ചൈനീസ് മിസൈലുകൾ ഇറാനിലെത്തിക്കുന്നു; യാഥാർഥ്യം വെളിപ്പെടുത്തി ബെയ്ജിങ്

ബെയ്ജിങ്: ഇറാനിലേക്ക് ചൈനീസ് നിർമിത വ്യോമ പ്രതിരോധ മിസൈലുകൾ എത്തിക്കുന്നുവെന്ന വാർത്തകൾ പൂർണമായും നിഷേധിച്ച് ചൈന. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ 400 ഓളം ഷോൾഡർ ഫയേർഡ് മിസൈൽ ലോഞ്ചറുകൾ ഇറാനിലേക്ക് അയക്കുന്നുവെന്ന രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ റിപ്പോർട്ട് അടിസ്ഥാനരഹിതവും വാസ്തവവിരുദ്ധവുമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

‘പ്രചരിക്കുന്ന വാർത്തകൾ തികച്ചും അസത്യമാണ്. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനും സംഘർഷങ്ങൾ അവസാനിപ്പിക്കാനുമാണ് ചൈന എപ്പോഴും നിലകൊള്ളുന്നത് എന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് മാവോ നിങ് ബെയ്ജിങ്ങിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിഷയത്തിൽ മുമ്പും ചൈന വ്യക്തമായ നിലപാട് എടുത്തിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

പടിഞ്ഞാറൻ ചൈനയിലെ ഉറുങ്ചിയിൽനിന്ന് പാകിസ്താൻ വഴി ഇറാനിലേക്ക് ആയുധങ്ങൾ എത്തിക്കാനാണ് പദ്ധതിയെന്നായിരുന്നു ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തത്. എന്നാൽ, ആയുധങ്ങൾ കടത്താൻ തങ്ങൾ വഴിയൊരുക്കുന്നുവെന്ന വാദം കഴിഞ്ഞ ദിവസം പാകിസ്താനും തള്ളിയിരുന്നു.

വാർത്തകൾ തികച്ചും ഊഹാപോഹങ്ങളും അടിസ്ഥാനരഹിതവുമാണെന്ന് പാക് സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഐ.എസ്.പി.ആർ വ്യക്തമാക്കി.അമേരിക്കയുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധശേഷി ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന ഇറാനിലേക്ക്, ചൈനീസ് വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ ആദ്യ കയറ്റുമതി ഏതാനും ആഴ്ചകൾക്കുള്ളിൽ എത്തുമെന്നായിരുന്നു റോയിട്ടേഴ്സ് റിപ്പോർട്ട്. ഇതിന് പിന്നാലെയാണ് പാകിസ്താന്റെയും ചൈനയുടെയും ഔദ്യോഗിക വിശദീകരണം പുറത്തുവന്നത്.

പടിഞ്ഞാറൻ ചൈനയിലെ ഉറുങ്ചിയിൽ നിന്നും പാകിസ്താൻ വഴി ഇറാനിലേക്ക് ആയുധങ്ങൾ എത്തിക്കാനാണ് പദ്ധതിയെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഇത് വ്യോമമാർഗമാണോ കരമാർഗമാണോ എന്ന് വ്യക്തമാക്കിയിരുന്നില്ല. അമേരിക്കയുടെ ആയുധ ശേഖരം കുറഞ്ഞുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ സംഭവം പുറത്തുവന്നിരുന്നത്.

അതേസമയം, അമേരിക്ക ഇറാനിൽ ശക്തമായ ആക്രമണമാണ് കഴിഞ്ഞ ദിവസം നടത്തിയത്. ഇറാൻ പിന്തുണയുള്ള സായുധ വിഭാഗങ്ങൾ അമേരിക്കൻ സേനക്കെതിരെ മിസൈൽ ആക്രമണശ്രമം നടത്തിയതിന് പിന്നാലെയാണ് പുതിയ ആക്രമണം നടന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിൽ ആക്രമണങ്ങൾ കുറഞ്ഞത് സമാധാന പ്രതീക്ഷകൾ ശക്തമാക്കിയിരുന്നു. എന്നാൽ പുതിയ ആക്രമണങ്ങൾ യുദ്ധം രൂക്ഷമാകുമെന്ന വീണ്ടും ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.

ഇറാനിലെ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) നിയന്ത്രണത്തിലുള്ള നിരവധി കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു. സൈനിക കമാൻഡ് കേന്ദ്രങ്ങൾ, മിസൈൽ, ഡ്രോൺ നിർമ്മാണവും വിന്യാസവും നടത്തുന്ന സൗകര്യങ്ങൾ, തീരദേശ നിരീക്ഷണ, പ്രതിരോധ കേന്ദ്രങ്ങൾ, നാവി സേനയുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ എന്നിവ ആക്രമണത്തിൽ ഉൾപ്പെട്ടതായും സെന്റ്കോം അറിയിച്ചു.

അമേരിക്കൻ സേനക്കും അന്താരാഷ്ട്ര വാണിജ്യ കപ്പൽഗതാഗതത്തിനും ഗൾഫ് മേഖലയിലെ അയൽരാജ്യങ്ങൾക്കും നേരെയുള്ള ഭീഷണികൾ കുറക്കുകയാണ് ആക്രമണങ്ങളുടെ ലക്ഷ്യമെന്ന് പ്രസ്താവന അവകാശപ്പെട്ടു. മേഖലയിലാകെ വിന്യസിച്ചിരിക്കുന്ന 50,000 ത്തിലധികം അമേരിക്കൻ സൈനികർ അതീവ ജാഗ്രതയോടെയും യുദ്ധസന്നദ്ധതയോടെയും തുടരുകയാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

Tags:    
News Summary - ഇറാനിലേക്ക് ചൈനീസ് മിസൈലുകൾ; തള്ളി ബീജിങ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.