സുൽത്താൻ ഹൈതം ലണ്ടനിൽ; പ്രാദേശിക സുരക്ഷയും സാമ്പത്തിക സഹകരണവും മുഖ്യചർച്ചയാകും

ലണ്ടൻ: ഒമാനും ബ്രിട്ടനും തമ്മിലുള്ള ദീർഘകാല തന്ത്രപ്രധാന സൗഹൃദം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി തിങ്കളാഴ്ച യു.കെയിൽ എത്തിച്ചേർന്നു. ബ്രിട്ടീഷ് ഭരണാധികാരി ചാൾസ് മൂന്നാമൻ രാജാവിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ഈ സന്ദർശനം.

വ്യാപാരം, നിക്ഷേപം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിനൊപ്പം പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും സന്ദർശന വേളയിൽ ചർച്ചയാകും.

പ്രതിരോധ കാര്യങ്ങൾക്കായുള്ള ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ്, സാമ്പത്തിക കാര്യങ്ങൾക്കായുള്ള ഉപപ്രധാനമന്ത്രി സയ്യിദ് ദിയസിൻ ബിൻ ഹൈതം അൽ സഈദ് എന്നിവരുൾപ്പെടുന്ന ഉന്നതതല പ്രതിനിധിസംഘം സുൽത്താനെ അനുഗമിക്കുന്നുണ്ട്.

സുൽത്താന്റെ ചരിത്രപ്രധാനമായ യു. സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള രണ്ട് നൂറ്റാണ്ടിലധികം പഴക്കമുള്ള രാഷ്ട്രീയ-തന്ത്രപ്രധാന ബന്ധങ്ങളെ പുതിയൊരു യുഗത്തിലേക്ക് നയിക്കുമെന്നാണ് രാഷ്ട്രീ നിരീക്ഷകർ വിലയിരുത്തുന്നത്. 1982-ന് ശേഷം ആദ്യമായാണ് ഒരു ഒമാൻ ഭരണാധികാരി യു.കെയിലേക്ക് ഔദ്യോഗികസന്ദർശനം നടത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.

1798-ൽ സുൽത്താൻ സുൽത്താൻ ബിൻ അഹമ്മദ് അൽ ബുസൈദിയുടെ കാലഘട്ടത്തിൽ ഒപ്പുവെച്ച ആദ്യ സൗഹൃദ ഉടമ്പടിയും തുടർന്ന് 1800-ൽ രൂപീകരിച്ച തന്ത്രപ്രധാന കരാറുമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ അടിസ്ഥാനം. 2019-ൽ ഒപ്പുവെച്ച സംയുക്ത പ്രതിരോധ കരാറും സമഗ്ര സൗഹൃദ-സഹകരണ കരാറും ഈ ചരിത്രബന്ധത്തെ ആധുനിക കാലഘട്ടത്തിന് അനുയോജ്യമായ രീതിയിൽ പുനഃക്രമീകരിച്ചു.

2022 ജനുവരിയിൽ ഒപ്പുവെച്ച പരമാധികാര നിക്ഷേപ പങ്കാളിത്തം സാമ്പത്തിക മേഖലയിലെ ഇരുരാജ്യങ്ങളുടെയും താൽപര്യങ്ങൾക്ക് കരുത്തുപകരുന്നതാണ്.ഒമാൻ ഉൾക്കടൽ, തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്ക്, അറബിക്കടൽ, ഇന്ത്യൻ മഹാസമുദ്രം എന്നിവയുമായി അതിർത്തി പങ്കിടുന്ന ഒമാന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം നാവിക സുരക്ഷയിലും രാജ്യാന്തര വ്യാപാര പാതകളുടെ സംരക്ഷണത്തിലും വലിയ പങ്കുവഹിക്കുന്നുണ്ട്. അതുപോലെ തനതായ സമുദ്രസ്ഥാനമുള്ള യു.കെയുമായി ചേർന്ന് അന്താരാഷ്ട്ര കപ്പൽ ഗതാഗതം സുരക്ഷിതമാക്കുന്നതിനും പ്രതിരോധ സഹകരണത്തിനും ഒമാൻ മുൻഗണന നൽകിവരുന്നു.

പശ്ചിമേഷ്യൻ മേഖലയിലെ തർക്കങ്ങൾ പരിഹരിക്കുന്നതിലും സമാധാനം പുനഃസ്ഥാപിക്കുന്നതിലും ഇരുരാജ്യങ്ങളും തമ്മിൽ നിരന്തരമായ രാഷ്ട്രീയ ചർച്ചകൾ നടക്കാറുണ്ട്. ഫലസ്തീൻ വിഷയം ഉൾപ്പെടെയുള്ള പ്രതിസന്ധികളിൽ യു.എൻ നടത്തുന്ന നയതന്ത്ര ശ്രമങ്ങളെ ഇരുരാജ്യങ്ങളും പിന്തുണക്കുന്നുണ്ട്. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതെ, സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണുക എന്ന ഒമാന്റെ സന്തുലിതവും നിഷ്പക്ഷവുമായ വിദേശനയത്തെ യു.കെ ഭരണകൂടം എപ്പോഴും പ്രശംസിച്ചിരുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ‘ഒമാൻ-യുകെ ജോയിന്റ് വർക്കിംഗ് ഗ്രൂപ്പ്’ പോലുള്ള ഔദ്യോഗിക സംവിധാനങ്ങൾ പ്രതിരോധം, വിദ്യാഭ്യാസം, ആരോഗ്യം, സാങ്കേതികവിദ്യ, നവീകരണം എന്നിവയിൽ തുടർച്ചയായ സഹകരണം ഉറപ്പാക്കുന്നു. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഈ യു.കെ സന്ദർശനം സാങ്കേതികവിദ്യാ കൈമാറ്റത്തിനും പുതിയ നിക്ഷേപ സാധ്യതകൾക്കും വലിയ രീതിയിൽ വഴിതുറക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Tags:    
News Summary - Sultan Haitham London Visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.