പസഫിക്കിൽ അമേരിക്കയുടെ മിസൈൽ ആക്രമണം: ലഹരിക്കടത്ത് ബോട്ട് തകർത്തു, മൂന്ന് മരണം

വാഷിങ്ടൺ: കിഴക്കൻ പസഫിക് സമുദ്രത്തിൽ ലഹരിമരുന്ന് കടത്തുകയായിരുന്ന കപ്പലിന് നേരെ അമേരിക്കൻ സൈന്യം മിസൈൽ ആക്രമണം നടത്തി. യു.എസ് സതേൺ കമാൻഡ് (SOUTHCOM) കമാൻഡർ ജനറൽ ഫ്രാൻസിസ് ഡോണോവന്റെ നിർദേശപ്രകാരം 'ജോയിന്റ് ടാസ്ക് ഫോഴ്സ് സതേൺ സ്പിയർ' ആണ് ആക്രമണം നടത്തിയത്. ബോട്ട് സ്ഫോടനത്തിൽ തകരുന്നതിന്റെ ദൃശ്യങ്ങൾ സതേൺ കമാൻഡ് എക്സിലൂടെ പുറത്തുവിട്ടു.

ലഹരിക്കടത്ത് തടയാൻ ട്രംപ് ഭരണകൂടം ആരംഭിച്ച 'ഓപ്പറേഷൻ സതേൺ സ്പിയർ' (Operation Southern Spear) എന്ന സൈനിക നീക്കം അതീവ രൂക്ഷമായി തുടരുകയാണ്. സെപ്റ്റംബർ മുതൽ ഇതുവരെ നടന്ന ആക്രമണങ്ങളിൽ 186 പേർ കൊല്ലപ്പെട്ടതായി സി.ബി.എസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഈ മാസം മാത്രം കരീബിയൻ കടലിലും പസഫിക്കിലുമായി എട്ട് ആക്രമണങ്ങൾ നടന്നു. സെപ്റ്റംബറിന് ശേഷം നടക്കുന്ന 54-ാമത്തെ ആക്രമണമാണിതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ലഹരിക്കടത്ത് മാഫിയകളുമായി അമേരിക്ക ഔദ്യോഗികമായി യുദ്ധത്തിലാണെന്നും ലഹരിക്കടത്ത് ബോട്ടുകളിലെ ജീവനക്കാർ ശത്രു പോരാളികൾ ആണെന്നുമാണ് വൈറ്റ് ഹൗസിന്റെ നിലപാട്. നേരത്തെ, നാർക്കോ-ടെററിസം കുറ്റം ചുമത്തി വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോയെ ജനുവരിയിൽ യു.എസ് സൈന്യം പിടികൂടിയിരുന്നു. അറബിക്കടലിൽ ഇറാന്റെ എണ്ണക്കടത്ത് തടയാനുള്ള ഉപരോധം അമേരിക്കൻ സൈന്യം ശക്തമാക്കി. ഇറാനിൽ നിന്നുള്ള ഇന്ധനം കടത്തുകയായിരുന്ന സെവൻ എന്ന ചരക്ക് കപ്പൽ യു.എസ് നാവികസേന പിടിച്ചെടുത്തു.

യു.എസ് ഗൈഡഡ് മിസൈൽ ഡിസ്ട്രോയറായ USS Pinckney (DDG 91)ൽ നിന്നുള്ള ഹെലികോപ്റ്ററാണ് കപ്പൽ തടഞ്ഞത്. ഇറാനിയൻ എണ്ണയും ഗ്യാസും വിദേശ വിപണികളിലെത്തിക്കാൻ ശ്രമിക്കുന്ന 19 കപ്പലുകളുടെ 'ഷാഡോ ഫ്ലീറ്റിൽ' (Shadow Fleet) ഉൾപ്പെട്ട കപ്പലാണിത്. ഇറാൻ തുറമുഖങ്ങളിലേക്കോ അവിടെ നിന്നോ ഉള്ള കപ്പൽ ഗതാഗതം തടയാൻ ലക്ഷ്യമിട്ടുള്ള ഉപരോധം തുടങ്ങിയ ശേഷം ഇതുവരെ 37 കപ്പലുകൾ അമേരിക്ക തിരിച്ചയച്ചു കഴിഞ്ഞു. യു.എസ് സെൻട്രൽ കമാൻഡ് (CENTCOM) ആണ് ഇക്കാര്യം അറിയിച്ചത്.

Tags:    
News Summary - US missile attack in the Pacific: Drug smuggling boat destroyed, three dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.