യുവാക്കൾ യുദ്ധത്തിന് എതിര്; പ്രതിസന്ധിയിലായ യു.എസ് സൈന്യം പ്രായപരിധി ഉയർത്തുന്നു

വാഷിങ്ടൺ: സൈന്യത്തിൽ ചേരാൻ തൽപരരായ പൗരന്മാർക്കുള്ള പ്രായപരിധി 35 ൽ നിന്നും 42 ആക്കി ഉയർത്തി യു.എസ് സൈന്യം ഉത്തരവിറക്കി. കഴിഞ്ഞ കുറച്ചു വർഷങ്ങളായി സൈന്യത്തിലേക്ക് ആവശ്യത്തിന് യുവാക്കളെ ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ സുപ്രധാന തീരുമാനം. പരിഷ്കരിച്ച പുതിയ നിയമങ്ങൾ ഏപ്രിൽ 20 മുതൽ പ്രാബല്യത്തിൽ വരും.

പ്രായപരിധി ഉയർത്തിയതിന് പുറമെ നിയമന മാനദണ്ഡങ്ങളിലും സൈന്യം ഇളവുകൾ വരുത്തിയിട്ടുണ്ട്. മയക്കുമരുന്ന് കൈവശം വെച്ചതിനോ ലഹരിമരുന്ന് ഉപയോഗിച്ചതിനോ മുമ്പ് പിടിക്കപ്പെട്ടവർക്ക് സൈന്യത്തിൽ ചേരാൻ ഉണ്ടായിരുന്ന കടുത്ത നിയന്ത്രണങ്ങൾ നീക്കി. ഇവർക്ക് ഇനി പ്രത്യേക അനുമതിയില്ലാതെ തന്നെ സൈന്യത്തിൽ ചേരാൻ അപേക്ഷിക്കാം.

2024, 2025 വർഷങ്ങളിൽ ലക്ഷ്യം കൈവരിക്കാനായെങ്കിലും നിശ്ചയിച്ചതിലും വളരെ കുറച്ച് ആളുകൾ മാത്രമാണ് എത്തിയത്. 2022-ൽ 25 ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയത്. അമിതവണ്ണം, മയക്കുമരുന്ന് ഉപയോഗം, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവ കാരണം റിക്രൂട്ട്‌മെന്റിന് എത്തുന്ന പകുതിയിലധികം യുവാക്കളും അയോഗ്യരാക്കപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണമായി പറയുന്നത്. എന്നാൽ, യുദ്ധത്തോടുള്ള എതിർപ്പും നിയമനത്തെ ബാധിച്ചിട്ടുണ്ട്. നിലവിൽ ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന യുദ്ധത്തോടുള്ള യുവാക്കളുടെ കടുത്ത വിയോജിപ്പാണ് റിക്രൂട്ട്‌മെന്റിനെ പ്രതികൂലമായി ബാധിക്കാൻ കാരണം. യുദ്ധത്തിനിടയിലുള്ള പരിക്കുകൾ, മരണഭയം, പി‌.ടി‌.എസ്‌.ഡി തുടങ്ങിയ കാര്യങ്ങളും യുവാക്കളെ സൈനിക സേവനത്തിൽനിന്ന് പിന്തിരിപ്പിക്കാൻ കാരണമായിട്ടുണ്ട്.

അതേസമയം, പ്രായപരിധി ഉയർത്താനുള്ള തീരുമാനം ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ടതാണോ എന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇറാൻ യുദ്ധത്തെ പിന്തുണക്കുന്ന മധ്യവയസ്കരായ ആളുകൾക്ക് ഇനി സൈന്യത്തിൽ ചേരാൻ അവസരമുണ്ടല്ലോ എന്ന തരത്തിലുള്ള പരിഹാസങ്ങളും ഉയരുന്നുണ്ട്. 18 മുതൽ 29 വയസ്സുവരെയുള്ള യുവാക്കളിൽ ഭൂരിഭാഗവും അമേരിക്കയുടെ വിദേശ ഇടപെടലുകളെയും സൈനിക നീക്കങ്ങളെയും എതിർക്കുന്നവരാണ്.

പ്രായപരിധി ഉയർത്താനുള്ള തീരുമാനം യു.എസ് ആർമിക്ക് മാത്രമാണ് ബാധകം. എയർഫോഴ്സ്, നേവി, കോസ്റ്റ് ഗാർഡ്, സ്പേസ് ഫോഴ്സ് എന്നിവയിൽ നേരത്തെ തന്നെ 40 വയസ്സിന് മുകളിൽ ഉള്ളവർക്ക് പ്രവേശനം നൽകുന്നുണ്ട്. എന്നാൽ, മറൈൻ വിഭാഗത്തിൽ ഇപ്പോഴും പ്രായപരിധി 28 വയസ്സാണ്.

നിലവിൽ അമേരിക്കൻ സൈന്യത്തിൽ ഏകദേശം 13.2 ലക്ഷം സജീവ അംഗങ്ങളുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ ആളുകൾ ആർമിയിലാണ് (4.5 ലക്ഷം). പുതിയ പ്രായപരിധി നടപ്പിലാകുന്നതോടെ റിക്രൂട്ട്‌മെന്റ് മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പെന്റഗണിന്റെ പ്രതീക്ഷ. 

Tags:    
News Summary - US army decide to raise enlistment age to 42

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.