ഇന്തോനേഷ്യയിൽ യാത്രാ ഫെറിക്ക് തീപിടിച്ചു; അഞ്ച് പേർ മരിച്ചു, 41 പേരെ കാണാനില്ല, രക്ഷാദൗത്യം തുടരുന്നു

ജക്കാർത്ത: ഇന്തോനേഷ്യയിലെ മദുര ദ്വീപിന് സമീപം യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ഫെറി കടലിൽവെച്ച് തീപിടിച്ചതിനെ തുടർന്ന് അഞ്ച് പേർ മരിക്കുകയും 41 പേരെ കാണാതാകുകയും ചെയ്തു. നിരവധി രക്ഷാകപ്പലുകളും കോസ്റ്റ് ഗാർഡും ഉൾപ്പെട്ട സംഘങ്ങൾ വ്യാപക തിരച്ചിൽ നടത്തുകയാണെന്ന് രാജ്യത്തെ ദേശീയ തിരച്ചിൽ രക്ഷാപ്രവർത്തന ഏജൻസി അറിയിച്ചു.

ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കെ.എം.പി മുത്തിയാര സെന്തോസ 2 എന്ന ഫെറി കിഴക്കൻ ജാവയിലെ സുരബായയിലെ തൻജുങ് പെറാക് തുറമുഖത്ത് നിന്ന് മകാസറിലേക്ക് യാത്രതിരിച്ചതായിരുന്നു. യാത്രക്കിടെ ഫെറിക്ക് തീപിടിച്ചതായി ക്യാപ്റ്റൻ അറിയിച്ചതിനെ തുടർന്ന് അടിയന്തര രക്ഷാപ്രവർത്തനം ആരംഭിച്ചു.

യാത്രാ കപ്പലിൽ ഏകദേശം 271 യാത്രക്കാരും ജീവനക്കാരും ഉണ്ടായിരുന്നെന്നാണ് വിവരം. തീപിടിത്തത്തെ തുടർന്ന് യാത്രക്കാരിൽ പലരും ജീവൻ രക്ഷിക്കാൻ കടലിലേക്ക് ചാടിയതായും റിപ്പോർട്ടുകളുണ്ട്. നിരവധി മത്സ്യബന്ധന ബോട്ടുകളും സമീപത്തുണ്ടായിരുന്ന കപ്പലുകളും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു.

അപകടത്തിൽ ഇതുവരെ അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തിയതായി അധികൃതർ സ്ഥിരീകരിച്ചു. 41 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് ആശങ്ക. രക്ഷപ്പെടുത്തിയവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.

തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കപ്പലിന്റെ എൻജിൻ ഭാഗത്തുനിന്നോ മറ്റ് സാങ്കേതിക തകരാറുകളാലോ തീപടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഇന്തോനേഷ്യൻ അധികൃതർ അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹ രാജ്യങ്ങളിലൊന്നായ ഇന്തോനേഷ്യയിലെ പ്രധാന ഗതാഗത മാർഗങ്ങളിലൊന്ന് ഫെറി യാത്ര. കഴിഞ്ഞ വർഷങ്ങളിലും സമാനമായ നിരവധി അപകടങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2025 ജൂലൈയിൽ വടക്കൻ സുലവേസി പ്രവിശ്യക്ക് സമീപം ഒരു ഫെറിക്ക് തീപിടിച്ചതിനെ തുടർന്ന് മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. 150 ഓളം പേരെയാണ് അപകടത്തിൽനിന്ന് രക്ഷപ്പെടുത്തിയത്.

Tags:    
News Summary - ഇന്തോനേഷ്യയിൽ യാത്രാ ഫെറിക്ക് തീപിടിച്ചു | അഞ്ച് പേർ മരിച്ചു | 41 പേരെ കാണാനില്ല

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.