ഫയൽ ചിത്രം
തെഹ്റാൻ: ഇറാനിലെ തന്ത്രപ്രധാനമായ തെക്കൻ നഗരങ്ങളിൽ വീണ്ടും സ്ഫോടനങ്ങൾ കേട്ടതായി റിപ്പോർട്ടുകൾ. ആണവനിലയം സ്ഥിതി ചെയ്യുന്ന ബുശെറിന് സമീപവും ജോഘതക്, കൊനാരക്ക് തുടങ്ങിയ നഗരങ്ങളിലും വ്യാഴാഴ്ച രാത്രി വലിയ സ്ഫോടനങ്ങൾ ഉണ്ടായതായാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, ഈ ആക്രമണങ്ങൾക്ക് പിന്നിൽ തങ്ങളല്ലെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചു.
സംഭവത്തിന് പിന്നാലെ യു.എസ് സെൻട്രൽ കമാൻഡ് അൽ ജസീറയോട് പ്രതികരിച്ചതിലാണ് ആക്രമണം നിഷേധിച്ചത്. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ഇറാനിൽ യു.എസ് സൈന്യം യാതൊരുവിധ വ്യോമാക്രമണങ്ങളും നടത്തിയിട്ടില്ലെന്നാണ് യു.എസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.
അതേസമയം ബുശെറിലെ സ്ഫോടനങ്ങൾക്ക് കാരണം തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ പ്രവർത്തനമാണെന്ന് ബുശെർ ഡെപ്യൂട്ടി ഗവർണർ ഇഹ്‌സാൻ ജഹാനിയാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എയോട് വെളിപ്പെടുത്തി. നഗരത്തിന് പുറത്തുള്ള സൈനിക ആസ്ഥാനത്ത് അജ്ഞാതമായ ഒരു പ്രൊജക്റ്റൈൽ പതിച്ചതായും അദ്ദേഹം സ്ഥിരീകരിച്ചു.
രാജ്യത്തെ പ്രധാന ആണവനിലയങ്ങളിലൊന്ന് സ്ഥിതി ചെയ്യുന്ന ബുശെറിന് സമീപവും ജോഘതക് നഗരത്തിലും വ്യാഴാഴ്ച രാത്രി വൈകിയും വലിയ സ്ഫോടനങ്ങൾ ഉണ്ടായതായി 'മെഹർ' വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെ തെക്കൻ നഗരമായ കൊനാരക്കിലും മൂന്ന് സ്ഫോടനങ്ങൾ ഉണ്ടായതായി സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളോ നാശനഷ്ടങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളോ പുറത്തുവിട്ടിട്ടില്ല. അതേസമയം, നേരത്തെ ബന്ദർ അബ്ബാസിൽ സ്ഫോടനം നടന്നുവെന്ന വാർത്ത മെഹർ ഏജൻസി നിഷേധിച്ചിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച മുതൽ യു.എസും ഇറാനും പരസ്പരം ആക്രമണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഹുർമുസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം രൂക്ഷമായത്. തുടർന്ന് ഇറാനിലേക്ക് യു.എസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഖത്തർ, ബഹ്‌റൈൻ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.