കൊളറാഡോ (യു.എസ്): കൊളറാഡോ സുപ്രീംകോടതിയിൽ അതിക്രമിച്ച് കയറിയ ആയുധധാരി വെടിയുതിർത്തു. അമേരിക്കൻ സുപ്രീം കോടതിയുടെ ആസ്ഥാനമായ റാൽഫ് എൽ കാർ കൊളറാഡോ ജുഡീഷ്യൽ സെന്‍ററിലാണ് വെടിവെപ്പ് ഉണ്ടായത്.
അമേരിക്കൻ സമയം അർധരാത്രി 1.15നാണ് സുപ്രീംകോടതി സമുച്ചയത്തിനുള്ളിൽ ആയുധധാരി അതിക്രമിച്ചു കയറിയത്. രണ്ട് മണിക്കൂർ നീണ്ട പ്രകോപനത്തിന് ശേഷം മൂന്നു മണിയോടെ അക്രമി പൊലീസ് മുമ്പിൽ കീഴടങ്ങി. കെട്ടിടത്തിന് കേടുപാട് സംഭവിച്ചെങ്കിലും ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല.
അതേസമയം, വെടിവെപ്പ് നടത്തിയത് 44കാരനായ ബ്രാൻഡൻ ഓൾസണാണെന്ന് ഡെൻവർ പൊലീസ് വ്യക്തമാക്കി. കവർച്ച, തീവെപ്പ് എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ഡെൻവർ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് ചുമത്തിയിട്ടുള്ളത്.
കോടതി സമുച്ചയത്തിന് സമീപം രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചതിന് പിന്നാലെ, അപകടത്തിൽപ്പെട്ട ഒരാൾ മറ്റൊരു ഡ്രൈവർക്ക് നേരെ കൈത്തോക്ക് ചൂണ്ടുകയും കോടതി കെട്ടിടത്തിന്‍റെ കിഴക്ക് വശത്തുള്ള ജനലിന് നേരെ വെടിവെച്ച് അകത്തു കയറുകയുമായിരുന്നു. തുടർന്ന് ആയുധധാരി ഒരു സുരക്ഷാ ഉദ്യോഗസ്ഥനുമായി ഏറ്റുമുട്ടി. ഗാർഡിനെ തോക്കിൻമുനയിൽ നിർത്തി താക്കോലുകൾ വാങ്ങി കൈക്കലാക്കി കെട്ടിടത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പോയ അക്രമി ഏഴാം നിലയിലെത്തി വെടിയുതിർക്കുകയായിരുന്നു.
കാപിറ്റോളിൽ കലാപ സമാനമായ പ്രതിഷേധം നടന്നതില്‍ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കൊളറാഡോ സുപ്രീംകോടതി കഴിഞ്ഞ ആഴ്ച വിലക്കിയിരുന്നു. കോടതി വിധി പുറത്തു വന്നതിന് പിന്നാലെ നാല് ജഡ്ജിമാർക്കെതിരെ ഓൺലൈൻ മാധ്യമങ്ങളിൽ ഭീഷണി സന്ദേശങ്ങൾ പ്രചരിക്കുകയും ചെയ്തു. എന്നാൽ, ഭീഷണി സന്ദേശവും ഇപ്പോഴത്തെ വെടിവെപ്പും തമ്മിൽ നേരിട്ട് ബന്ധമില്ലെന്നാണ് കൊളറാഡോ സ്റ്റേറ്റ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.