തെഹ്റാൻ: ഹുർമുസ് കടലിടുക്കിനെച്ചൊല്ലിയുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ, ഇറാനിൽ ആക്രമണം ശക്തമാക്കി യു.എസ്. ബന്ദർ അബ്ബാസ്, സിരിക്, ജാസ്ക് എന്നീ തുറമുഖ നഗരങ്ങളിലും ഖഷം ദ്വീപിലും സ്ഫോടനങ്ങൾ നടന്നതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു.യുഎസ് നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഖഷം ദ്വീപിൽ 11 മിസൈലുകൾ പതിച്ചതായാണ് റിപ്പോർട്ട്. അതേസമയം ബഹ്റൈൻ, കുവൈത്, ഒമാൻ, ഖത്തർ, ജോർഡൻ എന്നിവിടങ്ങളിലെ യു.എസ് സൈനിക താവളങ്ങൾക്കു നേരെ ഇറാൻ പ്രത്യാക്രമണം നടത്തി.ഇറാന്റെ തെക്കുപടിഞ്ഞാറൻ ഖുസെസ്താൻ പ്രവിശ്യയിലും യുഎസ് ആക്രമണം നടത്തി.ഖുസെസ്താനിലുടനീളം കുറഞ്ഞത് എട്ട് സ്ഥലങ്ങളെങ്കിലും യു.എസ് സൈന്യം ആക്രമണം നടത്തിയതായി പ്രവിശ്യാ ഗവർണർ വലിയൊയുല്ല ഹയാതി ഇസ്ന വാർത്താ ഏജൻസിയോട് പറഞ്ഞു. പ്രാദേശിക സമയം പുലർച്ചെ 1.35 നും 2.20 നും ഇടയിൽ തുടർച്ചയായ ആക്രമണങ്ങൾ നടന്നു.മഹ്ഷഹറിലെ ഒരു കാർഷിക ജലസേചന പദ്ധതിയുടെ പമ്പിങ് സ്റ്റേഷനിൽ ഒരു പ്രൊജക്റ്റൈൽ ഇടിച്ചതിനെ തുടർന്ന് ഒരാൾ കൊല്ലപ്പെടുകയും മറ്റ് നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അതേസമയം ഇറാൻ ഹുർമുസിൽ കപ്പലുകൾക്ക് നേരെ ആക്രമണം തുടരുന്നതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു.രാജ്യത്തിനെതിരായ അമേരിക്കയുടെ ആക്രമണങ്ങളെ ഇറാൻ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ഹുർമുസ് പ്രശ്നത്തിൽ പരിഹാരം കാണുന്നതിനായി ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ഒമാനി വിദേശകാര്യ മന്ത്രി ബദർ അൽബുസൈദിയുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.നിർഭാഗ്യവശാൽ, ഒമാനിന് മേൽ പ്രത്യക്ഷവും പരോക്ഷവുമായ സമ്മർദ്ദം ചെലുത്തി വിഷയം പരിഹരിക്കുന്നതിനെ അമേരിക്ക തടഞ്ഞുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അതിനിടെ, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ് പാകിസ്താനും ഖത്തറും. പാക് പ്രധാനമന്ത്രി ശഹബാസ് ശരീഫ് ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്‍കിയാനെയും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെയും ഫോണിൽ വിളിച്ചു. നിലവിലെ ധാരണാപത്രം പൂർണമായും പാലിക്കാൻ ഇറാനും അമേരിക്കയും തയാറാകണമെന്നും പ്രകോപനം ഒഴിവാക്കണമെന്നും ശഹബാസ് ശരീഫ് ആവശ്യപ്പെട്ടു.
ഫെബ്രുവരി 28ന് ആണ് ഇസ്രയേലും യു.എസും ഇറാനു നേരെ ഏകപക്ഷീയ ആക്രമണം ആരംഭിച്ചത്. ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ അടക്കമുള്ളവർ കൊല്ലപ്പെട്ടു. ഇതോടെ ഇറാൻ ഗൾഫ് രാജ്യങ്ങളിലെ യു.എസ് സൈനിക താവളങ്ങൾക്കു നേരെ പ്രത്യാക്രമണം നടത്തുകയും ലോകത്തെ എണ്ണ വ്യാപാരത്തിന്റെ 20 ശതമാനം നടക്കുന്ന ഹുർമുസ് കടലിടുക്ക് അടക്കുകയും ചെയ്തു. തുടർന്ന് എണ്ണ വില കുതിച്ചുയർന്നു. ഒരു മാസത്തിനു ശേഷം ഏപ്രിൽ എട്ടിന് പാകിസ്താന്റെ മധ്യസ്ഥതയിൽ വെടിനിർത്തൽ ധാരണയിൽ എത്തി. പിന്നീട് നീണ്ട അനിശ്ചിതാവസ്ഥയ്ക്ക് ശേഷം ഇരു രാജ്യങ്ങളും ജൂൺ 17ന് സമാധാന ധാരണയിൽ ഒപ്പിട്ടു. 60 ദിവസത്തെ വെടിനിർത്തൽ നടപ്പാക്കാനും ചർച്ചകൾ തുടരാനുമായിരുന്നു ധാരണ. തുടർന്ന് സ്വിറ്റ്സർലൻഡിൽ നടന്ന ചർച്ചയിൽ ഹുർമുസ് തുറക്കാനും 60 ദിവസത്തിനുള്ളിൽ അന്തിമ സമാധാന കരാറിലെത്താൻ സഹായിക്കുന്ന ഒരു കൃത്യമായ റോഡ്മാപ്പിന് ഇരു രാജ്യങ്ങളും അംഗീകാരം നൽകുകയും ഇറാന്റെ ക്രൂഡ് ഓയിൽ, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിക്കുള്ള ഉപരോധങ്ങളിൽ അമേരിക്ക താൽക്കാലിക ഇളവുകൾ അനുവദിക്കുകയും ചെയ്തിരുന്നു. പിന്നീട് ഹുർമുസിൽ കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും വീണ്ടും യുദ്ധത്തിലേക്ക് നീങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.