ഗൂഗ്ൾ ഡേറ്റ ഇനി പരമ പരസ്യം

കാലിഫോർണിയ: ജി-മെയിൽ, ഫോട്ടോസ്, ഡ്രൈവ് തുടങ്ങിയ സേവനങ്ങളിലെ വിവരങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട സ്വകാര്യത നയത്തിൽ വ്യക്തത വരുത്തി ഗൂഗ്ൾ. പേഴ്സനൽ ഇന്റലിജൻസ് സംവിധാനത്തിലൂടെ ഗൂഗിളിന്റെ ചില സേവനങ്ങളുമായി ഉപയോക്താക്കൾ പങ്കുവെക്കുന്ന വിവരങ്ങൾ പരസ്യങ്ങൾ വ്യക്തിഗതമാക്കാൻ ഉപയോഗിച്ചേക്കാമെന്നാണ് നയം മാറ്റം. ജി-മെയിൽ, ഗൂഗ്ൾ ഡ്രൈവ്, ഗൂഗ്ൾ ഫോട്ടോസ് എന്നിവയിലെ ഉള്ളടക്കം സാധാരണയായി പരസ്യങ്ങൾ നൽകാൻ ഉപയോഗിക്കുന്നില്ലെന്നാണ് ഗൂഗിളിന്റെ നയം. എന്നാൽ, ഈ വിവരങ്ങൾ വ്യക്തിഗതമാക്കിയ പരസ്യങ്ങൾ നൽകുന്ന ഗൂഗ്ൾ സേവനങ്ങളുമായി ഉപയോക്താക്കൾ ബന്ധിപ്പിക്കുമ്പോൾ സ്ഥിതി മാറാം എന്നാണ് പുതിയ നയം വ്യക്തമാക്കുന്നത്.

ഗൂഗിളിന്റെ എ.ഐ സംവിധാനങ്ങളായ ജെമിനിക്കും ഗൂഗ്ൾ സെർച്ചിനും കൂടുതൽ പ്രസക്തമായ മറുപടികൾ നൽകാൻ സഹായിക്കുന്നതാണ് പേഴ്സനൽ ഇന്റലിജൻസ്.

ജി-മെയിൽ, ഗൂഗ്ൾ ഫോട്ടോസ്, ഗൂഗ്ൾ ഡ്രൈവ് തുടങ്ങിയ ബന്ധിപ്പിച്ച ആപ്പുകളിൽനിന്നുള്ള വിവരങ്ങൾ ഉപയോഗിച്ച് ഉപയോക്താവിന്റെ ചോദ്യങ്ങൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ ഇതിലൂടെ സാധിക്കും. ഉദാഹരണത്തിന്, ബുക്ക് ചെയ്ത ഹോട്ടലിനു സമീപത്തെ ഭക്ഷണശാലകൾ തിരയുമ്പോൾ ജി-മെയിലിലെ ഹോട്ടൽ ബുക്കിങ് വിവരങ്ങൾ പരിശോധിച്ച് അനുയോജ്യമായ സ്ഥലങ്ങൾ നിർദേശിക്കാൻ ഗൂഗ്ൾ സെർച്ചിന് കഴിഞ്ഞേക്കും. ഇത്തരത്തിൽ പങ്കുവെക്കുന്ന വിവരങ്ങൾ ചില സാഹചര്യങ്ങളിൽ പരസ്യങ്ങൾ തെരഞ്ഞെടുക്കുന്നതിനും ഉപയോഗിക്കപ്പെടുമോ എന്ന ആശങ്കയാണ് പുതിയ നയം ഉയർത്തുന്നത്.

എങ്ങനെ നിയന്ത്രിക്കാം?

ഗൂഗ്ൾ സെർച്ചിന് ബന്ധിപ്പിച്ച ആപ്പുകളിലെ വിവരങ്ങൾ ലഭ്യമാകുന്നത് നിയന്ത്രിക്കാൻ ഉപയോക്താക്കൾക്ക് കഴിയും. ഇതിനായി ഗൂഗ്ൾ അക്കൗണ്ടിലെ ‘ഡേറ്റ ആൻഡ് പ്രൈവസി’ യിൽ പ്രവേശിച്ച് ‘പേഴ്സനലൈസേഷൻ സെറ്റിങ്സ്’ തെരഞ്ഞെടുക്കണം. തുടർന്ന് ‘മാനേജ് പേഴ്സനലൈസ്ഡ് റെക്കമൻഡേഷൻസ് ഇൻ സെർച്ച് സർവിസസ് ഓപ്ഷനിലെ ‘കണക്ടഡ് കണ്ടന്റ് ആപ്സ്’ വിഭാഗത്തിൽനിന്ന് ഗൂഗ്ൾ വർക്‌സ്‌പേസും ഗൂഗ്ൾ ഫോട്ടോസും വിച്ഛേദിക്കാം. വ്യക്തിഗത ശിപാർശകൾ പൂർണമായും പ്രവർത്തനരഹിതമാക്കാനുള്ള സൗകര്യവുമുണ്ട്. എന്നാൽ, ഒരു ആപ് വിച്ഛേദിച്ചതുകൊണ്ടോ അതിലെ ഇ-മെയിലോ ചിത്രമോ നീക്കം ചെയ്തതുകൊണ്ടോ നേരത്തേ ശേഖരിച്ച എല്ലാ വിവരങ്ങളും ഇല്ലാതാകണമെന്നില്ല.

Tags:    
News Summary - Google data now ultra-public

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.