തെഹ്റാൻ/വാഷിങ്ടൺ: യുദ്ധത്തിലൂടെ നേടാൻ കഴിയാഞ്ഞത് ചർച്ചയിലൂടെ കൈക്കലാക്കാനുള്ള യു.എസ് ശ്രമത്തിന് വഴങ്ങാതെനിന്ന ഇറാൻ ഒടുവിൽ സമാധാന ചർച്ചക്കെത്തും. താൽക്കാലിക വെടിനിർത്തൽ സമയം ഇന്ന് അവസാനിക്കാനിരിക്കെ, ഇരു രാജ്യങ്ങളും ഒരിക്കൽകൂടി ചർച്ചക്കായി പാകിസ്താനിലെത്തുമെന്ന് ഏതാണ്ട് ഉറപ്പായി. ചർച്ച നടക്കുമെന്ന് ഇരുപക്ഷവും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പാക് തലസ്ഥാനമായ ഇസ്ലാമാബാദിലേക്ക് നേതാക്കൾ ബുധനാഴ്ച എത്തുമെന്ന് ഇരു രാജ്യങ്ങളുടെയും പാക് എംബസികളെ ഉദ്ധരിച്ച് അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തു.
വെടിനിർത്തൽ സമയപരിധിക്കുള്ളിൽ സമാധാന കരാർ തയാറാക്കാനായില്ലെങ്കിൽ ഇറാനെ തകർക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നലെയും ആവർത്തിച്ചു. ‘നിരവധി ബോംബുകൾ പുറപ്പെടാൻ കാത്തിരിക്കുന്നു’വെന്നും സമാധാന കരാർ യു.എസിന്റെ ആവശ്യമല്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. എന്നാൽ, യു.എസിന്റെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ‘ഞങ്ങൾ പുതിയ കാർഡിറക്കു’മെന്നായിരുന്നു ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിറിന്റെ പ്രതികരണം.
ഒന്നാം ഘട്ട ചർച്ചയിൽ യു.എസ് പ്രതിനിധിസംഘത്തെ നയിച്ച വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലുള്ള സംഘംതന്നെയാണ് വാഷിങ്ടണിൽനിന്ന് പുറപ്പെടുന്നത്. ഇറാൻ സംഘത്തെ നയിക്കുക പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലീബാഫ് ആണ്. ഹുർമുസ് കടലിടുക്കിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെ ചർച്ചയുടെ ഫലപ്രാപ്തി സംബന്ധിച്ച് ആശങ്ക നിലനിൽക്കുന്നുണ്ട്.
ഹുർമുസിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെച്ചൊല്ലി ഇരു രാജ്യങ്ങളും കടുത്ത വാഗ്വാദം നടത്തിയതിന് പിന്നാലെയാണ് നേതാക്കൾ ഇന്ന് ചർച്ചക്കെത്തുന്നത്. കഴിഞ്ഞദിവസം, ഗൾഫ് കടലിൽ ഇറാന്റെ കപ്പൽ യു.എസ് പിടിച്ചെടുത്തതിന് പിന്നാലെ ഇരുപക്ഷവും നിലപാട് കടുപ്പിക്കുകയായിരുന്നു. സംഘർഷത്തിന്റെ നിഴലിൽ ചർച്ച സാധ്യമല്ലെന്ന് ഇറാൻ വ്യക്തമാക്കുകയും ചെയ്തിരുന്നു. അതേസമയം, ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷത്തിൽ പരിഹാരത്തിന് ശ്രമിക്കുന്ന ഈജിപ്ത്, തുർക്കിയ, സൗദി എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായും പാക് പ്രതിനിധി ഇന്നലെ ചർച്ച നടത്തി. പാക് ശ്രമങ്ങൾക്ക് ചൈനയും പിന്തുണ പ്രഖ്യാപിച്ചു. ഹുർമുസ് ഉടൻ തുറക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ, ലബനാനിൽ തുടർച്ചയായ രണ്ടാം ദിവസവും ഇസ്രായേൽ വെടിനിർത്തൽ ലംഘിച്ചു. വെടിനിർത്തലിന് ശേഷവും ഇസ്രായേലിന്റെ സൈനിക സാന്നിധ്യമുള്ള ദക്ഷിണ ലബനാനിലാണ് ഇന്നലെയും ആക്രമണങ്ങൾ അരങ്ങേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.