ദോഹ: അമേരിക്കയും ഇറാനും നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കണമെന്ന് ഖത്തറും ഈജിപ്തും ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ തമ്മിൽ വെള്ളിയാഴ്ച നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ അവസാനിച്ചുവെന്ന് ആവർത്തിച്ച് പ്രസ്താവിച്ചതിന് പിന്നാലെയാണ് ഖത്തർ-ഈജിപ്ത് വിദേശകാര്യ മന്ത്രിമാരുടെ ചർച്ച.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയും ഈജിപ്ത് വിദേശകാര്യ മന്ത്രി ഡോ. ബദർ അബ്ദെലാത്തിയുമാണ് ഫോൺ സംഭാഷണത്തിനിടെ എല്ലാ കക്ഷികളും നയതന്ത്രത്തിനും സംഭാഷണത്തിനും മുൻഗണന നൽകണമെന്നും ചർച്ചാമേശയിലേക്ക് മടങ്ങിവരണമെന്നും ആഹ്വാനം ചെയ്തത്.മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈജിപ്ത് വിദേശകാര്യ മന്ത്രി പ്രധാനമന്ത്രിയെ വിളിച്ചത്.
മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ വിശദമായി വിലയിരുത്തിയ ചർച്ചയിൽ, സഹോദര രാജ്യങ്ങളായ കുവൈത്ത്, ബഹ്റൈൻ, ജോർഡൻ എന്നിവടങ്ങൾക്ക് നേരെ ഉണ്ടായ ഇറാന്റെ ആക്രമണങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ചു. അന്താരാഷ്ട്ര കപ്പൽ ഗതാഗത മേഖലയായ ഹോർമുസ് കടലിടുക്കിൽ നിലനിൽക്കുന്ന നിരന്തരമായ സുരക്ഷാ ഭീഷണികളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.
മേഖലയിൽ സുരക്ഷയും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിനായുള്ള നയതന്ത്ര ശ്രമങ്ങൾ ചർച്ചയിൽ പ്രധാന വിഷയമായി. നിലവിലെ സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിനും, ഈ പ്രതിസന്ധി പ്രാദേശിക-അന്തർദേശീയ തലങ്ങളിൽ ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങൾ തടയുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള നിരന്തരമായ ഏകോപനവും സംയുക്ത നയതന്ത്ര നീക്കങ്ങളും തുടരേണ്ടതുണ്ടെന്ന് വിദേശകാര്യ മന്ത്രിമാർ അടിവരയിട്ട് വ്യക്തമാക്കി. രണ്ടു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും ഇരുവരും ചർച്ച ചെയ്തു.സൗദി അറേബ്യൻ വിദേശകാര്യമന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല അൽ സൗദ്, ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദി, യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സഇദ് അൽ നഹ്‌യാൻ, തുർക്കിയ വിദേശകാര്യമന്ത്രി ഹക്കാൻ ഫിദാൻ എന്നിവരുമായും ഖത്തർ പ്രധാനമന്ത്രി ഫോണിൽ ചർച്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.