വെടിനിർത്തൽ എവിടെയാണ്? ഗസ്സയിൽ ഇസ്രായേൽ ക്രൂരത തുടരുന്നു: 'അൽ ജസീറ' കാമറാമാനും കുട്ടികളുമടക്കം ആറ് മരണം

ഗസ്സ സിറ്റി: ഗസ്സ മുനമ്പിലുടനീളം ഇസ്രായേൽ നടത്തിയ ശക്തമായ വ്യോമാക്രമണങ്ങളിൽ രണ്ട് കുട്ടികളും മാധ്യമപ്രവർത്തകനും ഉൾപ്പെടെ ആറ് ഫലസ്തീനികൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ അൽ ജസീറയുടെ ക്യാമറാമാനും ഉൾപ്പെടുന്നു. ഇദ്ദേഹത്തെ 'ഹമാസ് ഭീകരൻ' എന്നാണ് ഇസ്രായേൽ സൈന്യം വിശേഷിപ്പിച്ചത്. എന്നാൽ,  അവകാശവാദം നിഷേധിച്ച് സഹപ്രവർത്തകരും ബന്ധുക്കളും രംഗത്തെത്തി.

പുലർച്ചെ രണ്ട് മണിയോടെ ഗസ്സ സിറ്റിയിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിന് നേരെയായിരുന്നു ആക്രമണം നടന്നത്. യാതൊരു മുന്നറിയിപ്പുമില്ലാതെ കെട്ടിടത്തിലേക്ക് മിസൈലുകൾ പതിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ആക്രമണത്തിൽ സീന (4), ലാന (14) എന്നീ സഹോദരിമാർ കൊല്ലപ്പെട്ടു. കുട്ടികളുടെ മൃതദേഹങ്ങൾ ഷിഫ ആശുപത്രിയിലേക്ക് മാറ്റി. "വീട്ടിലിരിക്കുമ്പോഴാണ് പെട്ടെന്ന് ആക്രമണം ഉണ്ടായത്. ഇവിടെ വെടിനിർത്തൽ എവിടെയാണ്?" സംഭവത്തിൽ പരിക്കേറ്റ മുഹമ്മദ് സഫാദിവേദനയോടെ ചോദിക്കുന്നു.

ഗസ്സയിൽ തുടരുന്ന ഇസ്രായേൽ സൈനിക നടപടികൾ സാധാരണക്കാരുടെ ജീവന് വലിയ ഭീഷണിയാകുന്നുവെന്നാണ് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ വലിയ വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും, ഇസ്രായേൽ സൈന്യം തങ്ങളുടെ നടപടികളെ ന്യായീകരിക്കുന്നത് തുടരുകയാണ്.

Tags:    
News Summary - Continuing Israeli attack: Six dead, including an 'Al Jazeera' cameraman and children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.