്ചെത്തിയ സംഘം 'സ്റ്റാൻഡിംഗ് ടുഗദർ', 'റബ്ബീസ് ഫോർ ഹ്യൂമൻ റൈറ്റ്സ്', 'ബ്നെ അവ്രാഹാം' എന്നീ സംഘടനകളിലെ പ്രവർത്തകരെ വടികളും കല്ലുകളും ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തലയ്ക്ക് ആഴത്തിൽ പരിക്കേറ്റ അമിത് യാക്കോബി ഉൾപ്പെടെ മൂന്ന് ആക്ടിവിസ്റ്റുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികൾ തങ്ങളുടെ ഫോണുകളും ബാഗുകളും കവർന്നതായും അവിടെനിന്ന് ഉടനടി സ്ഥലംവിടുവാൻ ഭീഷണിപ്പെടുത്തിയതായും പരിക്കേറ്റവർ വെളിപ്പെടുത്തി.
ജലൂദ് ഗ്രാമത്തിലും നൂറിലധികം കുടിയേറ്റക്കാർ അതിക്രമിച്ചു കയറി പ്രദേശവാസികളെ ആക്രമിക്കുകയും കുടിയൊഴിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. വെസ്റ്റ് ബാങ്കിൽ പെരുകുന്ന കുടിയേറ്റക്കാരുടെ അതിക്രമങ്ങൾ തടയുന്നതിൽ ഇസ്രായേൽ ഭരണകൂടം പരാജയപ്പെട്ടുവെന്ന് പ്രസിഡന്റ് ഐസക് ഹെർസോഗ് രൂക്ഷമായി വിമർശിച്ചു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു വ്യക്തമാക്കിയെങ്കിലും, അക്രമം നടത്തിയത് ഒരു ചെറിയ വിഭാഗം മാത്രമാണെന്ന് പറഞ്ഞ് കുറ്റകൃത്യത്തിന്റെ വ്യാപ്തി കുറച്ചുകാണിക്കാനും ശ്രമം നടന്നു.ഇതിനിടെ റാമല്ലയ്ക്ക് സമീപമുള്ള തയ്ബ ഗ്രാമത്തിൽ ബെഡോയിൻ കുടുംബത്തിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ ഇസ്രായേലി സൈനികൻ യുവാവിനെ മർദ്ദിക്കുമെന്നും വീട് തകർക്കുമെന്നും ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതും വൻ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.