ഇസ്ലാമാബാദ്: പാകിസ്താനിലെ വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ സ്വാത് ജില്ലയിലെ കബാൽ പൊലീസ് സ്റ്റേഷനു സമീപം ചാവേർ ആക്രമണം. സ്ഫോടനത്തിൽ പൊലീസ് ഉദ്യോഗസ്ഥരടക്കം 14 പേർ കൊല്ലപ്പെടുകയുും നിരവധി പേർക്ക് പരിക്കേറ്റതായും അസോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.
പ്രദേശത്ത് സുരക്ഷ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി സ്വാത് അമൻ ജിർഗ എന്ന പ്രാദേശിക ഗോത്രസമിതി സംഘടിപ്പിച്ച സ്വാത് പീസ് റാലി നൂറുകണക്കിന് ആളുകളുടെ പങ്കാളിത്തത്തോടെയായിരുന്നു നടന്നത്. റാലി കബാൽ പൊലീസ് സ്റ്റേഷനു സമീപം എത്തിയപ്പോഴാണ് ശക്തമായ സ്ഫോടനം ഉണ്ടായത്. പ്രാഥമിക അന്വേഷണത്തിൽ ഇത് ചാവേർ ബോംബാക്രമണമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
സ്ഫോടനത്തിന്റെ ആഘാതത്തിൽ നിരവധി വാഹനങ്ങൾ തകർന്നതോടൊപ്പം റോഡിലാകെ അവശിഷ്ടങ്ങൾ ചിതറിക്കിടന്നു. കനത്ത പുക ഉയർന്നതോടെ റാലിയിൽ പങ്കെടുത്തവർ പരിഭ്രാന്തരായി ചിതറിയോടി. സംഭവത്തിന് പിന്നാലെ പൊലീസ്, രക്ഷാപ്രവർത്തകർ, മറ്റ് സുരക്ഷാസേനകൾ എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ആംബുലൻസുകളിൽ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു തീവ്രവാദ സംഘടനയും ഏറ്റെടുത്തിട്ടില്ല. എന്നാൽ അഫ്ഗാനിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള ഖൈബർ പഖ്തുൻഖ്വയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി തീവ്രവാദ പ്രവർത്തനങ്ങൾ വീണ്ടും ശക്തിപ്പെട്ടിട്ടുണ്ട്. സുരക്ഷാസേന, പൊലീസ്, സർക്കാർ സ്ഥാപനങ്ങൾ, സാധാരണ ജനങ്ങൾ എന്നിവരെ ലക്ഷ്യമിട്ട് ബോംബാക്രമണങ്ങളും സായുധ ആക്രമണങ്ങളും പതിവായി നടക്കുകയാണ്.
പ്രത്യേകിച്ച് ഒരുകാലത്ത് തീവ്രവാദ പ്രവർത്തനങ്ങൾക്ക് കുപ്രസിദ്ധമായിരുന്ന സ്വാത് താഴ്വരയിൽ അടുത്തകാലത്തായി വീണ്ടും സായുധസംഘങ്ങളുടെ സാന്നിധ്യം വർധിച്ചതായി സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.