വാഷിങ്ടൺ: കഴിഞ്ഞ മാസം തെക്കുപടിഞ്ഞാറൻ ഇറാനിൽ തകർന്നുവീണ യു.എസ് എഫ്-15 യുദ്ധവിമാനം ചൈനീസ് നിർമിത ഷോൾഡർ-ഫയർഡ് മിസൈൽ ഏൽക്കാനാണ് സാധ്യതയെന്ന് റിപ്പോർട്ട്. ഫെബ്രുവരി 28ന് ആരംഭിച്ച സംഘർഷത്തിനിടെ ഇറാന് ചൈന കൂടുതൽ സൈനിക സഹായങ്ങൾ നൽകിയിട്ടുണ്ടാകാമെന്നും എൻ.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
സ്റ്റെൽത്ത് വിമാന സാങ്കേതികവിദ്യയും ദീർഘദൂര റഡാർ സംവിധാനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ശത്രുക്കളുടെ റഡാറുകളിലും മറ്റ് സെൻസറുകളിലും പെടാതെ ലക്ഷ്യസ്ഥാനത്തെത്താൻ വിമാനങ്ങളെ സഹായിക്കുന്ന നൂതനമായ സാങ്കേതികവിദ്യയാണ് ‘സ്റ്റെൽത്ത്’
യു.എസ് എഫ്-15ഇ സ്‌ട്രൈക്ക് ഈഗിൾ പോലുള്ള അത്യാധുനിക യുദ്ധവിമാനങ്ങളെ ട്രാക്ക് ചെയ്യാനുള്ള ഇറാന്റെ കഴിവ് വർധിപ്പിക്കാൻ ഈ ഉപകരണങ്ങൾ സഹായിച്ചിട്ടുണ്ടാകാമെന്ന് യു.എസ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.
ഇത് മാൻപ്പാഡ്‌സ് വിഭാഗത്തിൽപ്പെട്ട മിസൈലാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. തോളിൽവെച്ച് വിക്ഷേപിക്കാവുന്ന, ഏകദേശം ഏഴ് അടി നീളവും 40 പൗണ്ട് ഭാരവുമുള്ള ചെറിയ മിസൈലുകളാണിവ. വിമാനം തകർന്നതിനെത്തുടർന്ന് ക്രൂ അംഗങ്ങളെ കണ്ടെത്താനായി 36 മണിക്കൂർ നീണ്ട തിരച്ചിലായിരുന്നു നടന്നത്.
വിമാനം എങ്ങനെയാണ് തകർന്നതെന്ന് യു.എസ് അധികൃതർ ഇപ്പോഴും അന്വേഷിച്ചുവരികയാണ്. പതിറ്റാണ്ടുകൾക്കിടെ ശത്രുക്കളുടെ ആക്രമണത്തിൽ യു.എസ് യുദ്ധവിമാനം തകരുന്ന ആദ്യത്തെ സംഭവമായിരിക്കാം ഇതെന്നാണ് വിലയിരുത്തൽ.
വിമാനത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാരും സുരക്ഷിതമായി പുറത്തുകടന്നിരുന്നു. പൈലറ്റിനെ ഏഴ് മണിക്കൂറിനുള്ളിൽ കണ്ടെത്തിയെങ്കിലും, വെപ്പൺസ് സിസ്റ്റംസ് ഓഫിസറെ കണ്ടെത്താൻ കൂടുതൽ സമയമെടുത്തു. ഇദ്ദേഹം ഇറാനിലെ സാഗ്രോസ് പർവതനിരകളിൽ ഒളിച്ചിരിക്കുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷമാണ് ഇദ്ദേഹത്തെ കണ്ടെത്താനായതെന്ന് പെന്റഗൺ വ്യക്തമാക്കി.
ചൈന എപ്പോഴാണ് ഇത്തരത്തിൽ സൈനിക ഉപകരണങ്ങൾ കൈമാറിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ചൈനീസ് നിർമിത ആയുധങ്ങളാണ് ഇറാൻ ഉപയോഗിക്കുന്നതെങ്കിൽ, അത് യു.എസ്-ചൈന ബന്ധത്തിൽ വിള്ളലുണ്ടാക്കും. സംഘർഷത്തിൽ ഇറാനെ ചൈന പരോക്ഷമായി പിന്തുണക്കുന്നതായി വാഷിങ്ടൺ ഇതിനെ കാണാൻ സാധ്യതയുണ്ട്.
ഇറാൻ-യു.എസ് സംഘർഷം അവസാനിപ്പിക്കാൻ ചൈനയുടെ സഹായം ട്രംപ് തേടുന്നതിനിടെയാണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത്. ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചക്ക് മുൻപ് ഇറാനുമായി വെടിനിർത്തൽ കരാർ ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം സഹായിച്ചിരുന്നു.
കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇറാനു നൽകാൻ ചൈന പദ്ധതിയിട്ടിരുന്നതായി യു.എസ് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൈനയുടെ പദ്ധതികൾ പുറത്തുകൊണ്ടുവരാൻ യു.എസ് ഭരണകൂടം മനഃപൂർവം ഈ വിവരങ്ങൾ പുറത്തുവിട്ടതാണെന്ന് മുൻ ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു.
കൂടാതെ, യു.എസ് സേനയെ ട്രാക്ക് ചെയ്യാൻ സഹായിക്കുന്ന ചൈനീസ് സാറ്റലൈറ്റ് സേവനങ്ങൾക്ക് ഇറാനു പ്രവേശനം നൽകിയെന്നാരോപിച്ച് മൂന്ന് ചൈനീസ് സാറ്റലൈറ്റ് കമ്പനികൾക്ക് യു.എസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ചൈന ഈ ആരോപണങ്ങൾ നിഷേധിച്ചു. ഇറാനു ആയുധങ്ങൾ നൽകുന്നില്ലെന്ന് പ്രസിഡന്റ് ഷി തനിക്ക് ഉറപ്പുനൽകിയതായി ഈ മാസം ആദ്യം ട്രംപ് ഫോക്സ് ന്യൂസിനോട് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.