ചൈനക്ക് റഷ്യയുടെ അന്തർവാഹിനി സാങ്കേതികവിദ്യ; 80 മില്യൺ ഡോളറിന്റെ ഇടപാടുകളെന്ന് റിപ്പോർട്ട്

മോസ്കോ: റഷ്യ ചൈനക്ക് ആണവേതര അന്തർവാഹിനികളുടെ സാങ്കേതികവിദ്യ കൈമാറിയതായി റിപ്പോർട്ട്. 2022ൽ യുക്രെയ്ൻ അധിനിവേശം ആരംഭിച്ചതിന് ശേഷവും ഇരു രാജ്യങ്ങളും തമ്മിലുള്ള സാങ്കേതിക സഹകരണം തുടർന്നതായാണ് കണ്ടെത്തൽ. സെന്റർ ഫോർ അഡ്വാൻസ്ഡ് ഡിഫൻസ് സ്റ്റഡീസ് പുറത്തുവിട്ട ‘എ മാര്യേജ് ഓഫ് കൺവീനിയൻസ്’ (A Marriage of Convenience?)എന്ന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

അന്തർവാഹിനികളുടെ ശബ്ദം കുറക്കുന്നതിനുള്ള സാങ്കേതികവിദ്യ, ആണവേതര പ്രൊപ്പൽഷൻ സംവിധാനങ്ങൾ, ഓട്ടോമേറ്റഡ് കമാൻഡ്-കൺട്രോൾ, ആയുധ നിയന്ത്രണ സംവിധാനങ്ങൾ, അന്തർവാഹിനി ഹൾ രൂപകൽപ്പന തുടങ്ങിയ മേഖലകളിലാണ് റഷ്യ ചൈനയുമായി സഹകരിച്ചതെന്നാണ് റിപ്പോർട്ട്.

റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് ഷിപ്പ്‌ബിൽഡിങ് കോർപ്പറേഷന്റെ അനുബന്ധ സ്ഥാപനമായ റൂബിൻ സെൻട്രൽ ഡിസൈൻ ബ്യൂറോയാണ് സഹകരണത്തിൽ പ്രധാന പങ്കുവഹിച്ചതെന്നും റിപ്പോർട്ട് പറയുന്നു. റൂബിന് അമേരിക്ക, യൂറോപ്യൻ യൂണിയൻ, ജപ്പാൻ എന്നിവ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.

2015 ഓഗസ്റ്റ് മുതൽ 2023 ഏപ്രിൽ വരെ റൂബിൻ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സംഭരണ ഏജൻസികളുമായും ചൈന ഷിപ്പ്‌ബിൽഡിങ് ആൻഡ് ഓഫ്‌ഷോർ ഇന്റർനാഷണൽ കോർപ്പറേഷനുമായും(CSOC) സഹകരിച്ചതായി വ്യാപാര രേഖകൾ വ്യക്തമാക്കുന്നു. ഈ കാലയളവിൽ 12 ഇടപാടുകളിലായി 80 മില്യൺ ഡോളറിലധികം വിലവരുന്ന സാങ്കേതിക രേഖകളും സാമഗ്രികളും കൈമാറിയതായാണ് റിപ്പോർട്ട്.

2019 ഒക്ടോബറിലും 2020 ജനുവരിയിലും റൂബിൻ സി.എസ്.ഒ.സിക്ക് കൈമാറിയ രേഖകളിൽ അന്തർവാഹിനികളുമായി ബന്ധപ്പെട്ട വിവിധ പരീക്ഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങളുണ്ടായിരുന്നു. അന്തർവാഹിനിയുടെ രഹസ്യ സഞ്ചാരശേഷിയെ ബാധിക്കുന്ന കാവിറ്റേഷൻ ഉൾപ്പെടെയുള്ള പ്രതിഭാസങ്ങൾ പരിശോധിക്കുന്ന പരീക്ഷണങ്ങളും ഇതിൽ ഉൾപ്പെടുന്നു.

ചൈനീസ് അന്തർവാഹിനികളുടെ ശബ്ദം കുറക്കുന്നതിനുള്ള സാങ്കേതികവിദ്യകളുടെ കാര്യക്ഷമത പരിശോധിക്കാൻ റൂബിൻ സഹായിച്ചതിന്റെ സൂചനയാണ് ഈ വിവരങ്ങളെന്ന് സമുദ്രസുരക്ഷാ വിദഗ്ധൻ പറയുന്നു.

അതേസമയം, 2019 ഡിസംബർ മുതൽ 2022 സെപ്റ്റംബർ വരെ സി.എസ്.ഒ.സി റൂബിന് അന്തർവാഹിനി പരീക്ഷണങ്ങൾക്കാവശ്യമായ നിയന്ത്രണ ഉപകരണങ്ങളും മറ്റ് ഘടകങ്ങളും നൽകിയതായും രേഖകൾ സൂചിപ്പിക്കുന്നുണ്ട്. റിപ്പോർട്ടിൽ സംയുക്ത രൂപകൽപ്പനയും നിർമാണവും സംബന്ധിച്ച കരാറിനെക്കുറിച്ചും പരാമർശമുണ്ട്.

ചൈനയുടെ അന്തർവാഹിനി സാങ്കേതികവിദ്യയുടെ ആദ്യഘട്ട വികസനത്തിൽ സോവിയറ്റ്, റഷ്യൻ സാങ്കേതികവിദ്യകൾക്ക് നിർണായക പങ്കുണ്ടായിരുന്നു. പിന്നീട് ചൈന അന്തർവാഹിനികൾ വികസിപ്പിക്കാൻ തുടങ്ങിയെങ്കിലും ആണവ അന്തർവാഹിനികളുടെ ശബ്ദം കുറക്കുന്നതുൾപ്പെടെയുള്ള മേഖലകളിൽ റഷ്യൻ സാങ്കേതിക സഹായം തുടരുന്നതായി യു.എസ്. സർക്കാർ വൃത്തങ്ങൾ ആരോപിക്കുന്നുണ്ട്.

Tags:    
News Summary - Russia Transfers Submarine Technology to China: Deals Worth $80 Million Reported

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.