വാഷിങ്ടൺ: ഇറാനെതിരെയുള്ള സാമ്പത്തിക യുദ്ധം കടുപ്പിച്ച് അമേരിക്ക. ഉപരോധങ്ങൾ മറികടക്കാൻ ഇറാനെ സഹായിക്കുന്ന ഷാഡോ ബാങ്കിങ് ശൃംഖലയിലെ 35 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ യു.എസ് ട്രഷറി വകുപ്പ് ഉപരോധങ്ങൾ ഏർപ്പെടുത്തി. ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ യാത്രക്ക് ഇറാൻ സൈന്യത്തിന് നികുതി നൽകുന്നവർക്കെതിരെയും കടുത്ത നടപടിയുണ്ടാകുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി.
"ഇറാന്റെ സാമ്പത്തിക ജീവനാഡി തകർക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ആഗോള വ്യാപാരം തടസ്സപ്പെടുത്താനും ഭീകരപ്രവർത്തനങ്ങൾക്ക് പണം നൽകാനും ഇറാനെ ആരും സഹായിക്കരുത്," എന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പ്രസ്താവനയിൽ പറഞ്ഞു.
2025 ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതുവരെ ആയിരത്തിലധികം ഇറാൻ അനുകൂല വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമാണ് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത്. അന്താരാഷ്ട്ര സാമ്പത്തിക ഇടപാടുകൾ നടത്താൻ ഇറാന് സൗകര്യമൊരുക്കുന്ന വിദേശത്തെ ഷെൽ കമ്പനികളെയാണ് ട്രഷറി വകുപ്പ് ലക്ഷ്യമിട്ടിരിക്കുന്നത്. കോടിക്കണക്കിന് ഡോളറിന്റെ ഇടപാടുകൾ ഈ ശൃംഖല വഴി നടന്നതായി കണ്ടെത്തി.
ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന ചൈനയിലെ സ്വകാര്യ റിഫൈനറികൾക്കെതിരെയും അവരുമായി സഹകരിക്കുന്ന ബാങ്കുകൾക്കെതിരെയും നടപടിയുണ്ടാകും. ചൈനീസ് ബാങ്കുകൾക്കെതിരെ കൂടുതൽ കടുത്ത നടപടി വേണമെന്ന ആവശ്യം അമേരിക്കൻ ഭരണകൂടത്തിനുള്ളിൽ തന്നെ ശക്തമാണ്. നിലവിലെ ഉപരോധങ്ങൾ ഇറാന്റെ വരുമാനത്തിൽ വലിയ ഇടിവുണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
മിസൈലുകൾക്കും മറ്റ് ആയുധങ്ങൾക്കും ആവശ്യമായ ഘടകങ്ങൾ വാങ്ങാൻ ഇറാൻ ഈ രഹസ്യ സാമ്പത്തിക ശൃംഖലയെയാണ് ഉപയോഗിക്കുന്നത്. പുതിയ ഉപരോധത്തോടെ ഇത്തരം ഇടപാടുകൾക്ക് വലിയ തടസ്സം നേരിടുമെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടൽ.
നിലവിൽ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ പ്രതിസന്ധിയിലാണ്. യുദ്ധം അവസാനിച്ചതിന് ശേഷം മാത്രം ആണവ ചർച്ചകൾ എന്ന ഇറാന്റെ പുതിയ നിർദേശം പ്രസിഡന്റ് ഡോണാൾഡ് ട്രംപ് തള്ളിയതാണ് കാരണം. ആണവ വിഷയം പരിഗണിക്കാതെ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് വൈറ്റ് ഹൗസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.