യു.എസ് - ചൈന വ്യാപാരയുദ്ധത്തിന് അറുതി; ഇരുരാജ്യങ്ങളും തീരുവ വെട്ടിക്കുറയ്ക്കാൻ ധാരണ

ജനീവ: പകരച്ചുങ്ക യുദ്ധത്തിൽനിന്ന് അമേരിക്കയും ചൈനയും പിന്മാറി. ജനീവയിൽ നടന്ന ചർച്ച‍യിൽ ഇരുരാജ്യങ്ങളും ചുമത്തിയ അധിക താരിഫ് കുറയ്ക്കാൻ ധാരണയായി. ചൈനീസ് ഉൽപന്നങ്ങൾക്ക് അമേരിക്ക 145 ശതമാനവും, അമേരിക്കൻ ഇറക്കുമതിക്ക് ചൈന 125 ശതമാനവുമാണ് തീരുവ ചുമത്തിയിരുന്നത്. ലോകമാകമാനം ഈ താരിഫ് യുദ്ധത്തിന്‍റെ ഫലമായി വിപണികളിൽ തിരിച്ചടി നേരിട്ടിരുന്നു. ഇന്ത്യൻ ഓഹരിവിപണികളിൽ പോലും ഇത് പ്രത്യക്ഷമായിരുന്നു.

കഴിഞ്ഞ രണ്ട് ദിവസമായി യു.എസ്, ചൈന പ്രതിനിധികൾ താരിഫുമായി ബന്ധപ്പെട്ട കാര്യത്തിൽ തീരുമാനമെടുക്കാൻ ജനീവയിൽ ചർച്ച നടത്തിവരികയായിരുന്നു. ഇതിൽ നിർണായകമായ പുരോഗതിയുണ്ടായതാണ് ഇപ്പോൾ ഇരു രാജ്യങ്ങളും അറിയിച്ചത്. ചൈനീസ് ഉൽപന്നങ്ങൾക്ക് അമേരിക്ക 30 ശതമാനവും, അമേരിക്കൻ ഇറക്കുമതിക്ക് ചൈന 10 ശതമാനവുമായാണ് തീരുവ കുറയ്ക്കുക. 90 ദിവസത്തേക്കാണ് നിലവിലെ കരാർ. എന്നാൽ ഇത് നീട്ടാനാകുമെന്ന് ഇരു കക്ഷികളും വ്യക്തമാക്കി. ഉയർത്തിയ താരിഫ് പിൻവലിക്കുന്നതോടെ, ഇരു രാജ്യങ്ങളും തമ്മിൽ നേരത്തെയുണ്ടായിരുന്ന നിലയിൽ വ്യാപാരം നടക്കും.

അതേസമയം അമേരിക്ക -ചൈന ചർച്ചയുടെയും പാകിസ്താനുമായുള്ള സംഘർഷം ലഘൂകരിച്ചതിന്‍റെയും പശ്ചാത്തലത്തിൽ തിങ്കളാഴ്ച ഇന്ത്യൻ വിപണിയിൽ മികച്ച മുന്നേറ്റമാണ്. സെൻസെക്സ് 2,000 പോയിന്റിലധികം ഉയർന്നു. നിഫ്റ്റി 24,600 കടന്നതോടെ നിക്ഷേപകരുടെ പ്രതീക്ഷയും ഉയർന്നിട്ടുണ്ട്. സെൻസെക്സ് 2,089.33 പോയിന്റ് അഥവാ 2.62 ശതമാനം ഉയർന്ന് 81,543.80 ലും എൻ.‌എസ്‌.ഇ നിഫ്റ്റി 669.3 പോയിന്റ് അഥവാ 2.78 ശതമാനം ഉയർന്ന് 24,677.30 എന്ന നിലയിലുമാണ് വിപണി ആരംഭിച്ചത്.

Tags:    
News Summary - US, China Reach Deal To Slash Reciprocal Tariffs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.