ബിന്യമിൻ നെതന്യാഹു

യുദ്ധം അവസാനിച്ചിട്ടില്ലെന്ന് നെതന്യാഹു; പുതിയ സൈനിക നടപടികൾക്ക് കോപ്പുകൂട്ടി ഇസ്രായേലും അമേരിക്കയും

ജറുസലേം: ഇറാനെതിരായ യുദ്ധം അവസാനിച്ചിട്ടില്ലെന്നും പുതിയ വെല്ലുവിളികൾക്കായി രാജ്യം സജ്ജമാണെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഇസ്രായേലിലെ ഹാറ്റ്‌സെരിം വ്യോമതാവളത്തിൽ നടന്ന ബിരുദദാന ചടങ്ങിൽ സംസാരിക്കവെയാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്. അസ്ഥിരമായ പശ്ചിമേഷ്യയിൽ ഇസ്രായേലിന്റെ സുരക്ഷ നിലനിർത്താൻ വ്യോമമേധാവിത്വം അനിവാര്യമാണെന്നും, അത് തങ്ങളുടെ ദേശീയ സുരക്ഷയുടെ പ്രധാന അടിത്തറയാണിതെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.

ഇതിനിടെ, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നെതന്യാഹു ടെലിഫോണിൽ സംസാരിക്കുകയും ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക നീക്കങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക ഏകോപനം തുടരുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ഇസ്രായേൽ സൈനിക മേധാവി എയാൽ സമിറും സമാനമായ മുന്നറിയിപ്പാണ് നൽകിയത്. ഇറാനെതിരെയുള്ള സൈനിക നടപടികൾ അവസാനിച്ചിട്ടില്ലെന്നും, നിലവിൽ പുതിയ പ്ലാനുകൾ തയാറെടുപ്പിലാണെന്നും എയാൽ പറഞ്ഞു. വരാനിരിക്കുന്ന ദിവസങ്ങളിൽ വലിയ സൈനിക നീക്കങ്ങൾ ഉണ്ടായേക്കാമെന്നും അതിനാൽ സൈന്യം ജാഗ്രത പാലിക്കണമെന്നും സൈനിക മേധാവി നിർദ്ദേശിച്ചു. ആവശ്യമെങ്കിൽ ഇറാനെതിരെ മൂന്നാം തവണയും ആക്രമണം നടത്താൻ ഇസ്രായേൽ സജ്ജമാണെന്ന് പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സും ചടങ്ങിൽ വ്യക്തമാക്കി.

അതേസമയം, ഇറാനെതിരെയുള്ള യു.എസിന്റെ സൈനിക നീക്കങ്ങളിൽ പങ്കാളിയാകാൻ ഇസ്രായേൽ തയാറെടുക്കുന്നതായി റിപ്പോർട്ടുകളുണ്ട്.  ട്രംപിന്റെ പച്ചക്കൊടിക്കായി ഇസ്രായേൽ കാത്തിരിക്കുകയാണെന്നാണ് റിപ്പോർട്ട്. എന്നാൽ, യു.എസ് ആവശ്യപ്പെട്ടാൽ മാത്രം ഇസ്രായേൽ സൈന്യം ആക്രമണത്തിൽ പങ്കുചേരുമെന്നും, നേരിട്ടുള്ള ഉൾപ്പെടുത്തലിന് നിലവിൽ സാധ്യത കുറവാണെന്നുമാണ് 'ജെറുസലേം പോസ്റ്റ്' റിപ്പോർട്ട് ചെയ്യുന്നത്.

ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തെ ചൊല്ലിയുള്ള തർക്കമാണ് പുതിയ സൈനിക സംഘർഷങ്ങൾക്ക് വഴിവെച്ചത്. ഖത്തർ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുടെ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള  ധാരണാപത്രം അവസാനിച്ചതായി യു.എസ് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചതോടെയാണ് മേഖലയിൽ ആക്രമണം രൂക്ഷമായത്. 

ഫെബ്രുവരി 28-ന് തുടങ്ങിയ യു.എസ്-ഇസ്രായേൽ യുദ്ധത്തിൽ കൊല്ലപ്പെട്ട ഇറാനിലെ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ സംസ്കാര ചടങ്ങുകൾക്കായി നയതന്ത്ര ചർച്ചകൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ചർച്ചകൾ തിങ്കളാഴ്ച പുനരാരംഭിക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ യു.എസ് നടത്തിയ ആക്രമണത്തിൽ ഇറാനിൽ ഇതുവരെ 14 പേർ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരണം. 

Tags:    
News Summary - Israeli prime minister says Iran war ‘has not ended’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.