ഇന്ത്യക്കാർക്ക് വൻ തിരിച്ചടി; എച്ച്-4 വിസക്കാരുടെ ജോലി ചെയ്യാനുള്ള അവകാശം എടുത്തുകളയാൻ യു.എസ്
വാഷിങ്ടൺ: എച്ച്-1ബി വിസ ഉടമകളുടെ പങ്കാളികൾക്ക് (എച്ച്-4 വിസക്കാർ) അമേരിക്കയിൽ നിയമപരമായി ജോലി ചെയ്യാനുള്ള അവകാശം എടുത്തുകളയാൻ യു.എസ് ഭരണകൂടത്തിന്റെ പുതിയ നീക്കം. കഴിഞ്ഞ പത്തുവർഷത്തിലേറെയായി നിലവിലുള്ള നിയമമാണ് ട്രംപ് ഭരണകൂടം തിരുത്താനൊരുങ്ങുന്നത്. ഈ പുതിയ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ത്യൻ പ്രഫഷണലുകളെയായിരിക്കും.
എച്ച്-4 എംപ്ലോയ്മെന്റ് ഓതറൈസേഷൻ ഡോക്യുമെന്റ് (ഇ.എ.ഡി) അപേക്ഷകളിൽ 2014 മുതൽ 2017 വരെയുള്ള കാലയളവിൽ 93 ശതമാനം അംഗീകാരവും ലഭിച്ചത് ഇന്ത്യൻ പൗരന്മാർക്കാണ്. ഇതിൽ തന്നെ 94 ശതമാനവും സ്ത്രീകളായിരുന്നു എന്നത് ഈ വിഷയത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. എഫ്.വൈ.2024ലെ യു.എസ്.സി.ഐ.എസ്കണക്കുകൾ പ്രകാരം അംഗീകരിച്ച എച്ച്-1ബി അപേക്ഷകളിൽ 71 ശതമാനവും ഇന്ത്യക്കാരുടേതായിരുന്നു.
ഓഫിസ് ഓഫ് ഇൻഫർമേഷൻ ആൻഡ് റെഗുലേറ്ററി അഫയേഴ്സിന്റെ കീഴിലുള്ള Reginfo.govൽ ‘റിമൂവിങ് എച്ച്-4 ഡിപ്പൻഡെന്റ് സ്പൗസസ് ഫ്രം ദ ക്ലാസസ് ഓഫ് നോൺസിറ്റിസൺസ് എലിജ്ബ്ൾ ഫോർ എംേപ്ലായ്മെന്റ് അതോറൈസേഷൻ’ എന്ന പേരിൽ ഈ പദ്ധതി ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ ദീർഘകാല റെഗുലേറ്ററി അജണ്ടയിലാണ് ഇത് ചേർത്തിട്ടുള്ളത്. എങ്കിലും തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
(c)(26) വിഭാഗത്തിന് കീഴിൽ തൊഴിൽ അനുമതിക്ക് അർഹതയുള്ളവരിൽനിന്ന് എച്ച്-1ബി നോൺ-ഇമ്മിഗ്രന്റ് തൊഴിലാളികളുടെ ചില എച്ച്-4 ആശ്രിത പങ്കാളികളെ ഒഴിവാക്കാനാണ് ഡി.എച്ച്.എസ് നിർദ്ദേശിക്കുന്നത്.
ഇതൊരു അന്തിമ നിയമമല്ല, മറിച്ച് ഒരു നിർദ്ദേശം മാത്രമാണ്. അതിനാൽ നിലവിലുള്ള എച്ച്-4 തൊഴിൽ അനുമതി ഉടൻ തന്നെ അവസാനിക്കില്ല. ഇത് പ്രാബല്യത്തിൽ വരുന്നതിന് മുൻപ് ഡി.എച്ച്.എസ് ഫെഡറൽ രജിസ്റ്ററിൽ ഔദ്യോഗികമായി ‘നോട്ടീസ് ഓഫ് പ്രൊപ്പോസ്ഡ് റൂൾമേക്കിങ്’ പ്രസിദ്ധീകരിക്കണം. തുടർന്ന് ജനങ്ങൾക്ക് അഭിപ്രായങ്ങൾ അറിയിക്കാൻ അവസരം നൽകുകയും അതിനുശേഷമേ അന്തിമ നിയമം പുറത്തിറക്കുകയും ചെയ്യുകയുള്ളൂ. അതുവരെ സാധുവായ ഇ.എ.ഡി ) ഉള്ള എച്ച്-4 പങ്കാളികൾക്ക് നിലവിലെ നിയമപ്രകാരം ജോലി തുടരാൻ സാധിക്കും.
എച്ച്-4 വിസ എന്നത് ഒരു തൊഴിൽ വിസയല്ല. എച്ച്-1ബി വിസ ഉടമയോടൊപ്പം അമേരിക്കയിൽ ഒന്നിച്ച് ജീവിക്കാൻ അനുവദിക്കുന്നതിനായി അവരുടെ പങ്കാളികൾക്കോ കുട്ടികൾക്കോ നൽകുന്ന വിസയാണിത്. നിയമപരമായി ജോലി ചെയ്യാൻ പ്രത്യേക തൊഴിൽ അനുമതി പത്രമായ ഇ.എ.ഡി ആവശ്യമാണ്. എച്ച്-1ബി പങ്കാളി ഇതിനകം ഗ്രീൻ കാർഡ് നടപടികളുടെ പാതയിലുള്ളവർക്ക് മാത്രമാണ് ഈ ഇ.എ.ഡി ലഭിക്കുന്നത്. ഇ.എ.ഡി ഇല്ലെങ്കിൽ എച്ച്-4 ഉടമകൾക്ക് നിയമപരമായി ജോലി ചെയ്യാൻ കഴിയില്ലെങ്കിലും, യു.എസിൽ താമസിക്കാനും ഡ്രൈവിങ് ലൈസൻസ് നേടാനും ബാങ്ക് അൗണ്ടുകൾ തുറക്കാനും സാധിക്കും.
എച്ച്-4 ഇ.എ.ഡി പദ്ധതി ഒഴിവാക്കാനുള്ള ആദ്യത്തെ ശ്രമമല്ല ഇത്. ട്രംപിന്റെ ആദ്യ ഭരണകാലത്ത് 2017ലും എച്ച്-4 പങ്കാളികളുടെ തൊഴിൽ അനുമതി നീക്കം ചെയ്യാൻ ഡി.എച്ച്.എസ് നിർദ്ദേശിച്ചിരുന്നു. എന്നാൽ ആ പദ്ധതി അന്തിമമാക്കപ്പെടാതെ 2021-ൽ പിൻവലിക്കുകയാണുണ്ടായത്.
എച്ച്-1ബി വിസകളെ ലക്ഷ്യമിട്ടുള്ള മറ്റ് ചില നീക്കങ്ങളും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. പുതിയ എച്ച്-1ബി നിയമനങ്ങൾക്ക് 1,03,265 ഡോളർ ഫീ ഈടാക്കാൻ ഡി.എച്ച്.എസ് നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, ജോലി നഷ്ടപ്പെടുന്ന എച്ച്-1ബി തൊഴിലാളികൾക്ക് പുതിയ തൊഴിലുടമയെ കണ്ടെത്താൻ നിലവിലുള്ള 60 ദിവസത്തെ കാലാവധി എച്ച്ടുകളയാനും വൈറ്റ് ഹൗസ് ലക്ഷ്യമിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.