യു.എസ് ഇടക്കാല തെരഞ്ഞെടുപ്പ്: ട്രംപിന് തിരിച്ചടി; ഇന്ത്യൻ വംശജരുടെ പിന്തുണ ഡെമോക്രാറ്റുകൾക്കെന്ന് സർവേ
വാഷിങ്ടൺ: നവംബറിൽ നടക്കാനിരിക്കുന്ന യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും കനത്ത തിരിച്ചടിയാകുമെന്ന് സർവേ റിപ്പോർട്ട്. അമേരിക്കയിലെ ഇന്ത്യൻ വംശജരായ വോട്ടർമാർക്കിടയിൽ ട്രംപിന്റെ ജനപ്രീതിയിൽ വൻ ഇടിവ് സംഭവിച്ചതായും, ഭൂരിഭാഗം പേരും ഡെമോക്രാറ്റിക് പാർട്ടിക്ക് വോട്ട് ചെയ്യാൻ പദ്ധതിയിടുന്നതായും പുതിയ സർവേ വ്യക്തമാക്കുന്നു. 70 ശതമാനം ഏഷ്യൻ-അമേരിക്കൻ വോട്ടർമാരും ട്രംപിന്റെ പ്രവർത്തനങ്ങളിൽ കടുത്ത അതൃപ്തരാണ്.
എ.എ.പി.ഐ ഡാറ്റ നടത്തിയ സർവേ പ്രകാരം, ജനപ്രതിനിധി സഭയിലേക്ക് 66 ശതമാനം ഇന്ത്യൻ വംശജരും ഡെമോക്രാറ്റിക് സ്ഥാനാർഥികളെ പിന്തുണക്കാൻ തീരുമാനിച്ചപ്പോൾ, വെറും 22 ശതമാനം പേർ മാത്രമാണ് റിപ്പബ്ലിക്കൻ പാർട്ടിക്ക് വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കിയത്. സെനറ്റ് തെരഞ്ഞെടുപ്പിലും ചിത്രം സമാനമാണ്; 66 ശതമാനം പേർ ഡെമോക്രാറ്റുകൾക്കും 18 ശതമാനം പേർ റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്കും പിന്തുണ പ്രഖ്യാപിച്ചു. ഏഷ്യൻ വംശജരായ അമേരിക്കൻ സമൂഹങ്ങളിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകുന്നത് ഇന്ത്യൻ വംശജരാണെന്നും സർവേ ചൂണ്ടിക്കാണിക്കുന്നു.
2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന് അനുകൂലമായി നിലപാടെടുത്ത സമൂഹത്തിനിടയിലാണ് ഇപ്പോൾ ഈ വലിയ മാറ്റം സംഭവിച്ചിരിക്കുന്നത്. അമേരിക്കയിലെ ഏകദേശം 20 ലക്ഷത്തോളം വരുന്ന ഇന്ത്യൻ വംശജർ ഡെമോക്രാറ്റുകളുടെ ഉറച്ച വോട്ട് ബാങ്കാണെങ്കിലും, 2024ൽ കാർണഗി എൻഡോവ്‌മെൻ്റ് നടത്തിയ സർവേയിൽ 32 ശതമാനം പേർ ട്രംപിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതിൽ വലിയ ഇടിവുണ്ടായി. അതേസമയം, ഇന്ത്യൻ വംശജരായ പുരുഷന്മാർക്കിടയിൽ ട്രംപിന് ഇപ്പോഴും തരക്കേടില്ലാത്ത പിന്തുണയുണ്ട്; ഇവരിൽ 40 ശതമാനത്തോളം പേർ ട്രംപിനെ പിന്തുണക്കുമെന്ന് സർവേയിൽ വ്യക്തമാക്കി.
ഏഷ്യൻ വംശജരായ വോട്ടർമാരെ കേന്ദ്രീകരിച്ച് നടത്തിയ സർവേയിൽ, ജീവിതച്ചെലവ്, പണപ്പെരുപ്പം, ആരോഗ്യ സംരക്ഷണം, കുറ്റകൃത്യങ്ങൾ, വംശീയത എന്നിവയാണ് പ്രധാന ആശങ്കകളായി ഉയർന്നുവന്നത്. ഇറാനുമായുള്ള സാമ്പത്തികമായി തളർത്തുന്ന സംഘർഷം തുടരുന്ന സാഹചര്യത്തിൽ, സർവേയിൽ പങ്കെടുത്ത 78 ശതമാനം പേരും യുദ്ധവും വിദേശനയവും തെരഞ്ഞെടുപ്പിലെ സുപ്രധാന വിഷയങ്ങളാണെന്ന് അഭിപ്രായപ്പെട്ടു.
പ്രധാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ റിപ്പബ്ലിക്കൻ പാർട്ടിയേക്കാൾ വലിയ മാർജിനിൽ ഡെമോക്രാറ്റുകളെയാണ് വോട്ടർമാർ വിശ്വസിക്കുന്നത്. ജീവിതച്ചെലവും പണപ്പെരുപ്പവും നിയന്ത്രിക്കുന്നതിൽ ഡെമോക്രാറ്റുകൾ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് 44% പേർ വിശ്വസിക്കുമ്പോൾ, റിപ്പബ്ലിക്കൻ പാർട്ടിയെ അനുകൂലിക്കുന്നത് 18% മാത്രമാണ്.
എ.എ.പി.ഐ ഡാറ്റയുടെ കണ്ടെത്തലുകൾ ശരിവെക്കുന്നതാണ് 2026-ലെ കാർണഗി എൻഡോവ്‌മെൻ്റ് റിപ്പോർട്ടും. വൈറ്റ് ഹൗസിലെ ട്രംപിന്റെ രണ്ടാം ഊഴത്തിലെ ആദ്യ വർഷത്തെ പ്രവർത്തനങ്ങളിൽ 71 ശതമാനം ഇന്ത്യൻ വംശജരും വിയോജിപ്പ് പ്രകടിപ്പിച്ചു. താരിഫ് ഉൾപ്പെടെയുള്ള സർക്കാരിന്റെ പ്രധാന സാമ്പത്തിക നയങ്ങളോടും കുടിയേറ്റ വിഷയങ്ങളിലെ അദ്ദേഹത്തിന്റെ സമീപനത്തോടും ഭൂരിഭാഗം പേർക്കും എതിർപ്പാണ്.
ഡെമോക്രാറ്റിക് പാർട്ടിയോടുള്ള ആഭിമുഖ്യം 2020 മുതൽ 2026 വരെയുള്ള കാലയളവിൽ 52 ശതമാനത്തിൽ നിന്ന് 46 ശതമാനമായി കുറഞ്ഞിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. എന്നാൽ റിപ്പബ്ലിക്കൻ പാർട്ടിയെ പിന്തുണക്കുന്നവരുടെ എണ്ണം ഇതിലും വളരെ താഴെയാണ് (19%).
യു.എസിൽ വർദ്ധിച്ചുവരുന്ന വംശീയത അമേരിക്കയിലെ ഇന്ത്യൻ വംശജരെ വലിയ രീതിയിൽ ആശങ്കയിലാക്കുന്നുണ്ട്. ട്രംപിന്റെ സഖ്യത്തിലെ തീവ്ര വലതുപക്ഷക്കാരിൽ നിന്നുള്ള അധിക്ഷേപങ്ങളാണ് പ്രധാന പ്രശ്നം. റിപ്പബ്ലിക്കൻ പാർട്ടിയെ പിന്തുണക്കാത്ത ഇന്ത്യൻ വംശജരിൽ 27 ശതമാനം പേരും അതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത് പാർട്ടി ന്യൂനപക്ഷങ്ങളോട് കാണിക്കുന്ന അസഹിഷ്ണുതയാണ്. 2024-നെ അപേക്ഷിച്ച് ഇതിൽ 10 ശതമാനത്തിന്റെ വർധനവുണ്ടായിട്ടുണ്ട് എന്നത് റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത മുന്നറിയിപ്പാണ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.