അമേരിക്കയിൽ നവംബർ ഒന്നിന് സമയം മാറും; ക്ലോക്കുകൾ ഒരു മണിക്കൂർ പിന്നോട്ട് ക്രമീകരിക്കണം
വാഷിങ്ടൺ: അമേരിക്കയിൽ ഈ വർഷത്തെ ഡേലൈറ്റ് സേവിങ് സമയത്തിന് നവംബർ ഒന്നിന് വിരാമമാകുന്നു. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും നവംബർ ഒന്ന് ഞായറാഴ്ച പുലർച്ചെ ക്ലോക്കിലെ സമയം ഒരു മണിക്കൂർ പിന്നോട്ട് ക്രമീകരിക്കണമെന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയാകുമ്പോൾ സമയം ഒരു മണിക്കൂർ പുറകോട്ട് മാറ്റി ഒരുമണിയാക്കി മാറ്റണം.
ഇതോടെ രാജ്യം 'സ്റ്റാൻഡേർഡ് ടൈമിലേക്ക്' തിരികെ എത്തും. ഈ മാറ്റത്തോടെ അമേരിക്കൻ ജനതയ്ക്ക് ഒരു മണിക്കൂർ അധിക വിശ്രമം ലഭിക്കുമെന്നതിനൊപ്പം ശീതകാലം അടുത്തെത്തുന്നതോടെ വൈകുന്നേരങ്ങളിൽ നേരത്തെ ഇരുട്ടുന്നതിനും രാവിലെ നേരത്തെ വെളിച്ചം ലഭിക്കുന്നതിനും ഇത് കാരണമാകും.
വർഷത്തിൽ രണ്ടുതവണ സമയം മാറ്റുന്ന രീതി നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് 'സൺഷൈൻ പ്രൊട്ടക്ഷൻ ആക്ട്' അവതരിപ്പിച്ചിരുന്നെങ്കിലും കോൺഗ്രസ് ഇത് ഇതുവരെ അംഗീകരിച്ചിട്ടില്ല. സമയം മാറ്റുന്ന രീതി അവസാനിപ്പിക്കാൻ ജനവികാരവും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലുകളും ഉണ്ടെങ്കിലും നിലവിൽ ഫെഡറൽ നിയമങ്ങളിൽ മാറ്റം വരുത്താത്തതിനാൽ പഴയ രീതി തന്നെ തുടരുകയാണ്.
48 സംസ്ഥാനങ്ങളിൽ ബാധകംനിലവിലെ നിയമമനുസരിച്ച് മാർച്ച് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച ആരംഭിക്കുന്ന ഡേലൈറ്റ് സേവിങ് സമയം നവംബറിലെ ആദ്യ ഞായറാഴ്ചയാണ് അവസാനിക്കുന്നത്. അമേരിക്കയിലെ 48 സംസ്ഥാനങ്ങളിലും തലസ്ഥാനമായ വാഷിങ്ടൺ ഡി.സിയിലും ഈ സമയമാറ്റം ബാധകമാണ്.
എന്നാൽ ഹവായ്, അരിസോണയുടെ ഭൂരിഭാഗം പ്രദേശങ്ങൾ, അമേരിക്കൻ സമോവ, ഗുവാം, നോർത്തേൺ മരിയാന ഐലൻഡ്സ്, പോർട്ടോ റിക്കോ, യു.എസ് വിർജിൻ ഐലൻഡ്സ് എന്നീ യു.എസ് ഭരണപ്രദേശങ്ങൾ വർഷം മുഴുവൻ 'സ്റ്റാൻഡേർഡ് ടൈം' തന്നെയാണ് പിന്തുടരുന്നത്. അതേസമയം അരിസോണ അതിർത്തിക്കുള്ളിലുള്ള നവാജോ നേഷൻ പ്രദേശം ഡേലൈറ്റ് സേവിങ് സമയം പാലിക്കുന്നുണ്ട്. ചരിത്രംഒന്നാം ലോകമഹായുദ്ധ കാലത്ത് (1918) 'സ്റ്റാൻഡേർഡ് ടൈം ആക്ട്' വഴിയാണ് അമേരിക്ക ആദ്യമായി ഡേലൈറ്റ് സേവിങ് സമയം നടപ്പിലാക്കിയത്. പകൽവെളിച്ചം പരമാവധി പ്രയോജനപ്പെടുത്തി ഇന്ധനവും വൈദ്യുതിയും ലാഭിക്കുക എന്നതായിരുന്നു ലക്ഷ്യം. തുടർന്ന് 1966-ൽ ലിൻഡൻ ബി. ജോൺസൺ പ്രസിഡന്റായിരുന്ന കാലത്താണ് 'യൂനിഫോം ടൈം ആക്ട്' വഴി സമയമാറ്റത്തിന് രാജ്യത്തുടനീളം ഏകീകൃത രൂപം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.