വാഷിങ്ടൺ: മൂന്ന് മാസമായി തുടരുന്ന ഇറാൻ സൈനിക നടപടിയിൽ സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ എതിർപ്പുയർന്നതോടെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാനെതിരെയുള്ള യുദ്ധം തുടരുന്നതിൽ നിന്ന് പ്രസിഡന്റിനെ വിലക്കുന്ന പ്രമേയം യു.എസ് ജനപ്രതിനിധി സഭ പാസാക്കി. നിലവിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സഭയിലാണ് ട്രംപിന്റെ നയങ്ങൾക്കെതിരെ പ്രമേയം പാസായത് എന്നത് ശ്രദ്ധേയമാണ്.
208നെതിരെ 215 വോട്ടുകൾക്കാണ് പ്രമേയം പാസായത്. നാല് റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ ട്രംപിനെതിരെ വോട്ട് ചെയ്തു. കോൺഗ്രസ് ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിക്കുകയോ സൈനികാധികാരം നൽകുകയോ ചെയ്യാത്ത പക്ഷം ഇറാനിൽ നിന്ന് യു.എസ് സൈന്യത്തെ പിൻവലിക്കാൻ നിർദേശിക്കുന്നതാണ് 'വാർ പവേഴ്‌സ് പ്രമേയം'.
നിയമപരമായി ഈ വോട്ടെടുപ്പ് നിലവിൽ പ്രതീകാത്മകം മാത്രമാണ്. കാരണം ജനപ്രതിനിധി സഭ പാസാക്കിയ ഈ പ്രമേയം നടപ്പിലാകണമെങ്കിൽ ഇനി സെനറ്റിന്റെ കൂടി അംഗീകാരം ലഭിക്കേണ്ടതുണ്ട്. എങ്കിലും, യുദ്ധം നാലാം മാസത്തിലേക്ക് കടക്കുമ്പോൾ ട്രംപിന്റെ യുദ്ധനയങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ തന്നെയുള്ള അതൃപ്തിയാണ് ഈ വോട്ടെടുപ്പിലൂടെ പുറത്തുവന്നിരിക്കുന്നത്.
ടോം ബാരറ്റ് (മിഷിഗൺ), വാറൻ ഡേവിഡ്‌സൺ (ഒഹായോ), ബ്രയാൻ ഫിറ്റ്‌സ്‌പാട്രിക് (പെൻസിൽവാനിയ), തോമസ് മാസി (കെന്റക്കി) എന്നീ റിപ്പബ്ലിക്കൻ പ്രതിനിധികളാണ് പാർട്ടി നിലപാട് മറികടന്ന് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്. ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്ന് ആരും തന്നെ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തില്ല.
ഫെബ്രുവരി 28-ന് ഇറാനിന് നേരെ യു.എസും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തോടെയാണ് നിലവിലെ സംഘർഷം ആരംഭിക്കുന്നത്. ഇറാൻ ആണവായുധം നിർമിക്കുന്നത് തടയാൻ യുദ്ധം അനിവാര്യമാണെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വാദം.
എന്നാൽ, യുദ്ധം ആരംഭിച്ച് മൂന്ന് മാസം പിന്നിടുമ്പോൾ യു.എസിൽ ഇന്ധനവിലയും ഭക്ഷ്യവിലയും കുതിച്ചുയരുകയാണ്. കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും വലിയ വിലക്കയറ്റമാണ് രാജ്യം നേരിടുന്നത്. വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ ഈ സാമ്പത്തിക പ്രതിസന്ധി ഡെമോക്രാറ്റുകൾ പ്രധാന ആയുധമാക്കും.
"യു.എസ് ഭരണഘടനയനുസരിച്ച് യുദ്ധം പ്രഖ്യാപിക്കാനുള്ള അധികാരം ജനപ്രതിനിധികൾ അടങ്ങുന്ന കോൺഗ്രസിനാണ്, പ്രസിഡന്റിനല്ല. വ്യക്തമായ തന്ത്രങ്ങളില്ലാതെ മിഡിൽ ഈസ്റ്റിൽ മറ്റൊരു അനന്തമായ യുദ്ധത്തിലേക്കാണ് ട്രംപ് രാജ്യത്തെ തള്ളിവിടുന്നത്."പ്രമേയത്തെ പിന്തുണച്ച ഡെമോക്രാറ്റിക് പ്രതിനിധി ഗ്രെഗറി മീക്‌സ് പറഞ്ഞു.
യുക്രെയിന് സൈനിക സഹായം നൽകാനുള്ള ബില്ലിന്മേൽ വോട്ടെടുപ്പ് നടത്താനുള്ള പ്രമേയവും ഇതോടൊപ്പം ജനപ്രതിനിധി സഭ പാസാക്കിയിട്ടുണ്ട്. സ്വന്തം രാഷ്ട്രീയ സഖ്യകക്ഷികൾക്ക് പണം നൽകാനായി ട്രംപ് രൂപീകരിക്കാൻ ശ്രമിച്ച പ്രത്യേക ഫണ്ടിനെതിരെയും റിപ്പബ്ലിക്കൻ അംഗങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.