റിപ്പോർട്ട് തള്ളി യു.എസ്; പാകിസ്താന് ആയുധങ്ങൾ വിറ്റില്ല

വാഷിങ്ടൺ: പാകിസ്താന് ആയുധങ്ങൾ വിൽപന നടത്തിയെന്ന വാർത്തകൾ തള്ളി യു.എസ് ഭരണകൂടം. പുതിയ കരാർ പ്രകാരം പാകിസ്താന് നേരത്തെ നൽകിയ പ്രതി​രോധ സാമഗ്രികളുടെ അറ്റകുറ്റപ്പണി നടത്തുക മാത്രമാണ് ചെയ്യുന്നതെന്നും യു.എസ് എംബസി പ്രസ്താവനയിൽ അറിയിച്ചു. പാകിസ്താൻ അടക്കം വിവിധ രാജ്യങ്ങളുമായി നിലവിലുള്ള വിദേശ ആയുധ വിൽപന കരാർ പുതുക്കിയ കാര്യമാണ് സെപ്റ്റംബർ 30ന് യുദ്ധ വകുപ്പ് പ്രഖ്യാപിച്ചത്. പാകിസ്താന് അഡ്വാൻസ്ഡ് മീഡിയം-റേഞ്ച് എയർ-ടു-എയർ മിസൈലുകൾ വിൽപന നടത്തിയെന്ന വാർത്തകൾ തെറ്റാണെന്നും യു.എസ് എംബസി വിശദീകരിച്ചു.

പ്രതിരോധ കരാർ പുതുക്കി യു.എസ് യുദ്ധ വകുപ്പ് പാകിസ്താന് പുതിയ മിസൈലുകൾ വിൽപന നടത്തിയതായി ഡോൺ പത്രം റിപ്പോർട്ട് ചെയ്തിരുന്നു. അഡ്വാൻസ്ഡ് മീഡിയം-റേഞ്ച് എയർ-ടു-എയർ മിസൈലുകൾ നിർമിക്കാൻ അരിസോണയിലെ പ്രതിരോധ നിർമാണ കമ്പനിയായ റെയ്തിയൻ കോർപറേഷന് അടക്കം 2.5 ബില്ല്യൻ ഡോളറിന്റെ പ്രതിരോധ കരാറിലാണ് ഇരു രാജ്യങ്ങളും തമ്മിൽ തയാറാക്കിയതെന്നായിരുന്നു റിപ്പോർട്ട്.

പാകിസ്താൻ, ഇസ്രായേൽ, യു.കെ, ജർമനി, ഇസ്രായേൽ, ആസ്ട്രേലിയ, ഖത്തർ, ഒമാൻ, ജപ്പാൻ, സിങ്കപ്പൂർ, കാനഡ, ബഹ്റൈൻ, സൗദി അറേബ്യ, ഇറ്റലി, കുവൈത്ത്, തുർക്കിയ തുടങ്ങിയ രാജ്യങ്ങളുമായി പ്രതിരോധ കരാർ പുതുക്കിയെന്നാണ് യുദ്ധ വകുപ്പ് നേരത്തെ അറിയിച്ചത്. ഈ കരാർ 2030 മേയ് വരെ തുടരുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, പാകിസ്താന്റെ പേര് പട്ടികയിൽ ഇടംപിടിച്ചത് വിവാദമായതോടെയാണ് വിശദീകരണവുമായി യു.എസ് എംബസി രംഗത്തെത്തിയത്.

2007ൽ പാകിസ്താൻ 700 അഡ്വാൻസ്ഡ് മീഡിയം-റേഞ്ച് എയർ-ടു-എയർ മിസൈലുകൾ യു.എസിൽനിന്ന് വാങ്ങിയിരുന്നു. എഫ്-16 യുദ്ധ വിമാനങ്ങൾക്ക് വേണ്ടിയായിരുന്നു ഈ ഇടപാട്.സെപ്റ്റംബറിൽ പാകിസ്‍താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി ജനറൽ അസിം മുനീറും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് പുതിയ കരാർ സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നത്.

Tags:    
News Summary - US denies reports of selling new weapons to pakustan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.