‘യുദ്ധം നിർത്തിയില്ലെങ്കിൽ 250 ശതമാനം തീരുവ’; ഇന്ത്യയെയും പാകിസ്താനെയും വിറപ്പിച്ച് യുദ്ധം അവസാനിപ്പിച്ചെന്ന അവകാശവാദവുമായി വീണ്ടും ട്രംപ്
വാഷിങ്ടൺ: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദവുമായി വീണ്ടും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം തുടർന്നാൽ 250 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന് ഇരുരാജ്യങ്ങളെയും ഭീഷണിപ്പെടുത്തിയതോടെയാണ് സംഘർഷം അവസാനിച്ചതെന്നാണ് ട്രംപിന്റെ പുതിയ വാദം. നവംബർ മൂന്നിന് നടക്കാനിരിക്കുന്ന യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി വെള്ളിയാഴ്ച ഫ്ലോറിഡയിൽ നടന്ന പ്രചാരണ റാലിയിലാണ് ഓപറേഷൻ സിന്ദൂർ പരാമർശിച്ച് ട്രംപ് അവകാശവാദം ആവർത്തിച്ചത്.
ആണവായുധശേഷിയുള്ള ഇന്ത്യയും പാകിസ്താനും തമ്മിൽ വലിയ യുദ്ധത്തിലേക്ക് നീങ്ങുന്ന സാഹചര്യമായിരുന്നുവെന്നും വ്യാപാര ഉപരോധ ഭീഷണിയിലൂടെ അത് തടയാൻ കഴിഞ്ഞെന്നുമാണ് ട്രംപിന്റെ വാദം. 2025ൽ പാകിസ്താൻ പിന്തുണയോടെ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂറിനെ തുടർന്നുണ്ടായ സൈനിക സംഘർഷം പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
ഇന്ത്യയോടും പാകിസ്താനോടും യുദ്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടുവെന്നും സംഘർഷം തുടർന്നാൽ അമേരിക്കയുമായി വ്യാപാരത്തിലേർപ്പെടാൻ അനുവദിക്കില്ലെന്നും ഇരുരാജ്യങ്ങളിൽനിന്നുള്ള ഉൽപന്നങ്ങൾക്ക് 250 ശതമാനം തീരുവ ചുമത്തുമെന്നും മുന്നറിയിപ്പ് നൽകിയെന്നും പിന്നാലെ യുദ്ധം അവസാനിച്ചുവെന്നുമാണ് ട്രംപ് പറയുന്നത്.
തന്റെ മുന്നറിയിപ്പിനോട് ഇരുരാജ്യങ്ങളും കടുത്ത അതൃപ്തിയും രോഷവും പ്രകടിപ്പിച്ചെങ്കിലും ഒടുവിൽ യുദ്ധം നിർത്താമെന്ന ധാരണയിലെത്തുകയായിരുന്നുവെന്നും ട്രംപ് പറഞ്ഞു. സംഘർഷത്തിനിടെ 11 യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായും അദ്ദേഹം വീണ്ടും അവകാശപ്പെട്ടു. ഇത് സംബന്ധിച്ച ട്രംപിന്റെ അവകാശവാദത്തെ ഇന്ത്യ നേരത്തേ ചോദ്യം ചെയ്തിരുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി എട്ട് യുദ്ധങ്ങൾ അവസാനിപ്പിക്കാൻ തനിക്ക് കഴിഞ്ഞെന്നും അതിൽ അഭിമാനമുണ്ടെന്നുമാണ് ട്രംപ് പറയുന്നത്. ഈ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ഐക്യരാഷ്ട്രസഭയിലേക്ക് ഒരു ഫോൺകോൾ പോലും നടത്തിയിട്ടില്ലെന്നും ഇനിയും ചില സംഘർഷങ്ങൾ പരിഹരിക്കാനുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം, എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചെന്ന് പറയുന്ന ട്രംപ് തനിക്ക് നൊബേൽ സമാധാന സമ്മാനം ലഭിക്കാത്തതിലുള്ള അതൃപ്തിയും പ്രകടിപ്പിച്ചു. അന്താരാഷ്ട്ര സംഘർഷങ്ങൾ പരിഹരിക്കാൻ നടത്തിയ ഇടപെടലുകൾക്ക് അർഹമായ അംഗീകാരം ലഭിച്ചില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി.
എന്നാൽ, ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കുന്നതിൽ അമേരിക്ക മധ്യസ്ഥത വഹിച്ചെന്ന ട്രംപിന്റെ അവകാശവാദം ഇന്ത്യ തള്ളിയിട്ടുണ്ട്. ഇരുരാജ്യങ്ങളുടെയും സൈനികതലത്തിൽ നടന്ന ആശയവിനിമയത്തിലൂടെയാണ് വെടിനിർത്തൽ ധാരണയിലെത്തിയതെന്നും മൂന്നാംകക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.