തെഹ്റാൻ: നയതന്ത്ര ചർച്ചകൾ പുനഃരാരംഭിക്കണമെങ്കിൽ ഇറാനെതിരെ കൂടുതൽ ആക്രമണങ്ങൾ നടക്കുമോ എന്നത് യു.എസ് വ്യക്തമാക്കണമെന്ന് ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മജീദ് തഖ്ത് റവാഞ്ചി. ഈ ആഴ്ച ചർച്ചകളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് ഭരണകൂടം മധ്യസ്ഥർ വഴി ഇറാനെ അറിയിച്ചിരുന്നു. എന്നാൽ, ചർച്ചകൾ നടക്കുമ്പോൾ കൂടുതൽ ആക്രമണങ്ങൾ നടത്തുമോയെന്ന ‘വളരെ പ്രധാനപ്പെട്ട ചോദ്യത്തിൽ’ യു.എസ് നിലപാട് വ്യക്തമാക്കിയിട്ടില്ലെന്ന് മജീദ് തഖ്ത് റവാഞ്ചി ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ചർച്ചകളിലേക്ക് മടങ്ങിവരാനുള്ള സാധ്യതയുള്ള തീയതിയിൽ ധാരണയായിട്ടില്ലെന്നും ഈ ആഴ്ച ചർച്ചകൾ നടത്താമെന്ന് ട്രംപ് നിർദേശിച്ചതിനു ശേഷം അവരുടെ അജണ്ടയിൽ എന്തായിരിക്കുമെന്ന് തനിക്കറിയില്ലെന്നും ഇപ്പോൾ നമ്മൾ ഈ ചോദ്യത്തിനുള്ള ഉത്തരം തേടുകയാണെനും തഖ്ത് റവാഞ്ചി പറഞ്ഞു.
യു.എസും ഇറാനും ആണവ പദ്ധതിയെക്കുറിച്ച് ചർച്ചകളിൽ ഏർപ്പെട്ടിരിക്കവെയാണ് ഈ മാസം ആദ്യം ഇസ്രായേൽ ഇറാനിയൻ ആണവ കേന്ദ്രങ്ങളും സൈന്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും ആക്രമിച്ചത്. അതെത്തുടർന്ന് ഇനി ചർച്ചക്കില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നു. ജൂൺ 21ന് ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ബോംബിട്ടുകൊണ്ട് യു.എസ് നേരിട്ട് സംഘർഷത്തിൽ ഇടപെടുകയും ചെയ്തു.
സമാധാനപരമായ ആവശ്യങ്ങൾക്കായി യുറേനിയം സമ്പുഷ്ടമാക്കാൻ കഴിയണമെന്ന് ഇറാൻ ഇനിയും നിർബന്ധം പിടിക്കുമെന്നും തഖ്ത് റവാഞ്ചി പറഞ്ഞു. തങ്ങൾ രഹസ്യമായി ആണവ ബോംബ് വികസിപ്പിക്കുന്നതിലേക്ക് നീങ്ങുകയാണെന്ന ആരോപണങ്ങൾ അദ്ദേഹം നിരസിച്ചു. ഇറാന്റെ ഗവേഷണ പരിപാടിക്കായി ആണവ വസ്തുക്കൾ ലഭ്യമാക്കാൻ തങ്ങൾക്ക് സ്വയം ആശ്രയിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘അതിന്റെ അളവ് ചർച്ച ചെയ്യാം. ശേഷി ചർച്ച ചെയ്യാം. പക്ഷേ നിങ്ങൾ സമ്പുഷ്ടീകരണം പാടില്ല എന്ന് പറഞ്ഞാൽ, നിങ്ങൾ അതിന് തീർത്തും സമ്മതിക്കുന്നില്ലെങ്കിൽ ഞങ്ങൾ നിങ്ങൾക്കുമേൽ ബോംബ് പ്രയോഗിക്കും. അതാണ് കാടിന്റെ നിയമം’ - ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മുന്നറിയിപ്പു നൽകി.
ഏറ്റവും പുതിയ ഫോറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇസ്രായേലി ആക്രമണങ്ങളിൽ രാജ്യത്ത് 935 പേർ കൊല്ലപ്പെട്ടതായി ഇറാൻ പറഞ്ഞു. ഇസ്രായേലിന്റെ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്ത ഏറ്റവും പുതിയ കണക്കു പ്രകാരം ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ ഇസ്രായേലിൽ 28 പേർ കൊല്ലപ്പെട്ടുവെന്നാണ്.
ഇസ്രായേൽ ഇറാന്റെ ആണവ പദ്ധതിക്കുണ്ടാക്കിയ നാശനഷ്ടങ്ങളുടെ വ്യാപ്തി വ്യക്തമല്ല. ആക്രമണങ്ങൾ ഗുരുതരമായ നാശനഷ്ടങ്ങൾ വരുത്തിയെങ്കിലും ആണവ ശേഷി പൂർണമായി ഇല്ലാതാക്കിയിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി മേധാവി റാഫേൽ ഗ്രോസി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ വീണ്ടും യുറേനിയം സമ്പുഷ്ടമാക്കാൻ ഇറാന് കഴിവുണ്ടെന്നും ഗ്രോസി പറഞ്ഞു. എന്നാൽ, ഇറാന്റെ ആണവ സൗകര്യങ്ങൾ പൂർണമായും നശിപ്പിക്കപ്പെട്ടു എന്നാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം. ആണവ പ്രവർത്തനം ഇന്റലിജൻസ് കണ്ടെത്തിയാൽ ഇറാനിൽ വീണ്ടും ബോംബിടുന്നത് പരിഗണിക്കുമെന്നും ട്രംപ് പറഞ്ഞു.
അതേസമയം, ഐ.എ.ഇ.എയുമായുള്ള ഇറാന്റെ ബന്ധം കൂടുതൽ വഷളായിരിക്കുകയാണ്. ബുധനാഴ്ച ആണവ നിരീക്ഷണ ഏജൻസിയുമായുള്ള സഹകരണം നിർത്തിവെക്കാൻ പാർലമെന്റ് തീരുമാനിച്ചു. ഐ.എ.ഇ.എ ഇസ്രായേലിനും യു.എസിനും ഒപ്പം നിൽക്കുന്നുവെന്നും ഇറാൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.