ഹ്യൂസ്റ്റൻ: യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ മലയാളികൾക്ക് ജയം. മിസൂറി സിറ്റി മേയറായി റോബിൻ ഇലക്കാട്, ടെക്സസിലെ ഫോർട്ട് ബെൻഡ് കൗണ്ടിയിൽ ജഡ്ജ് കെ.പി. ജോർജ്, ജഡ്ജ് ജൂലി മാത്യു എന്നിവർ രണ്ടാം തവണയും വിജയിച്ചു. ആറ് മലയാളികളാണ് ഫോർഡ് ബെൻഡ് കൗണ്ടിയിൽ മത്സരരംഗത്ത് ഉണ്ടായിരുന്നത്. ഡാൻ മാത്യുസ്, ജെയ്സൺ ജോസഫ് എന്നിവർ പിന്നിലായി.
മിസൂറി സിറ്റി മേയർസ്ഥാനത്തേക്ക് വീണ്ടും മത്സരിച്ച റോബിൻ ജെ. ഇലക്കാട്ട് വൻ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. യോലാൻഡ ഫോർഡിനെയാണ് റോബിൻ പരാജയപ്പെടുത്തിയത്. കോട്ടയം കുറുമുള്ളൂർ സ്വദേശിയാണ് റോബിൻ. 40 വർഷമായി യു.എസിലാണ്.
കൗണ്ടി ജഡ്ജ് സ്ഥാനത്തേക്ക് മത്സരിച്ച ഡെമോക്രാറ്റിക് സ്ഥാനാർഥി കെ.പി. ജോർജ് 51.57 ശതമാനം വോട്ട് നേടി വിജയിച്ചു. കോർട്ട് അറ്റ് ലോ നമ്പർ ത്രീയിൽ മത്സരിച്ച ജഡ്ജ് ജൂലി എ. മാത്യു നേരിയ ഭൂരിപക്ഷത്തിൽ വിജയിച്ചു.
ഇലനോയ് സംസ്ഥാനത്തിന്റെ 103മത് ജനറൽ അസംബ്ലിയിലേക്ക് ഡെമോക്രാറ്റിക് സ്ഥാനാർഥി കെവിൻ ഓലിക്കൽ ജയിച്ചതും മലയാളികൾക്ക് അഭിമാനമായി.
കെവിന് 16,080 വോട്ട് ലഭിച്ചപ്പോൾ എതിരാളി റിപ്പബ്ലിക്കൻ പാർട്ടിയിലെ വിൻസ് റൊമാനോക്ക് 6,978 വോട്ടാണ് നേടാനായത്. എബ്രഹാം ലിങ്കണും ബറാക് ഒബാമയും പാർലമെന്ററി പ്രവർത്തനം ആരംഭിച്ച ഇലിനോയ് ജനറൽ അസംബ്ലിയിലേക്ക് ഒരു മലയാളി വിജയിക്കുന്നത് ഇതാദ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.