എസ്. ജയശങ്കറും ജെയ്ഹുൻ ബയ്റമോവും
പഴയ ഭിന്നതകൾ മറക്കാം; ഇന്ത്യയും അസർബൈജാനും വീണ്ടും സഹകരണ പാതയിൽ
ന്യൂഡൽഹി: ഇന്ത്യയും അസർബൈജാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ പുതിയ വഴിത്തിരിവ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ സജീവമായി തുടരുന്നതിനിടെ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും അസർബൈജാൻ വിദേശകാര്യ മന്ത്രി ജെയ്ഹുൻ ബയ്റമോവും ബാക്കുവിൽ കൂടിക്കാഴ്ച നടത്തി.
ഊർജ്ജം, വ്യാപാരം, നിക്ഷേപം, കണക്റ്റിവിറ്റി എന്നീ മേഖലകളിൽ സഹകരണം വിപുലീകരിക്കാൻ ഇരുവരും ധാരണയിലെത്തി. വളരെ ഫലപ്രദമായ കൂടിക്കാഴ്ച എന്നാണ് ജയശങ്കർ വിശേഷിപ്പിച്ചത്. എട്ട് വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ വിദേശകാര്യ മന്ത്രി അസർബൈജാൻ സന്ദർശിക്കുന്നത്. ഇതിന് വലിയ നയതന്ത്ര പ്രാധാന്യമുണ്ട്.
കഴിഞ്ഞ മാസം ബിഷ്കെക്കിൽ നടന്ന എസ്സിഒ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവുമായി നടത്തിയ കൂടിക്കാഴ്ച സൃഷ്ടിച്ച നയതന്ത്ര സൗഹാർദ്ദത്തിന്റെ തുടർച്ചയായാണ് ജയശങ്കറിന്റെ സന്ദർശനത്തെ കാണുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ചില ഭൗമരാഷ്ട്രീയ കാരണങ്ങളാൽ വഷളായിരുന്നു.
പ്രധാന കാരണം അസർബൈജാന്റെ പാകിസ്താനുമായുള്ള അടുത്ത ബന്ധമായിരുന്നു. കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്താന് അസർബൈജാൻ പരസ്യ പിന്തുണ നൽകിയിരുന്നു. അതുപോലെ തന്നെ അർമേനിയയുമായുള്ള ഇന്ത്യയുടെ പ്രതിരോധ ബന്ധവും അസർബൈജാനെ ചൊടിപ്പിച്ചിരുന്നു. എന്നാൽ എല്ലാം മറന്ന് ബന്ധം ഉയർന്ന തലത്തിലേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ചാണ് അസർബൈജാൻ വിദേശകാര്യ മന്ത്രി ബയ്റമോവ് സംസാരിച്ചത്.
‘സാമ്പത്തിക സഹകരണം, വ്യാപാരം, നിക്ഷേപം, ഊർജ്ജം എന്നിവയെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു, അത് ഞങ്ങളുടെ ഉഭയകക്ഷി ബന്ധത്തിന്റെ കേന്ദ്രമാണ്... ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും കൂടുതൽ മെച്ചപ്പെടുത്തുന്നതിന് വളരെ നല്ല സാധ്യതയുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. വിവിധ പ്രവർത്തനങ്ങളെയും കൈമാറ്റങ്ങളെയും കുറിച്ചും ഞങ്ങൾ ചർച്ച ചെയ്തു’ ജയശങ്കർ പറഞ്ഞു.
ഇന്റർനാഷണൽ നോർത്ത്-സൗത്ത് ട്രാൻസ്പോർട്ട് കോറിഡോറിൽ (INSTC) കൂടുതൽ അടുത്ത് ഏകോപിപ്പിക്കാൻ ഇരു രാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്. ഇന്ത്യയെ റഷ്യയുമായും യൂറോപ്പുമായും ബന്ധിപ്പിക്കുന്നതിൽ അസർബൈജാൻ നിർണായക പങ്ക് വഹിക്കുന്ന പാതയാണിത്. വിദേശകാര്യ മന്ത്രി ബാക്കുവിൽ അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവുമായും കൂടിക്കാഴ്ച നടത്തി.
‘നമ്മുടെ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. ഈ പങ്കിട്ട ശ്രമത്തിനായുള്ള അദ്ദേഹത്തിന്റെ ക്രിയാത്മക വികാരങ്ങളെ ഞാൻ അഭിനന്ദിക്കുന്നു’ ജയശങ്കർ പറഞ്ഞു. അസർബൈജാനും അർമേനിയയും തമ്മിലുള്ള സമാധാന കരാറിനെയും ജയശങ്കർ സ്വാഗതം ചെയ്തു. ഇത് ശാശ്വത സമാധാനം സ്ഥാപിക്കുന്നതിലേക്ക് നയിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.