കരാറിലെത്തിയില്ലെങ്കിൽ ഹുർമുസിൽ ടോൾ ഏർപ്പെടുത്തുമെന്ന് ട്രംപിന്റെ ഭീഷണി

സ്വിറ്റ്സർലൻഡ്: യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ധാരണാപത്രം നടപ്പിലാക്കുന്നതിന്റെ ഭാഗമായി അമേരിക്കയും ഇറാനും തമ്മിലുള്ള നിർണായക ചർച്ചകൾ ഞായറാഴ്ച സ്വിറ്റ്സർലൻഡിൽ ആരംഭിച്ചു.

ഹുർമുസ് കടലിടുക്ക് വീണ്ടും അടച്ചെന്ന ഇറാന്റെ പ്രഖ്യാപനത്തെത്തുടർന്ന് മേഖലയിൽ സംഘർഷം ഉടലെടുത്ത പശ്ചാത്തലത്തിലാണ് ചർച്ചകൾ നടക്കുന്നത്. അതേസമയം, 60 ദിവസത്തിനകം അന്തിമ കരാറിലെത്തിയില്ലെങ്കിൽ ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് അമേരിക്ക ടോൾ ഏർപ്പെടുത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തി. ‘ട്രൂത്ത് സോഷ്യലിൽ’ ആണ് ട്രംപ് ഭീഷണി മുഴക്കിയത്.

യു.എസ് വൈസ് പ്രസിഡൻറ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ സംഘവും, പാർലമെൻറ് സ്പീക്കർ മുഹമ്മദ് ബാഗെർ ഗാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരുടെ നേതൃത്വത്തിലുള്ള ഇറാൻ സംഘവുമാണ് സ്വിറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്ക് റിസോർട്ടിൽ ചർച്ച നടത്തുന്നത്.

പാകിസ്താൻ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ് മധ്യസ്ഥനായി ഈ ചർച്ചകളിൽ പങ്കെടുക്കും. ജാരെഡ് കുഷ്‌നർ, സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരും യു.എസ് സംഘത്തിലുണ്ട്.

ആണവ വിഷയത്തിലും ലബനാൻ വെടിനിർത്തൽ വിഷയത്തിലും പുരോഗതി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യൂറോപ്പിലേക്ക് തിരിക്കും മുൻപ് ജെ.ഡി. വാൻസ് മാധ്യമങ്ങളോട് പറഞ്ഞു.

ലെബനാനിലെ സ്ഥിതിഗതികൾ ശാന്തമാകുന്നുണ്ടെന്നും, ഇസ്രായേലിന്റെയും ലെബനാന്റയും സുരക്ഷ ഉറപ്പാക്കാൻ സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയുടെ നേതൃത്വത്തിലുള്ള സംഘം സജീവമായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ലബനാൻ വെടിനിർത്തൽ കരാറും അമേരിക്കയുമായുള്ള ധാരണാപത്രവും ഇസ്രായേൽ ലംഘിച്ചുവെന്ന് ആരോപിച്ചാണ് ഇറാൻ ഹുർമുസ് കടലിടുക്ക് അടച്ചതായി പ്രഖ്യാപിച്ചത്.

എന്നാൽ ഈ അവകാശവാദം തള്ളിയ അമേരിക്കൻ സൈന്യം, മേഖലയിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടിട്ടില്ലെന്നും കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ കൈകളിലല്ലെന്നും വ്യക്തമാക്കി.

ഇതിന് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. ധാരണപ്രകാരം ആദ്യ 60 ദിവസത്തേക്ക് കടലിടുക്കിലൂടെയുള്ള യാത്രയ്ക്ക് ടോൾ ഈടാക്കില്ല. എന്നാൽ ഇതിനുശേഷം അമേരിക്ക മാത്രമായിരിക്കും ടോൾ ഏർപ്പെടുത്തുകയെന്നും അദ്ദേഹം തന്റെ ‘ട്രൂത്ത് സോഷ്യൽ' പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി.

മിഡിൽ ഈസ്റ്റിലെ രാജ്യങ്ങളുടെ ‘കാവൽ മാലാഖ’ എന്ന നിലയിൽ നൽകിയ സേവനങ്ങൾക്കുള്ള നഷ്ടപരിഹാരമായാണ് ഈ തുക ഈടാക്കുകയെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഭാവിയിൽ ടോൾ ഈടാക്കുന്നത് തടയാൻ നിലവിലെ ധാരണാപത്രത്തിൽ വ്യവസ്ഥയില്ലാത്തത് അമേരിക്കയിൽ ട്രംപിനെതിരെ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

2025 ജൂണിലെ യുദ്ധത്തിന് ശേഷം ആദ്യമായി ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ പരിശോധന നടത്താൻ അന്താരാഷ്ട്ര ആണവോർജ ഏജൻസിക്ക് അനുമതി നൽകുക എന്നതാണ് ചർച്ചയിലെ അമേരിക്കയുടെ പ്രധാന ലക്ഷ്യം. ഇതിന് പകരമായി ഖത്തറിൽ മരവിപ്പിച്ചിട്ടുള്ള കോടിക്കണക്കിന് ഡോളറിന്റെ ഇറാൻ ഫണ്ട് വിട്ടുനൽകാൻ അമേരിക്ക തയ്യാറായേക്കുമെന്ന് ഇസ്രായേൽ മാധ്യമമായ ചാനൽ 12 റിപ്പോർട്ട് ചെയ്തു.

ഈ തുക മരുന്നും ഭക്ഷണവും ഉൾപ്പെടെയുള്ള മാനുഷിക ആവശ്യങ്ങൾക്ക് മാത്രമായിരിക്കും ഉപയോഗിക്കുക. ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങളിലായിരിക്കും പരിശോധന നടക്കുക. ഐ.എ.ഇ.എ ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിയും സാങ്കേതിക ചർച്ചകളിൽ പങ്കെടുക്കും.

ലബനാനിൽ സ്വയം പ്രതിരോധത്തിന് ഒഴികെ വെടിനിർത്തൽ പാലിക്കണമെന്ന് അമേരിക്ക ഇസ്രായേലിനോട് കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേത്തുടർന്ന് ലെബനാനിൽ വെടിനിർത്താൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇസ്രായേൽ സൈന്യത്തിന് നിർദേശം നൽകിയതായാണ് റിപ്പോർട്ട്.

അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണാപത്രത്തിൽ ഇസ്രായേലിന് പങ്കില്ല. യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാനുള്ള കരാറിലെ വ്യവസ്ഥകൾ അമേരിക്കയ്ക്കും ഇറാനും അവരുടെ സഖ്യകക്ഷികൾക്കും ബാധകമാണ്. എന്നാൽ ഇറാന്റെ ആണവ-ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ ഇല്ലാതാക്കുക, ഭരണകൂടത്തെ താഴെയിറക്കുക തുടങ്ങിയ തങ്ങളുടെ ലക്ഷ്യങ്ങൾക്കൊന്നും പരിഹാരമാകാത്ത ഈ കരാറിനോട് ഇസ്രായേൽ ഉദ്യോഗസ്ഥർക്ക് കടുത്ത എതിർപ്പാണുള്ളത്.

Tags:    
News Summary - US-Iran Talks Begin in Switzerland, Trump Threatens Toll on Hormuz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.