വാഷിങ്ടൺ: ഡോണൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ വ്യവസായി മുകേഷ് അംബാനിയും നിതാ അംബാനിയും അമേരിക്കയിലെത്തി. ഇരുവരും ട്രംപിന്‍റെ വിരുന്നിൽ പങ്കെടുത്ത് അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. ട്രംപ് കുടുംബത്തിന്റെ പ്രത്യേക ക്ഷണിതാവായാണ് അംബാനിമാർ എത്തിയത്.
ശനിയാഴ്ച യു.എസ് തലസ്ഥാനമായ വാഷിങ്ടണിലെത്തിയ ഇരുവരും ട്രംപിന്റെ കാൻഡിൽ ലൈറ്റ് ഡിന്നറിൽ പങ്കെടുത്തു. ട്രംപുമായി വളരെ അടുപ്പമുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 100 പ്രമുഖരാണ് അത്താഴം വിരുന്നിലേക്ക് ക്ഷണിക്കപ്പെട്ടത്. നിയുക്ത വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായും ഭാര്യ ഉഷ വാൻസുമായും ഇരുവരും കൂടിക്കാഴ്ച നടത്തി.
ട്രംപ് കുടുംബവുമായി വളരെ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന കുടുംബമാണ് മുകേഷ് അംബാനിയുടേത്. കഴിഞ്ഞ വർഷം ഗുജറാത്തിൽ നടന്ന ആനന്ദ് അംബാനിയുടെ ആഡംബര വിവാഹചടങ്ങിൽ ട്രംപിന്റെ മകൾ ഇവാൻകയും ഭർത്താവ് ജറേഡ് കുഷ്നറും മകൾ അരബെല്ല റോസും പങ്കെടുത്തിരുന്നു. ഇവാൻക 2017ലെ ആഗോള സംരംഭക ഉച്ചകോടിക്ക് ഹൈദരാബാദിൽ എത്തിയപ്പോൾ മുകേഷ് അംബാനി കൂടെയുണ്ടായിരുന്നു. 2020 ഫെബ്രുവരിയിൽ ട്രംപ് അവസാനമായി ഇന്ത്യ സന്ദർശിച്ചപ്പോൾ മുകേഷുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
യു.എസ് സമയം ഉച്ചക്ക് 12ന് (ഇന്ത്യൻ സമയം രാത്രി 10.30) വാഷിങ്ടണിലെ യു.എസ് കാപ്പിറ്റോളിന്റെ പടിഞ്ഞാറ് മുൻവശത്തുള്ള റോട്ടൻഡ ഹാളിലാണ് സത്യപ്രതിജ്ഞ ചടങ്ങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.