പുതിയ പാലം വഴി ചൈനയിലെത്തി കിം ജോങ് ഉൻ; ലി ചിയാങ്ങുമായി കൂടിക്കാഴ്ചയെന്ന് റിപ്പോർട്ട്
പ്യോങ്‌യാങ്: ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ ചൈനയിലെത്തി. ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന പുതുതായി തുറന്ന ന്യൂ യാലു നദി പാലം വഴിയാണ് കിം അതിർത്തി കടന്നതെന്ന് ദക്ഷിണ കൊറിയൻ സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അതിർത്തി നഗരമായ ദാൻഡോങ്ങിൽ ചൈനീസ് പ്രധാനമന്ത്രി ലി ചിയാങ് കിമ്മിനെ കണ്ടതായും ദക്ഷിണ കൊറിയൻ വാർത്താ ഏജൻസിയായ യോൻഹാപ്പ് റിപ്പോർട്ട് ചെയ്തു.
1950–1953ലെ കൊറിയൻ യുദ്ധത്തിൽ ചൈന പങ്കുചേർന്നതിന്റെ വാർഷികത്തിന് ഒരു ദിവസം മുമ്പാണ് കിമ്മിന്റെ സന്ദർശനം. ചൈനയും ഉത്തരകൊറിയയും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ശക്തമാകുന്നതിന്റെ സൂചനയായാണ് പുതിയ സന്ദർശനം വിലയിരുത്തപ്പെടുന്നത്. എന്നാൽ ചൈനീസ് വിദേശകാര്യ മന്ത്രാലയം ഇതുസംബന്ധിച്ച പ്രതികരണത്തിന് തയാറായില്ല.
വർഷങ്ങളായി നീണ്ടുപോയ തടസ്സങ്ങൾക്കും കോവിഡ് നിയന്ത്രണങ്ങൾക്കും ശേഷം ഈ മാസം ആദ്യമാണ് മൂന്ന് കിലോമീറ്റർ നീളമുള്ള ന്യൂ യാലു റിവർ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര തടസ്സങ്ങൾ മാറ്റാനും അസംസ്കൃത വസ്തുക്കളുടെയും ഊർജ്ജ ഉൽപ്പന്നങ്ങളുടെയും കൈമാറ്റം സുഗമമാക്കാനും ഈ പാലം സഹായിക്കും. 2025 സെപ്റ്റംബറിൽ ബെയ്ജിങ്ങിൽ നടന്ന വിക്ടറി ഡേ ആഘോഷങ്ങളിൽ പങ്കെടുത്തതിന് ശേഷം ഇതാദ്യമായാണ് കിം ജോങ് ഉൻ ചൈന സന്ദർശിക്കുന്നത്.
വരും ദിവസങ്ങളിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി കിം ജോങ് ഉൻ ഉച്ചകോടി നടത്തുമെന്നാണ് നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നത്. റഷ്യയുമായി വടക്കൻ കൊറിയ അടുത്ത നയതന്ത്ര ബന്ധം പുലർത്തുന്നതിനിടെയാണ് ചൈനയുമായുള്ള ബന്ധവും ശക്തമാക്കാൻ കിം മുൻകൈയെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.