പ്രളയഭീഷണി ഒഴുക്കിക്കളയാൻ നേപ്പാൾ; നാല് ഹിമാനി തടാകങ്ങളിലെ ജലനിരപ്പ് കുറക്കും

കാഠ്മണ്ഡു: ഹിമാനി തടാകങ്ങൾ പൊട്ടിത്തെറിച്ചുണ്ടാകുന്ന പ്രളയഭീഷണി കുറക്കുന്നതിനായി നാല് തടാകങ്ങളിലെ ജലം നിയന്ത്രിതമായി ഒഴുക്കിക്കളയാനുള്ള പദ്ധതിയുമായി നേപ്പാൾ.  2026–27 സാമ്പത്തിക വർഷത്തിൽ പദ്ധതിയുടെ രൂപകൽപ്പനയും വിശദമായ പഠനങ്ങളും ആരംഭിക്കും. ഓഗസ്റ്റിലുണ്ടായ ഹിമാനി തകർച്ചയും തുടർന്നുണ്ടായ മണ്ണിടിച്ചിലും മിന്നൽപ്രളയവും 1,400ലേറെ പേരുടെ മരണത്തിനിടയാക്കിയ സാഹചര്യത്തിലാണ് നടപടി.

തുലാഗി, ലോവർ ബരുൺ, ലുംഡിങ് ത്സോ, ഹോംഗു II എന്നീ നാല് ഹിമാനി തടാകങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സമുദ്രനിരപ്പിൽനിന്ന് 4,050 മുതൽ 5,483 മീറ്റർ വരെ ഉയരത്തിലാണ് ഇവ സ്ഥിതി ചെയ്യുന്നത്. സ്വാഭാവിക അണക്കെട്ടുകൾ തകർന്നുണ്ടാകുന്ന പ്രളയസാധ്യത കുറക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് നേപ്പാളിലെ സെന്റർ ഫോർ ഹൈഡ്രോളജി ആൻഡ് വാട്ടർ റിസോഴ്‌സസ് റിസർച്ചിലെ വിദഗ്ധൻ സുഭാഷ് തുലാധർ പറഞ്ഞു.

കനാലുകളും നിയന്ത്രിത കവാടങ്ങളും ഉപയോഗിച്ച് തടാകങ്ങളിലെ ജലം സമീപത്തെ നദികളിലേക്ക് ക്രമാനുഗതമായി ഒഴുക്കും. സെൻസറുകൾ സ്ഥാപിക്കുക, പ്രളയ മുന്നറിയിപ്പ് സംവിധാനം ഒരുക്കുക, താഴ്‌വരകളിലെ ജനങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്തുക തുടങ്ങിയ നടപടികളും പദ്ധതിയുടെ ഭാഗമാണ്.

ഏകദേശം 50 മില്യൺ ഡോളറാണ് പദ്ധതിയുടെ ചെലവ്. ഗ്രീൻ ക്ലൈമറ്റ് ഫണ്ട്, യു.എൻ. ഡി.പി, നേപ്പാൾ സർക്കാർ എന്നിവയുടെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വിശദമായ പഠനങ്ങൾ പൂർത്തിയാക്കിയശേഷം ജലം ഒഴുക്കുന്ന പ്രവർത്തനങ്ങൾ ആരംഭിക്കും. പദ്ധതി പൂർണമായി പൂർത്തിയാക്കാൻ ആറ് വർഷം വരെ വേണ്ടിവരുമെന്നാണ് നിഗമനം.

ഹിമാലയത്തിലെ താപനില ഉയരുകയും ഹിമാനികൾ പിൻവാങ്ങുകയും ചെയ്യുന്നതോടെ ഇത്തരം ഹിമാനി തടാകങ്ങളുടെ വലുപ്പം വർധിക്കുകയാണ്. അയഞ്ഞ പാറകളും മഞ്ഞും ചേർന്ന പ്രകൃതിദത്ത അണക്കെട്ടുകൾ തകർന്നാൽ താഴ്‌വരകളിൽ വലിയ പ്രളയമുണ്ടാകാനുള്ള സാധ്യതയുണ്ട്.

കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ നേപ്പാളിൽ 26 ഓളം ഹിമാനി തടാക പൊട്ടിത്തെറി പ്രളയങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2000ൽ ടിഷോ റോൽപ തടാകത്തിലെ ജലനിരപ്പ് മൂന്ന് മീറ്റർ താഴ്ത്തിയിരുന്നു. എവറസ്റ്റ് മേഖലയിലെ ഇംജ തടാകത്തിലും സമാനമായ നടപടി സ്വീകരിച്ചിരുന്നു.

അടുത്തിടെയുണ്ടായ  മിന്നൽ പ്രളയത്തിൽ നിരവധി ജലവൈദ്യുത പദ്ധതികൾ, റോഡുകൾ, പാലങ്ങൾ, കൃഷിയിടങ്ങൾ, ജനവാസകേന്ദ്രങ്ങൾ എന്നിവ തകർന്നിരുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം ഹിമാനികൾ ഉരുകുന്നത് വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരം ദുരന്തങ്ങൾ തടയുന്നതിനുള്ള നടപടികൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുകയാണ്.

Tags:    
News Summary - Nepal to wash away flood threat; water level in four glacial lakes to be lowered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.