യു.എസ് നാവികസേനയുടെ യുദ്ധവിമാനവും ഹെലികോപ്ടറും ദക്ഷിണ ചൈനാ കടലിൽ തകർന്നുവീണു; അപകട കാരണം അജ്ഞാതം

ബെയ്ജിങ്: യു.എസി​ന്റെ വിമാനവാഹിനിക്കപ്പലായ ‘യു.എസ്.എസ് നിമിറ്റ്സിൽ’ നിന്ന് പറന്നുയർന്ന ഒരു യുദ്ധ വിമാനവും ഒരു ഹെലികോപ്ടറും 30 മിനിറ്റിന്റെ വ്യത്യാസത്തിൽ ദക്ഷിണ ചൈനാ കടലിൽ തകർന്നുവീണതായി റി​പ്പോർട്ട്.  ‘എം.എച്ച്-60 ആർ സീ ഹോക്ക്‘ ഹെലികോപ്ടറിലെ മൂന്ന് ജീവനക്കാരെയും ‘എഫ്/എ-18 എഫ് സൂപ്പർ ഹോർനെറ്റ്’ യുദ്ധവിമാനത്തിലെ രണ്ട് വൈമാനികരെയും സുരക്ഷിതമായി പുറത്തെടുത്തു. രണ്ട് അപകടങ്ങളുടെയും കാരണങ്ങൾ അന്വേഷിച്ചുവരികയാണെന്ന് യു.എസ് നാവിക സേന പ്രസ്താവനയിൽ പറയുന്നു.

യു.എസും ചൈനയും തമ്മിൽ പോര് നിലനിൽക്കുന്ന അതീവ സെൻസിറ്റീവ് മേഖലയായ ദക്ഷിണ ചൈനാ കടലിൽ വിമാന ത്തിന്റെയും കോപ്ടറിന്റെയും സാന്നിധ്യം നിരവധി ചോദ്യങ്ങളാണ് ഉയർത്തുന്നത്. യു.എസ് നാവികസേന അപകടങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആ സമയത്ത് അവിടെ വിമാനം എന്താണ് ചെയ്തിരുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, സൈനിക പ്രകടനത്തിനിടെ വിമാനം തകർന്നതായി ചൈനയുടെ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഏഷ്യൻ നയതന്ത്ര പര്യടനത്തിനു മുന്നോടിയായാണ് വിമാനാപകടങ്ങൾ.  വ്യാപാരത്തെ കേന്ദ്രീകരിച്ചുള്ള ചർച്ചകൾക്കായി ട്രംപ് ഈ ആഴ്ച ചൈനീസ് നേതാവ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണിത്. 

ചൈന അവകാശവാദമുന്നയിക്കുന്ന ദക്ഷിണ ചൈനാ കടലിൽ യു.എസ് നാവികസേന പതിവായി സ്വാതന്ത്ര നാവിഗേഷൻ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. അന്താരാഷ്ട്ര നിയമം അനുവദിക്കുന്നിടത്തെല്ലാം പറക്കാനും കപ്പൽ കയറ്റാനും ഉള്ള എല്ലാ രാജ്യങ്ങൾക്കും അവകാശം ഉണ്ടെന്നാണ് യു.എസി​ന്റെ വാദം. എന്നാൽ, അത്തരം പ്രവർത്തനങ്ങളെ നിയമവിരുദ്ധമെന്ന് ചൈന അപലപിക്കുന്നു.

ദക്ഷിണ ചൈനാ കടലിലെ മിക്ക ദ്വീപുകളുടെയും മേൽ ചൈന പരമാധികാരം അവകാശപ്പെടുന്നു. എന്നാൽ ഫിലിപ്പീൻസ്, മലേഷ്യ, വിയറ്റ്നാം, ബ്രൂണൈ, തായ്‌വാൻ എന്നിവയും അവകാശവാദങ്ങൾ ഉന്നയിക്കുന്നു. 2016ൽ, ഹേഗിലെ അന്താരാഷ്ട്ര ട്രൈബ്യൂണൽ ഒരു  സമുദ്ര തർക്കത്തിൽ ഫിലിപ്പീൻസിന് അനുകൂലമായി വിധി പ്രസ്താവിച്ചു. ദക്ഷിണ ചൈനാ കടലിന്റെ ഭൂരിഭാഗവും ചരിത്രപരമായ അവകാശങ്ങൾ ഉന്നയിക്കാൻ ചൈനക്ക് നിയമപരമായ അടിസ്ഥാനമില്ലെന്ന് അത് നിരീക്ഷിക്കുകയും ചെയ്തു. എന്നാൽ, ചൈന ഈ വിധി അവഗണിച്ചു.

ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളിൽ ഒന്നായ യു.എസ്.എസ് നിമിറ്റ്സ്, സേവനത്തിലിരിക്കുന്ന ഏറ്റവും പഴക്കം ചെന്ന യു.എസ് വിമാനവാഹിനിക്കപ്പലാണ്. ഇത് അടുത്ത വർഷം സേവനം അവസാനിപ്പിക്കുമെന്ന് കരുതുന്നു. യമനിലെ ഹൂതികൾ വാണിജ്യ കപ്പലുകൾക്കു നേരെ നടത്തുന്ന ആക്രമണങ്ങൾക്കെതിരായ യു.എസ് പ്രത്യാക്രമണത്തിന്റെ ഭാഗമായി വേനൽക്കാലത്ത് കൂടുതൽ സമയവും മിഡിൽ ഈസ്റ്റിലായിരുന്നു ഈ കപ്പലിന്റെ സ്ഥാനം. അതിനുശേഷം യു.എസ്.എസ് നിമിറ്റ്സ് വാഷിങ്ടൺ സംസ്ഥാനത്തെ നേവൽ ബേസ് കിറ്റ്സാപ്പിലുള്ള അതിന്റെ സ്വന്തം തുറമുഖത്തേക്ക് മടങ്ങുകയാണ്. അതിനിടെയാണ വിമാനം ഇതിൽ നിന്ന് പറന്നുയർന്നതെന്നാണ് റി​പ്പോർട്ട്.

ഡീ കമീഷൻ ചെയ്യുന്നതിന് മുമ്പുള്ള കാരിയറിന്റെ അവസാന വിന്യാസമാണിത്. മിഡിൽ ഈസ്റ്റിലേക്ക് വിന്യസിക്കുന്നതിനിടെ മറ്റൊരു വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് ഹാരി എസ്. ട്രൂമാന്  നിരവധി അപകടങ്ങൾ നേരിടുകയുണ്ടായി. 

ഈ വർഷം നാവികസേനക്ക് നഷ്ടപ്പെട്ട 60 മില്യൻ ഡോളർ വിലവരുന്ന യുദ്ധവിമാനങ്ങളിൽ നാലാമത്തേതാണ് എഫ്/എ-18 എന്ന സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഡിസംബറിൽ ഗൈഡഡ് മിസൈൽ ക്രൂയിസറായ ‘യു.എസ്.എസ് ഗെറ്റിസ്ബർഗ് ട്രൂമാനിൽ’ നിന്ന് ഒരു എഫ്/എ-18 ജെറ്റ് അബദ്ധത്തിൽ വെടിവച്ചു വീഴ്ത്തുകയുണ്ടായി. ഏപ്രിലിൽ, മറ്റൊരു എഫ്/എ-18 യുദ്ധവിമാനം ട്രൂമാന്റെ ഹാംഗർ ഡെക്കിൽ നിന്ന് തെന്നിമാറി ചെങ്കടലിൽ പതിച്ചു.


Tags:    
News Summary - US Navy fighter jet and helicopter crash in South China Sea within half an hour of each other; cause unknown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.