അലാസ്ക: റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിനുമായി അലാസ്കയിൽ നടന്ന നിർണായക കൂടിക്കാഴ്ചക്ക് യു.എസ് സൈന്യം എല്ലാ തലത്തിലും സജ്ജമായിരുന്നു. കൂടിക്കാഴ്ചക്കായി വിമാനത്താവളത്തിലിറങ്ങുമ്പോൾ പുടിനു മുകളിലായി ബി2ബി ബോംബർ പറന്നുയർന്നു. അമേരിക്കയുടെ സൈനിക ശക്തി റഷ്യയെ കാണിക്കുന്നതിനു വേണ്ടിയാണ് വിമാനം പറത്തിയതെന്നാണ് റിപ്പോർട്ട്.
വിമാനമിറങ്ങിയ പുടിനെ ട്രംപ് സ്വീകരിച്ചു കൊണ്ടുവരികെ ബോംബർ വിമാനങ്ങൾ ആകാശത്ത് പറക്കുന്നതും പുടിൻ മുകളിലേക്ക് വീക്ഷിക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തു വന്നു. ജൂണിൽ ഇറാന്‍റെ ന്യൂക്ലിയർ സൈറ്റുകൾക്കുമേൽ നടത്തിയ ബോംബാക്രമണം പോലെ ശക്തമായ പ്രതിരോധ മേഖലകൾ കടന്ന് ആക്രമണം നടത്താൻ ശേഷിയുള്ളതാണ് യു.എസിന്‍റെ ഈ ബി2ബി ബോംബറുകൾ.
യു.എസ് സൈന്യത്തിന്‍റെ കൈവശമുള്ള ഏറ്റവും ചെലവേറിയ വിമാനമാണ് ബി2ബി ബോംബറുകൾ. ഓരോന്നിനും 2.1 ബില്യൺ ചെലവ് വരും. 1980കളിൽ നിർമിച്ചുതുടങ്ങിയ ബോംബർ വിമാനങ്ങളുടെ നിർമാണം സോവിയറ്റ് യൂണിയന്‍റെ തകർച്ചയോടെ അവസാനിച്ചു . സ്റ്റെൽത്ത് സാങ്കേതിക വിദ്യ ഉപയോഗിച്ച് നോർത്ത്രോപ്പ് ഗ്രുമ്മനാണ് ഇവ നിർമിച്ചത്.
ഒറ്റത്തവണ ഇന്ധനം നിറക്കലിൽ 6000 നോട്ടിക്കൽ മൈൽ വരെ ഇതിന് സഞ്ചരിക്കാനാകും. അതായത് യു. എസിന്‍റെ കോണ്ടിനെന്‍റൽ ബേസിൽ നിന്ന് ആഗോള തലത്തിൽ വലിയ പ്രത്യാഘാതം സൃഷ്ടിക്കാൻ ഇതിന് കഴിയും. 18,144 കിലോ ഭാരം വഹിക്കാൻ ശേഷിയുള്ളതാണ് ബി2ബി ബോംബറുകൾ. 16 ബി83 അണു ബോംബുകൾ വഹിക്കാനും ഇവക്ക് ശേഷിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.