ന്യൂയോർക്ക്: വിവിധ രാജ്യങ്ങൾക്കുമേൽ അധിക തീരുവ ചുമത്തിയതിലൂടെ ഡോണൾഡ് ട്രംപ് അധികാരപരിധി മറികടന്നുവെന്ന് യു.എസ് ഫെഡറൽ കോടതി. ട്രംപിന്റെ അധിക തീരുവ അമേരിക്കയിലെ സാധാരണക്കാരനിൽ തുടങ്ങി വൻകിട കോർപ്പറേറ്റ് കമ്പനികളെ വരെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. അധിക തീരുവ നടപ്പാക്കുന്നത് നിർത്തിവെക്കണമെന്നും യു.എസ് കോടതി നിർദേശിച്ചു.
മാൻഹട്ടനിലെ അന്താരാഷ്ട്ര വ്യാപാരത്തിന് വേണ്ടിയുള്ള യു.എസ് കോടതിയാണ് ട്രംപിന്റെ അധിക തീരുവ തടഞ്ഞത്. എന്നാൽ, തീരുമാനത്തിനെതിരെ ട്രംപ് ഭരണകൂടം അപ്പീൽ നൽകിയിട്ടുണ്ട്. രാജ്യങ്ങൾക്കുമേൽ ഏകപക്ഷീയമായി തീരുവ ചുമത്താൻ പ്രസിഡന്റിന് അധികാരമില്ലെന്നും യു.എസ് കോൺഗ്രസാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര വ്യാപാരം നിയന്ത്രിക്കുന്ന കോടതിയുടെ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി. ഏപ്രിൽ 2ന് ട്രംപ് വിവിധ രാജ്യങ്ങൾക്കുമേൽ ചുമത്തിയ അധിക തീരുവയും അതിന് മുമ്പ് ചൈന, മെക്സികോ, കാനഡ തുടങ്ങിയവക്കുമേൽ ഏർപ്പെടുത്തിയ അധിക നികുതിയും ഇതോടെ ഇല്ലാതാകും. 10 ദിവസത്തിനകം ഇതുസംബന്ധിച്ച് ഉത്തരവിറക്കാൻ ട്രംപിനോട് നിർദേശിച്ചിട്ടുണ്ട്.
ചൈനക്കുമേൽ 30 ശതമാനവും മെക്സികോ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് 25 ശതമാനം നികുതിയും ചുമത്താനാണ് ട്രംപ് തീരുമാനിച്ചത്. യു.എസിലേക്ക് എത്തുന്ന എല്ലാ ഉൽപന്നങ്ങൾക്ക മിനിമം 10 ശതമാനം നികുതിയെങ്കിലും ചുമത്താൻ ട്രംപ് തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.