‘മുസ്‍ലിം കുടുംബത്തിലെ ആഭ്യന്തര കാര്യം’; മക്ക കരാറിൽ ചേരാൻ സന്നദ്ധത അറിയിച്ച് ബംഗ്ലാദേശ്

ധാക്ക: പാകിസ്താൻ, സൗദി അറേബ്യ, തുർക്കിയ എന്നീ രാജ്യങ്ങൾ തമ്മിൽ പുതുതായി ഒപ്പുവെച്ച മക്ക പ്രതിരോധ കരാറിൽ ചേരുന്നതിൽ സന്നദ്ധത അറിയിച്ച് ബംഗ്ലാദേശ്. തങ്ങൾക്ക് ഇതുവരെ ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടില്ലെങ്കിലും, ബംഗ്ലാദേശിനെ കൂടി കരാറിന്റെ ഭാഗമാക്കാൻ ഉദ്ദേശമുണ്ടെങ്കിൽ അനുകൂലമായി പരിഗണിക്കുമെന്ന് ധാക്ക വ്യക്തമാക്കി.

കരാറിൽ ചേരുന്നതു വഴി മറ്റ് പങ്കാളി രാജ്യങ്ങളുമായുള്ള ബംഗ്ലാദേശിന്റെ നയതന്ത്ര ബന്ധങ്ങൾക്ക് യാതൊരുവിധ തടസ്സവും നേരിടില്ലെന്ന് വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീർ പറഞ്ഞു. ആഗസ്റ്റ് 7-നാണ് പാകിസ്താൻ, സൗദി അറേബ്യ, തുർക്കിയ എന്നീ മൂന്ന് രാജ്യങ്ങൾ ചേർന്ന് 'മക്ക സംയുക്ത പ്രതിരോധ കരാറി'ൽ ഒപ്പുവെച്ചത്.

നയതന്ത്ര കാര്യങ്ങളിൽ ബംഗ്ലാദേശ് എപ്പോഴും വളരെ സന്തുലിതമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും, പുതിയ കരാർ തങ്ങൾക്ക് തികച്ചും വ്യത്യസ്തമായ പുതിയ അവസരങ്ങളാണ് തുറന്നുതരുന്നതെന്നും വിദേശകാര്യ മന്ത്രാലയത്തിൽ വെച്ച് സൗദി അംബാസഡർ അബ്ദുല്ല സഫർ ബിൻ അബിയായുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ഹുമയൂൺ കബീർ പറഞ്ഞു. രാജ്യത്തിന്റെ ദേശീയ സുരക്ഷയും വിദേശനയവും കാലഘട്ടത്തിന്റെ മാറ്റങ്ങൾക്ക് അനുസൃതമായി വിപുലപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ കരാറിൽ ചേരുന്നതിനെക്കുറിച്ച് ബംഗ്ലാദേശ് പാർലമെന്റിലും ചർച്ചകൾ നടന്നിട്ടുണ്ട്. തങ്ങൾക്ക് ഔദ്യോഗിക ക്ഷണം ലഭിക്കുകയാണെങ്കിൽ ഈ പ്രതിരോധ കരാറിൽ ചേരുന്ന കാര്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് വിദേശകാര്യ മന്ത്രി ഖലീലുർറഹ്മാൻ കഴിഞ്ഞ ദിവസം പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു.

ഇതൊരു മുസ്‍ലിം കുടുംബത്തിന്റെ ആഭ്യന്തര കാര്യമാണെന്നും ഇതിൽ മറ്റ് ബാഹ്യശക്തികൾ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മറ്റുള്ളവരുടെ മുന്നിൽ തലകുനിക്കുന്ന അടിമത്ത വിദേശനയം ബംഗ്ലാദേശ് ഉപേക്ഷിച്ചതായും അദ്ദേഹം വ്യക്തമാക്കി.

പാകിസ്താൻ, സൗദി അറേബ്യ, തുർക്കിയ എന്നീ രാജ്യങ്ങൾ തങ്ങളുടെ ആദ്യ ഉന്നതതല യോഗത്തിന് തയാറെടുക്കുന്നതിനിടയിലാണ് ബംഗ്ലാദേശിന്റെ ഭാഗത്തുനിന്നും ഈ അനുകൂല പ്രതികരണങ്ങൾ വരുന്നത്. പാകിസ്താനെ പ്രതിനിധീകരിച്ച് ഉപപ്രധാനമന്ത്രി മുഹമ്മദ് ഇഷാഖ് ദാർ, പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്, ഫീൽഡ് മാർഷൽ അസിം മുനീർ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

നാറ്റോയുടെ ആർട്ടിക്കിൾ 5 മാതൃകയിൽ, ഈ മൂന്ന് രാജ്യങ്ങളിൽ ഒന്നിനുമേൽ ഉണ്ടാകുന്ന ആക്രമണം തങ്ങൾക്കെല്ലാമുള്ള ആക്രമണമായി കണക്കാക്കുന്നതാണ് 'മക്ക കരാർ'. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിരോധ ഉൽപാദനത്തിലും സംയുക്ത സൈനികാഭ്യാസങ്ങളിലും പരസ്പരം സഹകരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പുതിയ സൈനിക സഖ്യം.

Tags:    
News Summary - Bangladesh open to join Mecca Pact with Pakistan, Saudi Arabia and Turkey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.