ഇന്ത്യയിലേക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ; ബ്രിക്സ് സമ്മേളനത്തിന് തൊട്ടുമുമ്പ് അപ്രതീക്ഷിത പിന്മാറ്റം
ന്യൂഡൽഹി: ഇന്ത്യയിൽ നടക്കാനിരിക്കുന്ന ബ്രിക്സ് പാർലമെന്ററി സമ്മേളനത്തിൽ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്. അപ്രതീക്ഷിത സാഹചര്യങ്ങൾ മൂലമാണ് അദ്ദേഹം സമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് ന്യൂഡൽഹിയിലെ ഇറാൻ എംബസി ശനിയാഴ്ച അറിയിച്ചു. എന്നാൽ, ഇറാനിൽനിന്നുള്ള പാർലമെന്ററി പ്രതിനിധിസംഘം സമ്മേളനത്തിൽ പങ്കെടുക്കുമെന്നും എംബസി വ്യക്തമാക്കി.
ഒക്ടോബർ 26, 27 തീയതികളിൽ ന്യൂഡൽഹിയിലെ സംവിധാൻ സദനിലാണ് 12ാമത് ബ്രിക്സ് പാർലമെന്ററി സമ്മേളനം നടക്കുന്നത്. ബ്രിക്സ് അംഗരാജ്യങ്ങളിലെ പാർലമെന്റ് അധ്യക്ഷന്മാരും മറ്റ് ഉന്നത പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും. ഖാലിബാഫും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, സമ്മേളനം ആരംഭിക്കാൻ രണ്ടുദിവസം മാത്രം ശേഷിക്കെയാണ് സന്ദർശനം റദ്ദാക്കിയെന്ന് ഇറാൻ അറിയിച്ചത്. ഇതു സംബന്ധിച്ച വിശദവിവരങ്ങൾ എംബസി പുറത്തുവിട്ടിട്ടില്ല. അപ്രതീക്ഷിത സാഹചര്യങ്ങളാണ് തീരുമാനത്തിന് കാരണമെന്നാണ് നിലവിലെ വിവരം.
അതേസമയം, ബ്രിക്സ് കൂട്ടായ്മയിലെ അംഗരാജ്യമെന്ന നിലയിൽ ഉന്നതതല സമ്മേളനങ്ങളിലും മറ്റും സജീവവും ഫലപ്രദവുമായ പങ്കാളിത്തം തുടരുമെന്ന് ഇറാൻ വ്യക്തമാക്കി. ഉഭയകക്ഷി, ബഹുകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി മറ്റ് അംഗരാജ്യങ്ങളുടെ പ്രതിനിധികളുമായി ഇന്ത്യയിലെത്തുന്ന ഇറാന്റെ സംഘം ചർച്ചകൾ നടത്തും. ഇതോടൊപ്പം, സമ്മേളനത്തിന് ആതിഥേയത്വം ഒരുക്കുന്ന ഇന്ത്യൻ സർക്കാറിന്റെ ക്രമീകരണങ്ങൾക്കും സ്വീകരണത്തിനും ഇറാൻ നന്ദി അറിയിച്ചു. നടക്കാനിരിക്കുന്ന ബ്രിക്സ് സമ്മേളനത്തിന് എംബസി ആശംസയും അറിയിച്ചു.
അമേരിക്ക–ഇറാന് യുദ്ധത്തിലും തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിനെക്കുറിച്ചുള്ള ചർച്ചകളിലും ഇറാനെ പ്രതിനിധീകരിക്കുന്ന പ്രധാനനേതാക്കളിലൊരാളാണ് ഖാലിബാഫ്. അതിനാൽ അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദർശനത്തിന് നയതന്ത്രതലത്തിൽ പ്രത്യേക പ്രാധാന്യം കൽപ്പിക്കപ്പെട്ടിരുന്നു.
ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ ആഗോള ഭരണസംവിധാനങ്ങളുടെ പരിഷ്കരണം, നിർമിതബുദ്ധിയുടെ ധാർമിക ഉപയോഗം, ഡിജിറ്റൽ പരിവർത്തനം, സുസ്ഥിര വികസനം, പാർലമെന്ററി സഹകരണം തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സമ്മേളനത്തിൽ പങ്കെടുക്കുമെന്നും വിദേശ പ്രതിനിധിസംഘങ്ങളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും ലോക്സഭ സ്പീക്കർ ഓം ബിർള നേരത്തെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.