ഗസ്സയിൽ വംശഹത്യ നടത്താൻ ഇസ്രായേൽ ഗവൺമെന്റിന് അമേരിക്ക ആയുധങ്ങളും ധനസഹായവും നൽകരുതെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച ജൂതമത വിശ്വാസികളെ യു.എസ് പൊലീസ് അറസ്റ്റ് ചെയ്യുന്നു (photo: twitter.com/jvplive)

അമേരിക്കയിൽ ഫലസ്തീൻ അനുകൂല പ്രതിഷേധവുമായി ജൂതമത വിശ്വാസികൾ; 100ലേറെപേർ അറസ്റ്റിൽ

ന്യൂയോർക്ക്: ഗസ്സയിൽ വംശഹത്യ നടത്തുന്ന ഇസ്രായേൽ ഗവൺമെന്റിന് അമേരിക്ക ആയുധങ്ങളും ധനസഹായവും നൽകുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച ജൂതമത വിശ്വാസികളെ യു.എസ് പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂയോർക്കിൽ സെനറ്ററുടെ വീടിന് പുറത്ത് പ്രതിഷേധിച്ച നൂറുകണക്കിന് ഫലസ്തീൻ അനുകൂല ജൂത പ്രതിഷേധക്കാരാണ് അറസ്റ്റിലായത്.


യു.എസ് സെനറ്റംഗം ചക്ക് ഷൂമറിന്റെ ന്യൂയോർക്ക് ഗ്രാൻഡ് ആർമി പ്ലാസയിലെ വീടിനുമുന്നിൽ ജ്യൂവിഷ് വോയ്‌സ് ഫോർ പീസ് (ജെ.വി.പി) എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് പ്രകടനം നടത്തിയത്. ഒരാഴ്ച നീണ്ടുനിൽക്കുന്ന യഹൂദരുടെ പെസഹാ പെരുന്നാളിന്റെ രണ്ടാംദിവസമായ ഇന്നലെ രാത്രിയാണ് സംഭവം.

ജൂത പുരോഹിതരുടെയും പ്രമുഖരുടെയും പ്രസംഗത്തിനുപിന്നാലെ പ്രതിഷേധക്കാർ പ്രകടനമായി പ്ലാസ റോഡ് ഉപരോധിക്കുകയായിരുന്നു. ഇതിനിടെ ന്യൂയോർക്ക് പൊലീസ് ഇവരെ അറസ്റ്റുചെയ്തതായി റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പ്രതിഷേധത്തിന്റെയും പ്രവർത്തകരെ അറസ്‌റ്റ് ചെയ്യുന്നതിന്റെയും ഫോട്ടോകൾ ജെ.വി.പി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

ഗസ്സയിൽ കുഞ്ഞുങ്ങളെയടക്കം കൂട്ടക്കൊല നടത്തുന്ന ഇസ്രായേലിന്റെ കിരാതനീക്കത്തിനെതിരെ ജ്യൂവിഷ് വോയ്‌സ് ഫോർ പീസ് (ജെ.വി.പി) മുമ്പും നിരവധി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞമാസം അമേരിക്കയിലെ കാലിഫോർണിയയിൽ നിയമസഭ സമ്മേളനം നടക്കുന്നതിനിടെ കറുത്ത കുപ്പായം ധരിച്ച 300ഓളം ജെ.വി.പി പ്രവർത്തകർ നടത്തിയ പ്രതിഷേധം ലോകശ്രദ്ധയാകർഷിച്ചിരുന്നു. ഫ്രീ ഫലസ്തീൻ, ഉടൻ ​വെടിനിർത്തുക, ഞങ്ങളുടെ പേരിൽ കൂട്ടക്കൊല നടത്തരുത് തുടങ്ങിയ മുദ്രാവാക്യങ്ങൾ അച്ചടിച്ച കുപ്പായങ്ങൾ ധരിച്ചാണ് പ്രതിഷേധക്കാർ നിയമസഭയിലെത്തിയത്.

മുകളിലെ ഗാലറിയിൽനിന്ന് സാമാജികരുടെ ചേംബറിനന് നേരെ ഫലസ്തീൻ അനുകൂല, ഇസ്രായേൽ വിരുദ്ധ ബാനറുകൾ പ്രദർശിപ്പിച്ചു. ഗസ്സ കൂട്ടക്കൊലക്ക് യു.എസ് പണം നൽകരുതെന്നും ഞങ്ങളുടെ പേരിൽ കൂട്ടക്കൊല നടത്തരുതെന്നും എഴുതിയ ബാനറുകളാണ് ഇവർ തൂക്കിയത്. നിയമസഭ സമ്മേളനം തുടങ്ങിയ ഉടൻ ‘ഫ്രീ ഫലസ്തീൻ, നോട്ട് ഇൻ ഔർ നെയിം, ലെറ്റ് ഗസ്സ ലിവ്’ എന്നീ വരികളടങ്ങിയ പ്രതിഷേധഗാനം കൂട്ടത്തോടെ ആലപിച്ചു. ഇതോടെ നിമിഷങ്ങൾക്കകം നിയമസഭ സമ്മേളനം നിർത്തിവച്ചു.

Tags:    
News Summary - US police arrest Pro-Palestinian Jewish protesters outside Senator’s New York home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.