ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ
ദുബൈ: ഗസ്സയിലെ സമധാന ശ്രമങ്ങളുടെ നേതൃത്വപരമായ പങ്കുവഹിക്കുന്ന അന്താരാഷ്ട്ര സമിതിയായ ബോർഡ് ഓഫ് പീസിലേക്കുള്ള യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ക്ഷണം സ്വീകരിച്ച് യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഗസ്സക്ക് വേണ്ടിയുള്ള ട്രംപിന്റെ 20 ഇന സമാധാന പദ്ധതി പൂർണമായും നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യം പ്രതിഫലിപ്പിക്കുന്നതാണ് തീരുമാനമൈന്ന് ശൈഖ് അബ്ദുല്ല പ്രസ്താവിച്ചു. ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾ സാക്ഷാൽകരിക്കുന്നതിന് ഇത് നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ബോർഡ് ഓഫ് പീസി’ന്‍റെ ദൗത്യത്തിൽ സജീവമായി സംഭാവന ചെയ്യാനും എല്ലാവർക്കും സമൃദ്ധിയും സുസ്ഥിരതയും സഹകരണവും ഉറപ്പാക്കാനും യു.എ.ഇ സന്നദ്ധമാണെന്നും ട്രംപിന്‍റെ നേതൃത്വത്തിലും ലോക സമാധാനത്തിനുള്ള പ്രതിബദ്ധതയിലും ആത്മവിശ്വാസമുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
ഗസ്സയുടെ പുനർനിർമാണത്തിന് മേൽനോട്ടം വഹിക്കുകയും ഇടക്കാല ഫലസ്തീൻ സർക്കാറിനെ സഹായിക്കുകയും ചെയ്യുന്നതിനാണ് സമാധാന സമിതി രൂപപ്പെടുത്തിയത്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ്, മുൻ യു.കെ പ്രധാനമന്ത്രി ടോണി ബ്ലെയർ എന്നിവർ ഉൾപ്പെടെ ബോർഡിലുണ്ട്. കഴിഞ്ഞ ആഴ്ചയാണ് ട്രംപ് ഗസ്സ സമാധാന ബോർഡ് രൂപീകരണം പ്രഖ്യാപിച്ചത്. 60 രാജ്യങ്ങളുടെ ഭരണാധികാരികളെ ബോർഡിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.