ക്യൂബൻ, വെനിസ്വേലൻ കുടിയേറ്റക്കാരെ യു.എസ് മെക്‌സിക്കോയിലേക്ക് നാടുകടത്തി; വൻ മനുഷ്യാവകാശ ലംഘനം

മെക്‌സിക്കോ സിറ്റി: ട്രംപ് ഭരണകൂടത്തിന്റെ വിവാദപരമായ കൂട്ടനാടുകടത്തൽ പദ്ധതിയുടെ ഭാഗമായി പതിമൂവായിരത്തോളം ക്യൂബൻ, വെനിസ്വേലൻ പൗരന്മാരെ അമേരിക്ക മെക്‌സിക്കോയിലേക്ക് നാടുകടത്തിയതായി റിപ്പോർട്ട്. രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ 'ഹ്യൂമൻ റൈറ്റ്‌സ് വാച്ച്' പുറത്തുവിട്ട റിപ്പോർട്ടിലാണ് ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ വിരുദ്ധ നടപടിയുടെ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.

മെക്‌സിക്കോയിൽ സജീവമായ ക്രിമിനൽ സംഘങ്ങളുടെയും മാഫിയകളുടെയും അക്രമങ്ങൾക്ക് ഇരയാകാൻ സാധ്യതയുള്ള അന്യദേശക്കാരായ മനുഷ്യരെയാണ് യാതൊരു സുരക്ഷയുമില്ലാതെ അതിർത്തി കടത്തിവിടുന്നത്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ നാടുകടത്തപ്പെട്ടവരിൽ ഭൂരിഭാഗവും പ്രായമായവരും പതിറ്റാണ്ടുകളായി അമേരിക്കയിൽ സ്ഥിരതാമസമാക്കിയവരുമാണെന്നത് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു.

ഇവർക്ക് മെക്‌സിക്കോയിൽ ജോലി കണ്ടെത്തുക അസാധ്യമാണെന്ന് മാത്രമല്ല, അടിയന്തര ആരോഗ്യ പരിരക്ഷ പോലും ലഭിക്കുന്നില്ല. മെക്‌സിക്കൻ നഗരങ്ങളായ തപാചുല, വില്ലഹെർമോസ എന്നിവിടങ്ങളിൽ നടത്തിയ 50ലധികം അഭിമുഖങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. മുമ്പ് ഇളവുകൾ ലഭിച്ചിരുന്നവരും വർഷങ്ങളായി അമേരിക്കയിൽ ജീവിച്ചിരുന്നവരുമായ ക്യൂബൻ വംശജരാണ് ഇതിൽ ഭൂരിഭാഗവും. ക്യൂബ, വെനിസ്വേല തുടങ്ങിയ രാജ്യങ്ങൾ നാടുകടത്തൽ വിമാനങ്ങൾക്ക് അനുമതി നൽകാത്തതിനാലാണ് അമേരിക്ക മെക്‌സിക്കോയുമായി രഹസ്യ ധാരണയുണ്ടാക്കി ഇവരെ അങ്ങോട്ട് തള്ളുന്നത്.

‘60, 70 വയസ്സുള്ള ഒരാളെ ഒരു രാത്രികൊണ്ട് സ്വന്തം ജീവിതത്തിൽ നിന്നും പിഴുതെറിഞ്ഞ്, ഒട്ടും പരിചയമില്ലാത്ത ഒരു രാജ്യത്തേക്ക് വിടുന്നത് ആലോചിച്ചു നോക്കൂ. തലചായ്ക്കാൻ ഒരിടമോ മരുന്നോ പോലുമില്ലാതെ, ഉടുതുണിക്ക് മറുതുണിയില്ലാതെ മാഫിയകൾ വാഴുന്ന അപകടകരമായ നഗരങ്ങളിലേക്കാണ് ഇവർ എറിയപ്പെടുന്നത്’ -ഹ്യൂമൻ റൈറ്റ്‌സ് വാച്ച് പ്രതിനിധി അൽസിറ ഹവ പറഞ്ഞു.

നാടുകടത്തപ്പെട്ടവരിൽ ഏറ്റവും കൂടുതൽ ക്യൂബക്കാരാണ് (4,300ലധികം പേർ). ഇവരിൽ പകുതിയിലധികം പേരും 1980കളിലും 90കളിലും 'മരിയൽ ബോട്ട്‌ലിഫ്റ്റ്' വഴിയോ ലോട്ടറി പ്രോഗ്രാം വഴിയോ അമേരിക്കയിൽ എത്തിയവരും ഗ്രീൻ കാർഡ് ഉണ്ടായിരുന്നവരുമാണ്. ഇവരിൽ ചില ചെറിയ കുറ്റകൃത്യങ്ങളുടെ പേരിൽ ഗ്രീൻ കാർഡ് നഷ്ടപ്പെട്ടവരുണ്ട്. ഇമിഗ്രേഷൻ ഓഫീസുകളിൽ പതിവ് പരിശോധനക്ക് എത്തിയപ്പോഴോ, ജോലിസ്ഥലത്തു നിന്നോ ആണ് ഇവരെ പിടികൂടിയത്. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞിട്ടും ഒരു ജഡ്ജിക്ക് മുന്നിൽ പോലും ഹാജരാക്കാതെയാണ് ഇവരെ മെക്‌സിക്കോയിലേക്ക് തള്ളിയത്.

നാടുകടത്തപ്പെടുന്നവർ മെക്‌സിക്കോയുടെ തെക്കൻ നഗരങ്ങളിലാണ് ചെന്നെത്തുന്നത്. ഇവിടെ തൊഴിലവസരങ്ങളോ മെഡിക്കൽ സൗകര്യങ്ങളോ ഇല്ലെന്ന് മാത്രമല്ല, ക്രിമിനൽ സംഘങ്ങൾ ഇവരെ ലക്ഷ്യമിടുകയും ചെയ്യുന്നു. അമേരിക്കയും മെക്‌സിക്കോയും തമ്മിൽ ഇത്തരം നാടുകടത്തലുകൾക്കായി എന്ത് കരാറിലാണ് ഒപ്പുവെച്ചിട്ടുള്ളതെന്ന് ഇതുവരെ പരസ്യമാക്കിയിട്ടില്ല. ഈ കരാർ എത്രയും വേഗം പുറത്തുവിടണമെന്നും രാജ്യാന്തര നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഹ്യൂമൻ റൈറ്റ്‌സ് വാച്ച് ആവശ്യപ്പെട്ടു. 

Tags:    
News Summary - US deported thousands of Cubans, Venezuelans to danger in Mexico: Human Rights Watch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.