വാഷിങ്ടൺ: ഹുർമുസിൽ മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്സിനെതിരെ (ഐ.ആർ.ജി.സി) യു.എസ് നടത്തിയ ആക്രമണം 'കടന്നുകയറ്റമാണെന്ന' ഇറാന്റെ വാദം തള്ളി യു.എസ് സെൻട്രൽ കമാൻഡ് . ഇറാന്റെ ഈ അവകാശവാദം തികച്ചും തെറ്റാണെന്ന് സെൻട്രൽ കമാൻഡ് എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ആഗോളതലത്തിൽ ഏറെ തന്ത്രപ്രധാനമായ ഈ ജലപാതയിൽ വലിയ ഭീഷണി ഉയർത്തിയ ഐ.ആർ.ജി.സിയുടെ നീക്കങ്ങൾക്കെതിരെ വളരെ കൃത്യവും കൃത്യസമയത്തുള്ളതുമായ നടപടിയാണ് അമേരിക്കൻ സേന സ്വീകരിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
ഹുർമുസ് കടലിടുക്കിന്റെ വടക്കേ അറ്റത്തുള്ള ലാറക് ദ്വീപിലെ രണ്ട് ഇറാനിയൻ മിസൈൽ ലോഞ്ചറുകൾ ലക്ഷ്യമിട്ടാണ് യു.എസ് സൈന്യം വ്യോമാക്രമണം നടത്തിയത്. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും സിവിലിയൻ നാവികർക്കും ഭീഷണിയാകും വിധം കടൽ മൈനുകളും റോക്കറ്റുകളും സ്ഥാപിക്കാൻ ഐ.ആർ.ജി.സി തയാറെടുക്കുന്നതായി അമേരിക്കൻ നിരീക്ഷണത്തിൽ വ്യക്തമായതിനെ തുടർന്നാണ് മുൻകരുതൽ നടപടിയെന്നോണം ആക്രമണം നടത്തിയതെന്ന് യു.എസ് അവകാശപ്പെട്ടു.
എന്നാൽ അമേരിക്കയുടെ ഈ സൈനിക നീക്കം കടന്നുകയറ്റമാണെന്ന് വിശേഷിപ്പിച്ച ഇറാൻ, ഇതിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. തുടർന്ന് ജോർഡനിലെ രണ്ട് യു.എസ് വ്യോമതാവളങ്ങൾക്ക് നേരെ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതായി ഇറാനിയൻ മാധ്യമമായ 'പ്രസ് ടിവി' റിപ്പോർട്ട് ചെയ്തു. എങ്കിലും, ഈ മിസൈൽ ആക്രമണങ്ങൾ ജോർഡൻ വ്യോമ പ്രതിരോധ സേന വിജയകരമായി പ്രതിരോധിച്ചു.
ഇറാനെതിരെ പുതിയ സൈനിക നടപടി വലിയൊരു തന്ത്രപരമായ അബദ്ധമാണെന്നും, പുതിയ സാമ്പത്തിക ഉപരോധങ്ങളുടെ പശ്ചാത്തലത്തിൽ ഉണ്ടായ ഈ തെറ്റായ നീക്കം അമേരിക്കക്ക് കനത്ത തിരിച്ചടിയാകുമെന്നും ഐ.ആർ.ജി.സി വക്താവ് ഹുസൈൻ മുഹെബി മുന്നറിയിപ്പ് നൽകി. കുറ്റവാളികൾക്കെതിരെ നേരിട്ടുള്ള പ്രതികാര നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാൻ്റെ ആഗോള സാമ്പത്തിക സ്രോതസ്സുകൾ ലക്ഷ്യമിട്ട് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് ആഗസ്റ്റ് 24-ന് 'ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്' പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ ഈ സൈനിക ഏറ്റുമുട്ടൽ വാഷിങ്ടണും തെഹ്റാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.