ഉത്തരകൊറിയൻ സൈനികരുടെ കൈമാറ്റ വിവാദം: യുക്രെയ്‌നെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ്

സോൾ: ഉത്തരകൊറിയൻ സൈനികരുടെ കൈമാറ്റവുമായി ബന്ധപ്പെട്ട രഹസ്യധാരണ ലംഘിക്കുകയും അത് നിഷേധിക്കുകയും ചെയ്താൽ യുക്രെയ്‌നെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജേ മ്യുങ് മുന്നറിയിപ്പ് നൽകി. റഷ്യക്കെതിരായ യുദ്ധത്തിൽ പിടിക്കപ്പെട്ട രണ്ട് ഉത്തരകൊറിയൻ സൈനികരെ ദക്ഷിണ കൊറിയക്ക് കൈമാറിയതുമായി ബന്ധപ്പെട്ട രഹസ്യ കരാർ യുക്രെയ്ൻ പരസ്യമാക്കിയത് നിലവിൽ വലിയ നയതന്ത്ര തർക്കത്തിനാണ് വഴിവെച്ചിരിക്കുന്നത്.

രഹസ്യധാരണ നിലവിലുണ്ടെന്ന കാര്യം അംഗീകരിക്കാനും പരസ്യമായി മാപ്പ് പറയാനും യുക്രെയ്ൻ തയാറാകണമെന്ന് ലീ ജേ മ്യുങ് ആവശ്യപ്പെട്ടു. ഈ നിലപാടിൽ മാറ്റമില്ലെങ്കിൽ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം എക്സിലൂടെ വ്യക്തമാക്കി. കൊറിയൻ പെനിൻസുലയിൽ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണ് യുക്രെയ്ൻ അധികൃതരുടെ പ്രസ്താവനകളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ മാസം ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ വെച്ചാണ് റഷ്യക്ക് വേണ്ടി പോരാടുന്നതിനിടയിൽ പിടിയിലായ രണ്ട് ഉത്തരകൊറിയൻ യുദ്ധത്തടവുകാരെ ദക്ഷിണ കൊറിയക്ക് കൈമാറിയതായി യുക്രെയ്ൻ പ്രസിഡന്റ് വ്ലോദിമർ സെലെൻസ്‌കി പ്രഖ്യാപിച്ചത്. പിന്നാലെ .സൈനികരുടെ സുരക്ഷ മുൻനിർത്തി കൈമാറ്റ വിവരം രഹസ്യമാക്കി വെക്കണമെന്ന ധാരണ യുക്രെയ്ൻ ലംഘിച്ചുവെന്ന് സിയോൾ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ അത്തരത്തിലുള്ള ഒരു കരാറും നിലവിലില്ലെന്നാണ് യുക്രെയ്ൻ വാദിക്കുന്നത്. തുടർന്ന് സംഭവത്തിൽ ഔദ്യോഗികമായി വിശദീകരണവും മാപ്പും നൽകണമെന്നാവശ്യപ്പെട്ട് ദക്ഷിണ കൊറിയ പരസ്യമായി രംഗത്ത് വന്നിരുന്നു.

അതേസമയം സംഭവത്തെ ഒരു 'നയതന്ത്ര തെറ്റിധാരണ' മാത്രമായി കാണാനാണ് ആഗ്രഹിക്കുന്നതെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ പ്രതികരിച്ചു. ദക്ഷിണ കൊറിയയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ യുക്രെയ്ൻ ശ്രമിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. സിയോളിലെ കൊറിയ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നാഷണൽ യൂണിഫിക്കേഷനിലെ മുതിർന്ന വിദഗ്ധനായ ചോ ഹാൻ-ബമിന്റെ അഭിപ്രായത്തിൽ, ദക്ഷിണ കൊറിയ നൽകിവരുന്ന മാനുഷിക, സാമ്പത്തിക സഹായങ്ങളെയും പുനർനിർമ്മാണ പദ്ധതികളെയും ആയിരിക്കും സിയോളിന്റെ പുതിയ നടപടികൾ ബാധിക്കുക.

റഷ്യയുടെ അധിനിവേശത്തിന് ശേഷം യുക്രെയ്ന് സാമ്പത്തിക സഹായങ്ങളും മാനുഷിക പിന്തുണയും ദക്ഷിണ കൊറിയ നൽകിവരുന്നുണ്ട്. കഴിഞ്ഞ നാറ്റോ ഉച്ചകോടിയിൽ 100 ദശലക്ഷം ഡോളറിന്റെ അധിക പിന്തുണയും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ദക്ഷിണ കൊറിയയുമായുള്ള ഈ ദീർഘകാല സംഘർഷം യുക്രെയ്‌ന് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉത്തരകൊറിയയുടെ സൈനിക നീക്കങ്ങളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾക്ക് ദക്ഷിണ കൊറിയയും യുക്രെയ്നെ ആശ്രയിക്കുന്നുണ്ട്. 

Tags:    
News Summary - South Korea's Lee threatens action against Ukraine over transfer of North Korean soldiers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.