ആനുപാതിക തിരിച്ചടി ഉണ്ടാകുമെന്ന് ഇറാൻ; ആക്രമണങ്ങൾ റദ്ദാക്കിയെന്ന് ട്രംപ്

വാഷിങ്ടൺ: ഇറാനുമേലുള്ള ആക്രമണങ്ങൾ റദ്ദാക്കിയതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനുമായി "വേഗത്തിൽ" ഒരു കരാറിലെത്തുന്നതിന് വിധേയമായാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലാണ് പ്രസിഡന്റിന്റെ പ്രഖ്യാപനം. യു.എസിന്റെയും ഇസ്രായേലിന്റെയും ഏതൊരു ആക്രമണത്തിനും നിർണായകവും ആനുപാതികവുമായ പ്രതികരണം ഉണ്ടാകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. തുർക്കി, പാകിസ്താൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി പ്രത്യേകം ഫോൺ സംഭാഷണത്തിലായിരുന്നു ഇറാന്റെ മുന്നറിയിപ്പ്. ഇതിനുപിന്നാലെയാണ് ഇറാന്റെയും പശ്ചിമേഷ്യൻ രാജ്യങ്ങളുടെയും അഭ്യർഥന മാനിച്ച് ആക്രമണങ്ങൾ നിർത്തിവെച്ചതായി ട്രംപ് പ്രഖ്യാപിച്ചത്.

"ലോകത്തിന്റെ നല്ല ഭാവിക്കും, അതുപോലെ വിജയകരവും സമ്പന്നവുമായ ഇറാന്റെ നിലനിൽപ്പിനും വേണ്ടി, ഒരു കരാറിൽ വേഗത്തിൽ എത്തിച്ചേരാൻ കഴിയുമെന്ന വ്യവസ്ഥയിൽ, ആക്രമണം റദ്ദാക്കാൻ ഞാൻ സമ്മതിച്ചു. ഇസ്രായേൽ രാജ്യം ഈ പ്രതിജ്ഞാബദ്ധതയിൽ എന്നോടൊപ്പം ചേരുന്നു. എല്ലാവരും ജോലിയിൽ പ്രവേശിക്കുക, അത് പൂർത്തിയാക്കുക"-ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഇതുവരെ കാണാത്ത സൈനിക ശക്തിയുമായി ഇറാനെതിരെ പോരാടാൻ യു.എസ് സജ്ജമാണ്. എങ്കിലും ഒരു കരാർ ധാരണകൾ അംഗീകരിച്ചതിനാൽ, ആക്രമണം നിർത്തിവെക്കാൻ ഇറാനും മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങളും ഞങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹുർമുസ് കടലിടുക്ക് ഉടൻ പൂർണ്ണമായി തുറക്കുക, ഇറാന്റെ ആണവ ഭീഷണി അവസാനിപ്പിക്കുക എന്നിവയും കരാറിൽ ഉൾപ്പെടുമെന്നും ട്രംപ് പറഞ്ഞു.

വാരാന്ത്യത്തിൽ ഇറാനെതിരെ യു.എസ് ശക്തമായ ആക്രമണങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ടാകാമെന്ന യു.എസ് മാധ്യമ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത്. മേഖലയിൽ യു.എസ് സംഘർഷം വർധിപ്പിക്കുകയാണെന്ന് തെഹ്റാൻ നേരത്തെ ആരോപിച്ചിരുന്നു. യു.എസുമായി സഹകരിക്കുന്ന ഏതൊരു രാജ്യവും "യുദ്ധജ്വാലയിൽ എരിഞ്ഞടങ്ങുമെന്നും" ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. മേഖലയിൽ സംഘർഷ സാധ്യതയുണ്ടായാൽ അവിടെയുള്ള അമേരിക്കക്കാർ ജാഗ്രത പാലിക്കാനും രാജ്യം വിടാൻ തയ്യാറാകാനും യു.എസ് സർക്കാർ നേരത്തെ നിർദേശം നൽകിയിരുന്നു.

കഴിഞ്ഞ ദിവസം അമേരിക്കൻ സൈനിക സംരക്ഷണത്തിൽ ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന രണ്ട് എണ്ണക്കപ്പലുകൾ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണമുണ്ടായിരുന്നു. മേഖലയിൽ യു.എസിന്റെ സൈനിക നടപടികൾക്കെതിരെ ഇറാൻ സൈനിക നേതൃത്വം ശക്തമായ മുന്നറിയിപ്പ് പുറപ്പെടുവിച്ചതിന് പിന്നാലെയുമായിരുന്നു നടപടി.

ഇതിനുപുറമേ, കുവൈറ്റിലെ സൈനിക കേന്ദ്രം ലക്ഷ്യമാക്കിയിട്ടും ഇറാൻ മിസൈൽ തൊടുവിച്ചിരുന്നു. മറുവശത്ത്, ഇസ്രായേലുമായി ചേർന്ന് ഇറാനെതിരെ കൂടുതൽ ശക്തമായ ആക്രമണം നടത്തുമെന്ന് വൈറ്റ്ഹൗസും പ്രതികരിച്ചിരുന്നു.

ഒമാന് സമീപം ഇറാന്റെ നിയന്ത്രണത്തിലുള്ള കടൽപാതയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച ടാങ്കറുകൾക്ക് നേരെയാണ് ആക്രമണം നടത്തിയതെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) അറിയിച്ചു. സംഭവത്തെ തുടർന്ന് സമീപത്തുണ്ടായിരുന്ന മറ്റ് ചില കപ്പലുകൾ യാത്ര ഉപേക്ഷിച്ച് തിരിച്ചുപോയതായും റിപ്പോർട്ടുകളുണ്ട്. ഇറാനെതിരായ സൈനിക സമ്മർദം തുടരുകയാണെങ്കിൽ അതിന്റെ പ്രത്യാഘാതം പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങൾക്കും അനുഭവിക്കേണ്ടിവരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാനെതിരെ യു.എസ് രണ്ടാം ഘട്ട ആക്രമണം ആരംഭിച്ചിട്ട് 21 ദിവസം പിന്നിട്ടു. നേരത്തെ ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധത്തിൽ ഏപ്രിൽ എട്ടിനായിരുന്നു വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നത്.

Tags:    
News Summary - ആനുപാതിക തിരിച്ചടി ഉണ്ടാകുമെന്ന് ഇറാൻ; ആക്രമണങ്ങൾ റദ്ദാക്കിയെന്ന് ട്രംപ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.